പോത്തൻകോട് : ബി.ജെ.പി വീണ്ടും അധികാരത്തിൽ എത്താതിരിക്കാൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആരുമായും കൈകോർക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ പ്രവർത്തകർക്ക് പോത്തൻകോട് ലോക്കൽ കമ്മിറ്റി നൽകിയ സ്വീകരണ യോഗവും രാഷ്ട്രീയ വിശദീകരണ യോഗവും പോത്തൻകോട് ജംഗ്‌ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 2004 ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന അനുസരിച്ചേ ഏതൊരു സർക്കാരിനും പ്രവർത്തിക്കാനാവൂ എന്ന് അറിയാവുന്നവരാണ് സ്ത്രീ പുരുഷ സമത്വം അംഗീകരിച്ച രാജ്യത്ത് അതിനെതിരെ കലാപമുണ്ടാക്കുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളബി.ജെ.പിയുടെ പ്രഖ്യാപനങ്ങൾ കേരളത്തിൽ വിലപ്പോവില്ല. മോദി ഭരണം അഞ്ചുവർഷം തികയുമ്പോൾ നല്ല ദിനങ്ങളുണ്ടായത് ഇന്ത്യയിലെ കോർപറേറ്റുകൾക്കാണ്. ഒരു വർഷം രണ്ടു കോടി ജനങ്ങൾക്ക് തൊഴിൽ നൽകുമെന്നു പറഞ്ഞ ബി.ജെ.പിയുടെ ഭരണത്തിൽ ഒരു കോടി പത്ത്ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.