ദുബായ്: എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ തകർപ്പൻ ജയം നേടി ഇറാനും ഇറാഖും അടുത്ത റൗണ്ട് ഉറപ്പിച്ചു. ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ ഇറാഖ് മറുപടയില്ലാത്ത മൂന്ന് ഗോളുകൾക്ക് യെമനെയാണ് കീഴടക്കിയത്. മുഹമ്മദ് അലി , ബാഷർ റസാൻ, അല അബ്ബാസ് എന്നിവരാണ് ഇറാഖിനായി ഗോളുകൾ നേടിയത്. മത്സരത്തിൽ ബാൾ പൊസഷനിലും ഷോർട്ടുകളിലും പാസിംഗിലുമെല്ലാം യെമനെക്കാൾ ഏറെ മികച്ച പ്രകടനമാണ് ഇറാഖ് പുറത്തെടുത്തത്. ജയത്തോടെ ഇറാഖ് അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ചു. മറ്രൊരു മത്സരത്തിൽ വിയറ്ര്‌നാമിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഇറാനും പ്രീക്വാർട്ടറിൽ എത്തി. സർദാർ അസ്മൗ നേടിയ ഇരട്ട ഗോളുകളാണ് ഇറാന് ജയം സമ്മാനിച്ചത്. ഗ്രൂപ്പിൽ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിലും ജയിച്ച ഇറാനും ഇറാഖിനും ആറ് പോയിന്റ് വീതമാണ് ഉള്ളതെങ്കിലും ഗോൾ ശരാശരിയിൽ ഇറാനാണ് മുന്നിൽ. 16ന് ഇറാനും ഇറാഖും തമ്മിൽ ഏറ്രുമുട്ടും.