2019-election

ലക്‌നൗ: രാജ്യഭരണത്തിൽ നിർണായക സ്വാധീനമാകുന്ന ഉത്തർ പ്രദേശിൽ സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ്‌വാദി പാർട്ടിയും ഒരുമിച്ച് മത്സരിക്കാൻ തീരുമാനിച്ചതോടെ കോൺഗ്രസിന് അടിപതറുമെന്ന് തോന്നിയവർക്ക് തെറ്റി. ഇരുപാ‌ർട്ടികളും ഒന്നിക്കാൻ തീരുമാനിച്ച തീരുമാനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള പാർട്ടി നേതാക്കളായ രാജ് ബബ്ബർ, പി.എൽ.പുനിയ, പ്രമോദ് തിവാരി, ഗുലാം നബി ആസാദ് തുടങ്ങിയവർ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി കോൺഗ്രസ് നേതൃത്വം അറിയിച്ചു. സ്ഥാനാർത്ഥി നിർണയം അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിന് അടുത്ത ദിവസങ്ങളിൽ തന്നെ യോഗം ചേരുമെന്നും കോൺഗ്രസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

കിഴക്കൻ ഉത്തർ പ്രദേശിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് കഴിഞ്ഞ വെള്ളിയാഴ്‌ച ചേർന്ന യോഗത്തിൽ അന്തിമ തീരുമാനമായിട്ടുണ്ട്. ബാക്കിയുള്ള സ്ഥലത്തെ സ്ഥാനാർത്ഥികളുടെ കാര്യം അടുത്ത ദിവസങ്ങളിൽ തീരുമാനിക്കും. തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനം പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി യു.എ.ഇയിൽ നിന്നും എത്തിയ ശേഷം നടക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ വിവിധ ജില്ലകളിലായി 11 യോഗങ്ങൾ നടക്കും.

അതേസമയം, കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിൽ അർത്ഥമില്ലെന്ന് വ്യക്തമാക്കിയാണ് കോൺഗ്രസിനെ ഒപ്പം കൂട്ടാതെ സമാജ്‌വാദി പാർട്ടിയും ബി.എസ്.പിയും ഒരുമിക്കാൻ തീരുമാനിച്ചത്. ഉത്തർപ്രദേശിലെ 80 ആകെയുള്ള സീറ്റുകളിൽ 38 എണ്ണത്തിൽ വീതം മത്സരിക്കാനാണ് ഇരുപാർട്ടികളുടെയും തീരുമാനം. യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ റായ്‌ബറേലിയിലും രാഹുൽ ഗാന്ധിയുടെ അമേത്തി മണ്ഡലത്തിലും സഖ്യമുന്നണിക്ക് സ്ഥാനാർത്ഥികൾ ഉണ്ടാകില്ലെന്നാണ് സൂചന. ഈ സീറ്റുകൾ മറ്റ് പാർട്ടികൾക്ക് വേണ്ടി മാറ്റി വയ്‌ക്കുന്നുവെന്നാണ് അഖിലേഷ് യാദവ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. എന്നാൽ ഏതൊക്കെ പാർട്ടികളാണ് ഇവിടെ മത്സരിക്കുകയെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായതുമില്ല. ഇത് കോൺഗ്രസിന് വേണ്ടി ഒഴിഞ്ഞ് കൊടുത്തതാണെന്ന വാദവും നിലനിൽക്കുന്നുണ്ട്.