ദുബായ്: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിവാദത്തിൽ നേരത്തെയുണ്ടായിരുന്ന നിലപാട് മയപ്പെടുത്തി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. വിഷയത്തിൽ രണ്ട് പക്ഷത്തും ന്യായമുണ്ടെന്നും ഇതിൽ നിന്നും ജനങ്ങൾക്ക് തിരഞ്ഞെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുന്നില്ല. സ്ത്രീകൾക്ക് തുല്യപരിഗണന വേണമെന്ന കാര്യത്തിലും തർക്കമില്ല. എന്നാൽ അവിടുത്തെ ആചാരങ്ങളും സംരക്ഷിക്ഷണം. ശബരിമല യുവതീ പ്രവേശനത്തിൽ തുടക്കത്തിലുണ്ടായിരുന്ന നിലപാടല്ല ഇപ്പോൾ തനിക്കുള്ളത്. കേരളത്തിലെ നേതാക്കന്മാരുമായി സംസാരിച്ചപ്പോഴാണ് തനിക്ക് ഇക്കാര്യത്തിലെ സങ്കീർണത മനസിലായത്. ശബരിമല വിഷയത്തിൽ ഇരുപക്ഷത്തും ന്യായമുണ്ട്. ബാക്കിയൊക്കെ കേരളത്തിലെ ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.ഇയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ പ്രായ വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകൾക്കും പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധി രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് ദേശീയ നേതാക്കൾ സ്വാഗതം ചെയ്തിരുന്നു. ചില ദേശീയ നേതാക്കൾ ഇക്കാര്യം പരസ്യമായി തന്നെ പറയുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ യുവതീ പ്രവേശനത്തിനെതിരെ രംഗത്തെത്തുകയും തങ്ങൾ വിശ്വാസികൾക്കൊപ്പമാണെന്ന നിലപാട് ഉയർത്തുകയും ചെയ്തിരുന്നു.