തിരുവനന്തപുരം: ചോദ്യപേപ്പറിൽ അടിമുടി മാറ്രങ്ങളുമായി പരീക്ഷാ പരിഷ്കരണത്തിന് പി.എസ്.സി തയ്യാറെടുക്കുന്നു. പരീക്ഷകൾക്കായി ചോദ്യബാങ്കും മൂല്യനിർണയ കേന്ദ്രവും തുടങ്ങാൻ തയ്യാറെടുക്കുകയാണ് കേരള പബ്ലിക് സർവീസ് കമ്മിഷൻ. ഒരു ലക്ഷം വീതം ചോദ്യങ്ങളുൾപ്പെടുത്തിയ ചോദ്യബാങ്കാണ് തയ്യാറാക്കാൻ ആലോചിക്കുന്നത്. ഇതിൽ നിന്ന് കമ്പ്യൂട്ടർ വഴി തിരഞ്ഞെടുക്കുന്നവ അടങ്ങിയതാകും ചോദ്യാവലി.
നിലവിൽ യൂണിവേഴ്സിറ്റി അദ്ധ്യാപകരടങ്ങുന്ന വിദഗ്ദ്ധസമിതി നൽകുന്ന നാലുസെറ്റ് ചോദ്യത്തിൽ നിന്ന് നറുക്കിട്ട് എടുക്കുന്ന ഒരെണ്ണം പൊട്ടിച്ച് നോക്കാതെ ഗ്രാൻഡിംഗിന് നൽകുന്നതാണ് പതിവ്. ഇത് മൂലം ചോദ്യത്തിലെ അബദ്ധങ്ങൾ പിന്നീട് വിവാദമാകുന്നുണ്ട്. ഒരുലക്ഷം ചോദ്യങ്ങളും ഉത്തരവും തയ്യാറാക്കി പിഴവ് തീർത്താൽ പ്രശ്നങ്ങൾ ആവർത്തിക്കില്ലെന്നാണ് പി.എസ്.സിയുടെ കണക്കുകൂട്ടൽ. ചോദ്യങ്ങൾ മുൻകൂട്ടി പ്രസിദ്ധീകരിക്കുന്നതിനെക്കുഖിച്ചും പി.എസ്.സി ആലോചിക്കുന്നുണ്ട്.