ന്യൂഡൽഹി: പുതിയ സി.ബി.ഐ ഡയറക്ടർക്കായി കേരളത്തിലെ ഡി.ജി.പി ലോക്നാഥ് ബെഹ്റയെയും പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ പുതിയ സി.ബി.ഐ ഡയറക്ടർമാരെ കണ്ടെത്തുന്നതിനായി കേന്ദ്ര പേഴ്സണൽ മന്ത്രാലയം പുറത്തിറക്കിയ പത്തുപേരുടെ ചുരുക്കപ്പട്ടികയിൽ ബെഹ്റയുടെ പേരില്ലെന്നാമ് വിവരം.
.
ഡയറക്ടർ ജനറൽ റാങ്കിലുള്ള സീനിയർ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പേരുകളാണ് ചുരുക്കപ്പട്ടികയിലുള്ളത്. മുംബയ് പൊലീസ് കമ്മിഷണർ സുബോദ് കുമാര് ജയ്സ്വാൾ, യുപി ഡി.ജി.പി ഒ.പി സിംഗ്, എൻ.ഐ.ഐ ഡയറക്ടർ വൈ.സി മോദി എന്നിവരാണ് സാദ്ധ്യതാ പട്ടികയിൽ ഉള്ളത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ആഭ്യന്തര സുരക്ഷ വിഭാഗം സ്പെഷ്യൽ സെക്രട്ടറി റിന മിത്ര, സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ രാജീവ് റായ് ഭട്നഗർ, നാഷണൽ സെക്യൂരിറ്റ് ഗാർജ് ഡയറക്ടർ ജനറൽ സുദീപ് ലഖ്താക്കിയ, ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് മേധാവി എ.പി മഹേശ്വരി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി ആൻഡ് ഫോറൻസിക് സയൻസ് മേധാവി എസ്. ജാവേദ് അഹമ്മദ്, ബി.എസ്.എഫ് ഡയറക്ടർ ജനറൽ രജനീകാന്ത് മിശ്ര, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് മേധാവി എസ്.എസ് ദേസ്വാൾ എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ.
സീനിയോറിട്ടി, അഴിമതി കേസുകൾ അന്വേഷിച്ചുള്ള പ്രാഗത്ഭ്യം, സി.ബി.ഐ മുൻപരിചയം, വിജിലൻസ് കേസുകളിലെ പരിചയം എന്നിവയാണ് പ്രധാന മാനദണ്ഡങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീംകോടതി ജഡ്ജി എ.കെ സിക്രി, കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ എന്നിവർ ഉൾപ്പെട്ട ഉന്നതാധികാര സമിതിയാണ് പുതിയ സി.ബി.ഐ മേധാവിയെ തിരഞ്ഞെടുക്കുന്നത്.