നടനും നർത്തകനും എന്ന നിലയിൽ ഏറെ ശ്രദ്ധനേടിയ യുവതാരമാണ് നീരജ് മാധവ്. സഹതാരമായും ഹാസ്യതാരമായും സിനിമയിൽ എത്തിയ നീരജ് മാധവ് നായകനായും തിളങ്ങിയിരുന്നു. ഇപ്പോഴിതാ സംവിധായകനായും താരം രംഗത്തെത്തുന്നു. സഹോദരൻ നവനീത് മാധവിനൊപ്പം ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നീരജ് മാധവ്. തന്റെ ആയിരാമത്തെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സംവിധായകനാകുന്ന വിവരം താരം അറിയിച്ചത്.
സംവിധായകനാകണമെന്ന മോഹവുമായി എത്തി നടനായ ആളാണ് താനെന്നും സഹോദരൻ നവനീത് മാധവിനൊപ്പം ഈ വർഷം സിനിമ സംവിധാനം ചെയ്യുമെന്നും നീരജ് അറിയിച്ചു. ഏറെ നാളായി നീരജിന്റെ മനസിലുണ്ടായിരുന്ന ത്രെഡാണ് സിനിമയാകുന്നതെന്ന് നവനീത് പറഞ്ഞു. സംഗീതത്തിനും ആക്‌ഷനും പ്രാധാന്യമുള്ളതായിരിക്കും ചിത്രം. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും ഇവർ അറിയിച്ചു.