കോഴിക്കോട്: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് കേരളത്തിൽ നിന്ന് 11,472 പേരെ തിരഞ്ഞെടുത്തു. ആകെ 43,115 അപേക്ഷകളാണ് ഈ വർഷം ലഭിച്ചത്. നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചത് 3,210 പേർക്കാണ്.
മന്ത്രി കെ.ടി. ജലീലിന്റെ നേതൃത്വത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിലാണ് നറുക്കെടുപ്പ് നടന്നത്. 43,115 അപേക്ഷകരിൽ ആദ്യമായി ഹജ്ജിന് അപേക്ഷിച്ച 70 വയസ് കഴിഞ്ഞ 1,199 പേർക്കും 45 വയസിന് മുകളിലുള്ള 2,011 സ്ത്രീകൾക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചു.
ശേഷിക്കുന്ന 39,905 പേർക്ക് വേണ്ടിയാണ് നറുക്കെടുപ്പ് നടത്തിയത്. ഹജ്ജിന് അവസരം ലഭിച്ചവരുടെ വിശദാംശങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ലഭിക്കും. ലഭ്യമാണ്. കൊച്ചിയിൽ നിന്നാണ് ആദ്യ വിമാനം പുറപ്പെടുക. നറുക്കെടുപ്പിന് ശേഷം പുറത്തായവരെ വെയിറ്റിംഗ് ലിസ്റ്റിലുൾപ്പെടുത്തി.
നിലവിൽ തിരഞ്ഞെടുക്കപ്പെട്ടവർ പിന്മാറുകയാണെങ്കിൽ ആ ഒഴിവിലേക്ക് ഇവരെ പരിഗണിക്കും. മൂന്ന് മാസം മാത്രം പ്രവർത്തിക്കുന്ന കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് വർഷം മുഴുവൻ പ്രവർത്തന സജ്ജമാക്കാനും യോഗം തീരുമാനിച്ചു.