ഹരിശ്രീ അശോകന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആദ്യ സിനിമ ആൻ ഇന്റർനാഷണൽ ലോക്കൽ സ്‌റ്റോറിയുടെ ടീസർ പുറത്തിറങ്ങി. നടൻ ദുൽഖർ സൽമാനാണ് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത്. സംവിധായകൻ ഹരിശ്രീ അശോകനും സംഘത്തിനും എല്ലാവിധ ആശംസകൾ നേർന്നുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് ടീസർ പുറത്തുവിട്ടത്. മലയാള സിനിമയിലെ മിക്ക കോമഡി താരങ്ങളും ആൻ ഇന്റർനാഷണൽ ലോക്കൽ സ്‌റ്റോറിയിൽ ഒന്നിക്കുന്നുണ്ടെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
എസ്. സ്‌ക്വയർ സിനിമാസിന്റെ ബാനറിൽ എം.ഷിജിത്ത്, ഷഹീര്‍ ഷാൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ മനോജ് കെ.ജയൻ, ടിനി ടോം, സൗബിൻ ഷാഹീർ, കലാഭവൻ ഷാജോൺ, സലീംകുമാർ, കുഞ്ചൻ, സുരേഷ് കൃഷ്ണ, നന്ദു, രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി, ബിജു കുട്ടൻ, ദീപക്, അശ്വിന്‍ ജോസ്,സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ തുടങ്ങിയ താരങ്ങളും വേഷമിടുന്നു.
സിനിമയിൽ ഒരു പ്രധാന വേഷത്തിൽ ഹരിശ്രീ അശോകനും അഭിനയിക്കുന്നുണ്ട്. രഞ്ജിത്ത്, ഇബൻ, സനീഷ് അലൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധാനം ഗോപി സുന്ദർ, നാദിർഷാ, അരുൺ രാജ് എന്നിവരാണ്.