സിനിമ പരാജയപ്പെട്ടതിനെ തുടർന്ന് നായികയായി അഭിനയിച്ച തന്റെ പ്രതിഫലത്തുക തിരിച്ച് നൽകി നടി സായ് പല്ലവി. തെലുങ്ക് ചിത്രത്തിന്റെ പരാജയത്തെ തുടർന്നാണ് താരം നിർമ്മാതാവിന് പ്രതിഫലം തിരിച്ച് നൽകിയത്. സംവിധായകൻ ഹനു രാഘവപുഡിന്റെ 'പടി പടി ലെച്ചേ മനസു’ എന്ന ചിത്രമാണ് തിയറ്ററുകളിൽ വിജയിക്കാതെ പോയത്. ചിത്രത്തിലെ പാട്ടുകൾ ഏറെ ശ്രദ്ധ നേടിയെങ്കിലും സിനിമ ബോക്സോഫീസിൽ പരാജയമായിരുന്നു. ചിത്രത്തിൽ തെലുങ്ക് താരം ശർവാനന്ദാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.
ഏകദേശം 22 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച സിനിമയ്ക്ക് തിയേറ്ററുകളിൽ നിന്ന് എട്ടു കോടി രൂപ മാത്രമാണ് ലഭിച്ചത്. പ്രതിഫലത്തിന്റെ മുൻകൂർ തുക കുറച്ച് സായ് പല്ലവി നേരത്തെ വാങ്ങിയിരുന്നു. ബാക്കി തുക നൽകാനായി നിർമ്മാതാക്കൾ സമീപിച്ചപ്പോൾ തുക വേണ്ടെന്ന് വയ്ക്കുകയായിരുന്നു. 40 ലക്ഷം രൂപയാണ് സായ് പല്ലവിക്ക് പ്രതിഫലമായി ലഭിക്കേണ്ടിയിരുന്നത്. ഇതിന്റെ ഭൂരിഭാഗം തുകയും താരം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
തുടർന്ന് സിനിമാ മേഖലയിലെ നിരവധി നിർമ്മാതാക്കളാണ് സായ് പല്ലവിയെ പ്രകീർത്തിച്ച് രംഗത്ത് വന്നത്. ഈ പ്രവർത്തിയെ അഭിനന്ദിച്ച് കൊണ്ട് താരത്തിന്റെ ആരാധകർ സോഷ്യൽ മീഡിയയിലൂടെ ആഘോഷിക്കുകയാണ്.