rahul-gandhi

ദുബായ്: ഉത്തർപ്രദേശിൽ അഖിലേഷ് യാദവും മായാവതിയും തമ്മിൽ സഖ്യമുണ്ടാക്കാനുള്ള തീരുമാനം ബി.ജെ.പിയെ നേരിടുന്നതിൽ കോൺഗ്രസിന് തിരിച്ചടിയല്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ഇരുപാർട്ടികൾക്കും സഖ്യമുണ്ടാക്കാനുള്ള അവകാശമുണ്ട്. എന്നാൽ ഉത്തർപ്രദേശിൽ കോൺഗ്രസ് ശക്തമായ പോരാട്ടം നടത്തും. തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോൾ എല്ലാവരും ഞെട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.ഇയിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഓരോ സംസ്ഥാനത്തും രാഷ്ട്രീയ സാഹചര്യങ്ങൾ വ്യത്യാസമാണ്. പരമാവധി സ്ഥലങ്ങളിലും സഖ്യമുണ്ടാക്കാൻ ശ്രമിക്കും. എല്ലാവർക്കും സഖ്യമുണ്ടാക്കാനുള്ള അവകാശമുണ്ട്. അത് കോൺഗ്രസിന് തിരിച്ചടിയാകില്ല. ഉത്തർപ്രദേശിന്റെ കാര്യത്തിൽ അവർ തീരുമാനത്തിലെത്തി. ഇനി കോൺഗ്രസിന്റെ തീരുമാനമുണ്ടാകും. മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ട് തന്നെ കോൺഗ്രസ് ഉത്തർപ്രദേശിൽ പോരാട്ടത്തിനിറങ്ങും. ബി.ജെ.പി അധികാരത്തിലെത്തിയില്ലെങ്കിൽ തനിക്ക് അഖിലേഷ് -മായാവതി സഖ്യത്തിൽ കുഴപ്പമൊന്നുമില്ല. ഒരിക്കൽ കൂടി കോൺഗ്രസ് അധികാരത്തിലെത്തിയാൽ സുപ്രീം കോടതി, സി.ബി.ഐ എന്നിവയ്‌ക്ക് നഷ്‌ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുമെന്നും രാഹുൽ വ്യക്തമാക്കി.