തൃശൂർ: ഭൂരിപക്ഷ വർഗീയതയെ വർഗീയമായി തന്നെ നേരിടാമെന്ന ചില ന്യൂനപക്ഷ വിഭാഗങ്ങളിലുളളവരുടെ ചിന്ത ആത്മഹത്യാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മതനിരപേക്ഷമായി വേണം വർഗീയതയെ എതിരിടാൻ. ന്യൂനപക്ഷവർഗീയത വളരുന്നത് ഭൂരിപക്ഷ വർഗീയതയ്ക്ക് വളം വയ്ക്കലാണ്. ഇടതുപക്ഷത്തോട് ചേർന്നുനിൽക്കുന്നതാണ് ന്യൂനപക്ഷങ്ങൾക്ക് ശരിയായ സുരക്ഷ നൽകുക. പ്രളയഘട്ടത്തിലുണ്ടായ ഒരുമ ഇല്ലാതാക്കുക മാത്രമാണ് ശബരിമലപ്രശ്നത്തിൽ പ്രതിപക്ഷവും സംഘ്പരിവാറും ലക്ഷ്യം വച്ചത്. ദുരന്തം ഉണ്ടായപ്പോഴും സംഘപരിവാർ യോജിച്ചുപ്രവർത്തിക്കാതെ വേറിട്ടുനിന്നു. പിന്നീട് കോൺഗ്രസും ഇതോടൊപ്പം ചേർന്നു. ബി.ജെ.പി അല്ലെങ്കിൽ തങ്ങൾ എന്നു നടിച്ചു നടക്കുന്നവർക്ക് ബി.ജെ.പിയുടെ നയം തന്നെയാണ് ഉള്ളത്. ഗോമാതാവിന്റെ കാര്യത്തിലും അയോദ്ധ്യയിലെ ക്ഷേത്രനിർമ്മാണത്തിന്റെ കാര്യത്തിലും കോൺഗ്രസും ബി.ജെ.പിയും പലയിടത്തും ഒറ്റക്കെട്ടായിരുന്നു. ബദൽ നയമാണ് രാജ്യത്തിനുവേണ്ടത്. ശക്തമായ പ്രാദേശിക പാർട്ടികളോട് ചേർന്നുകൊണ്ടുള്ളതാകണം അത്. മോദി സർക്കാരിനെതിരെ നടന്ന പണിമുടക്കിൽ ബി.എം.എസ് അടക്കമുളള എല്ലാ വിഭാഗങ്ങളും പങ്കെടുത്തുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, പി.കെ. ബിജു എം.പി, സി.പി.എം നേതാക്കളായ കെ. രാധാകൃഷ്ണൻ, ബേബി ജോൺ, ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, എൻ.ആർ. ബാലൻ, ബാബു എം. പാലിശേരി, കെ.പി. പോൾ, കെ.കെ. രാമചന്ദ്രൻ, പി.കെ. ഡേവിസ്, പി.കെ. ഷാജൻ, വർഗീസ് കണ്ടംകുളത്തി, ബാബു തച്ചനാടൻ, എൻ.എൻ. ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.