padmanabha-swami-temple-

തിരുവനന്തപുരം: ചൊവ്വാഴ്ച ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്റി നരേന്ദ്ര മോദി ദർശനത്തിനും സ്വദേശി ദർശൻ പദ്ധതിയുടെ ഉദ്ഘാടനത്തിനുമായി 20 മിനി​ട്ട് ചെലവഴിക്കും. കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം നടത്തി അവിടെ ബി.ജെ.പി പൊതുസമ്മേളനത്തിലും പങ്കെടുത്ത് ഹെലികോപ്​റ്ററിൽ തിരുവനന്തപുരത്തെത്തും. രാത്രി 7.20 മുതൽ 7.40 വരെ പ്രധാനമന്ത്രി ക്ഷേത്രത്തിലുണ്ടാവും.

പ്രധാനമന്ത്റിയുടെ സന്ദർശനത്തിനു മുന്നോടിയായി എസ്‌.പി.ജിയുടെ സുരക്ഷാ അവലോകന യോഗം ഇന്ന് ഉച്ചയ്ക്ക് 12നു നടക്കും. എസ്.പി.ജി ഡയറക്ടറും കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനുമായ അരുൺകുമാർ സിൻഹയ്ക്കാണ് സുരക്ഷാ ചുമതല. വടക്കേനട വഴിയാണ് പ്രധാനമന്ത്റി ദർശനം നടത്തുന്നത്. ഇതുവഴി തന്നെയാകും മടക്കവും. പൊതുസമ്മേളനം ഇല്ലാത്ത സാഹചര്യത്തിൽ ക്ഷേത്ര എക്‌സിക്യൂട്ടിവ് ഓഫീസറുടെ മുറിയാണ് സ്വദേശി ദർശൻ പദ്ധതിയുടെ ഉദ്ഘാടന വേദിയായി നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. ഇന്ന് സുരക്ഷാ യോഗത്തിനു ശേഷമേ അന്തിമ തീരുമാനമാകൂ.

ചടങ്ങിൽ ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്റി അൽഫോൺസ് കണ്ണന്താനം, മന്ത്റി കടകംപള്ളി സുരേന്ദ്രൻ, ശശി തരൂർ എം.പി, വി.എസ്. ശിവകുമാർ എം.എൽ.എ, മേയർ വി.കെ. പ്രശാന്ത് എന്നിവരും പങ്കെടുക്കും.