പ്രിയപ്പെട്ട ബാർബി,
നിനക്ക് അറുപതാം പിറന്നാളാവുന്നു. വിശ്വസിക്കാനാകുന്നില്ല. കാലം എത്ര പെട്ടെന്നാണ് ഒഴുകിപ്പോയത്. നമ്മൾ ഒന്നിച്ചു കളിച്ചതും കുസൃതി കാട്ടിയതും വളർന്നതും നിനക്ക് ഓർമ്മയുണ്ടോ? പിറന്നാൾ മധുരം പങ്കുവയ്ക്കുന്നതിനിടെ നിന്നോട് ഒരു സ്വകാര്യം പറയട്ടെ. നിന്നോട് അന്നത്തെ അതേ ഇഷ്ടമാണിന്നും ഞങ്ങൾക്ക്. ഞങ്ങൾ എന്നു പറഞ്ഞാൽ എന്നെ പോലെയുള്ള ലോകത്തെ ആയിരമായിരം പെൺകുട്ടികൾക്ക്. എത്ര ഭാഗ്യവതിയാണ് നീയെന്ന് അറിയുന്നുണ്ടോ. പെൺകുട്ടികൾ മാത്രമാണോ ആരാധകരെന്ന് ഓർത്ത് നീ കണ്ണുരുട്ടേണ്ട. ആൺകുട്ടികൾക്കും നിന്നെ ഇഷ്ടം തന്നെ. എന്നാലും നിന്നെ കുറച്ചധികം സ്നേഹിക്കുന്നത് ഞങ്ങൾ പെൺകുട്ടികൾ തന്നെയാണ്. നീ വെറും കളിക്കൂട്ടുകാരി മാത്രമായിരുന്നില്ലല്ലോ ഞങ്ങൾക്ക്. ചേച്ചിയും അനിയത്തിയും കൂടപ്പിറപ്പും അങ്ങനെ പ്രിയപ്പെട്ട ആരൊക്കെയോ ആയിരുന്നു. ഊണിലും ഉറക്കത്തിലുമെല്ലാം ഞങ്ങളോടൊപ്പമുള്ളപ്പോൾ സത്യത്തിൽ ഞാൻ തന്നെയാണ് നീ എന്നാണ് തോന്നിപ്പോകുന്നത്. നിന്റെ പിറന്നാൾ ഞങ്ങളുടെയും പിറന്നാളാണ്. കുട്ടിക്കാലത്ത് ഒറ്റപ്പെട്ടു പോകാതെ നീയാണ് ഞങ്ങളെ ചേർത്തു പിടിച്ചിരുന്നത്. അച്ഛനും അമ്മയും കഴിഞ്ഞാൽ ഞങ്ങളേറ്റവുമധികം സ്നേഹിച്ചിരുന്നത് നിന്നെയല്ലേ, ചിലപ്പോൾ അവരേക്കാളധികവും.
ഇനി കുറച്ച് സ്വകാര്യം പറയട്ടെ. സ്വർണ നിറത്തിലുള്ള നിന്റെ മുടിയിഴകൾ ചീകിമിനുക്കിയും കുസൃതിയൊളിപ്പിച്ച വെള്ളാരംകണ്ണുകളിൽ കരിമഷിയെഴുതിയും കുഞ്ഞിച്ചുണ്ടിൽ ചായം പൂശിയുമെല്ലാം എത്രയോ വട്ടം നിന്റെ കൂടെ നടന്നിട്ടുണ്ട്. പലപ്പോഴൊക്കെ ഒരുക്കി ഒരുക്കി നിന്റെ സുന്ദരമായ മുഖത്തെ വികൃതമാക്കുകയും ചെയ്തിരുന്നു. എന്നിട്ടും നീ അതിലൊന്നും പരിഭവിച്ചിട്ടില്ല. ആ മുഖത്തെ പുഞ്ചിരി ഒരിക്കലും മാഞ്ഞുപോയിട്ടുമില്ല.
നിന്നോട് ഇടയ്ക്ക് അസൂയയും തോന്നിയിരുന്നു. അത്രയധികം നിറപ്പകിട്ടുള്ള ഭംഗിയുള്ള ഉടുപ്പുകളല്ലേ നിന്നെ സുന്ദരിയാക്കിയിരുന്നത്. പാവാടക്കാരിയായും നീളൻ ഗൗണിലും ജീൻസും ടോപ്പുമിട്ടും ഫ്രോക്കണിഞ്ഞുമെല്ലാം നീ കൊതിപ്പിച്ചതിന് കൈയും കണക്കുമുണ്ടോ. ആ സ്വർണതലമുടി കണ്ട് അതേ പോലെയുള്ള മുടി കിട്ടിയിരുന്നെങ്കിലെന്ന് എത്രവട്ടം അസൂയപ്പെട്ടിരിക്കുന്നു. പിന്നെ ആ പളുങ്കുപോലെത്തെ രണ്ടു കണ്ണുകൾ.. ആഹാ... എന്തു സുന്ദരിയാ നീ.. നിന്നെ പോലെയാകാൻ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു. വെളുത്ത് മെലിഞ്ഞ് നല്ല ഉയരത്തിലങ്ങനെ നടക്കുന്നതും സ്വപ്നം കണ്ട് എത്രയോ രാത്രികളിൽ ഉറക്കം പിടിച്ചിരുന്നു. ചേലൊത്തെ മൂക്കും ചുവപ്പണിഞ്ഞ ചുണ്ടും കണ്ട് കരുതിയിരുന്നു നിന്നെ പോലെ സുന്ദരിയാണ് ഞാനുമെന്ന്. അതുവരെ ഞാൻ കരുതിയിരുന്നത് വെളുത്തവരാണ് സുന്ദരികളെന്നായിരുന്നു. എന്നാൽ, ഇടയ്ക്കെപ്പോഴോ കറുപ്പ് നിറത്തിൽ വന്ന് നീയെന്നെ ഞെട്ടിച്ചിരുന്നു. അതുവരെ വെളുപ്പിനെ ഭൂമിയിലെ ഏറ്റവും മനോഹരമായ നിറമായി കരുതിയിരുന്ന ഞങ്ങളെ കറുപ്പിനും അഴകുണ്ടെന്ന് പഠിപ്പിച്ചതും പ്രിയപ്പെട്ട ബാർബി നീ തന്നെയായിരുന്നു.
രാവിലെ ഉണർന്നാൽ ആദ്യം നോക്കിയിരുന്നത് നീ അടുത്തില്ലേ എന്നായിരുന്നു. അമ്മ കുളിപ്പിച്ചൊരുക്കാനായി വരുമ്പോൾ നിന്നെയും കുളിപ്പിക്കണമെന്ന് പറഞ്ഞ് വാശിപിടിച്ച് കരയുമായിരുന്നു. എന്നിട്ട് ആരുമറിയാതെ വെള്ളത്തിൽ കൊണ്ടു പോയി നിന്നെ കുളിപ്പിക്കാൻ നോക്കിയപ്പോൾ സ്വർണത്തലമുടിയാകെ നനഞ്ഞ് വൃത്തികേടാക്കിയതിന് അമ്മയുടെ കയ്യിൽ നിന്ന് നല്ല അടി കിട്ടിയത് ഇന്നുമെന്നതു പോലെ ഓർമ്മയിലുണ്ട്. അന്ന് എന്റെ കരച്ചിൽ ചിരിയായി മാറിയത് ആരും കാണാതെ നീ എന്നെ കണ്ണടച്ചു കാണിച്ചപ്പോഴായിരുന്നല്ലോ. അല്ലെങ്കിലും കുസൃതി കാണിക്കാൻ നീയായിരുന്നു എന്നേക്കാൾ കേമി.
പണ്ടും നീ തന്നെ സുന്ദരി. ക്ളാസിലെ കൂട്ടുകാർ ഇടയ്ക്ക് കളിപ്പാട്ടങ്ങളുമായി വന്ന് ഞെട്ടിക്കുമായിരുന്നു. അങ്ങനെ വിട്ടുകൊടുക്കാൻ പാടില്ലല്ലോ. ഒരു ദിവസം ഞാനും എന്റെ പ്രിയപ്പെട്ട പാവക്കുട്ടിയെ ആരും കാണാതെ സ്കൂൾ ബാഗിൽ ഒളിപ്പിച്ച് കൊണ്ടു പോയിട്ടുണ്ട്. നിനക്ക് ഓർമ്മയുണ്ടോ, ക്ളാസിലെ തടിച്ച ആ കുട്ടി പാട്ടുകേൾക്കുമ്പോൾ തലയാട്ടുന്ന പാവക്കുട്ടിയുമായി വന്നു പത്രാസ് കാണിച്ചപ്പോൾ വീട്ടിൽ ചെന്ന് ഞാൻ വഴക്കുണ്ടാക്കിയ കാര്യം. ദിവസങ്ങൾ നീണ്ട വാശിക്കണ്ണീരിൽ ഒടുവിൽ അച്ഛൻ വീണു, അടുത്ത പിറന്നാളിന് അതിനേക്കാൾ ഗംഭീരമായ തലയാട്ടിപ്പാവ എന്റെ കൈകളിലെത്തി. അന്ന് നീ എനിക്ക് വേണ്ടി ഒളിപ്പിച്ച കൗതുകങ്ങൾ ഇന്ന് ഈ പ്രായത്തിലും ഞാൻ മറന്നിട്ടില്ല. കാൽത്തുമ്പുവരെ നീണ്ടു കിടക്കുന്ന നിന്റെ പിങ്ക് ഗൗണിനടിയിലായി ആരും കാണാതെ ഒരു സ്വിച്ചുണ്ടായിരുന്നു. അതൊന്നു തൊട്ടാൽ നിന്റെ വിസ്മയ നൃത്തം കൺമുന്നിൽ. അതു കണ്ട് ഞാനും ചുവട് വയ്ക്കുമായിരുന്നില്ലേ. എന്തു രസമായിരുന്നു ആ കാലം.
ബാർബീ... നീയെത്ര ഭാഗ്യവതിയാണ്. നീ ഇന്നും അതേപോലെയിരിക്കുന്നു. പ്രായം നിന്നെ തൊട്ടുനോക്കിയിട്ടു പോലുമില്ല. അതേ ഭംഗിയുള്ള കണ്ണുകൾ... അതേ ചുണ്ടുകൾ.. ഇടയ്ക്കിടെ നിന്റെ മുടിയിൽ വരുത്തുന്ന പുതുതരംഗങ്ങളല്ലാതെ നിനക്കിന്നും ഒരു മാറ്റവുമില്ല. പ്രായവും നിന്റെ കൂട്ടുകാരിയായിക്കഴിഞ്ഞോ എന്നാണ് എന്റെ സംശയം. നിന്റെ ഓമനത്തം തുളുമ്പുന്ന മുഖത്തെ ആ പുഞ്ചിരി അതേ പ്രസരിപ്പോടെ ഇനിയും ആയിരം വർഷങ്ങൾ തുടരട്ടെ എന്ന് ഞാൻ ആശംസിക്കുന്നു, പ്രിയ കൂട്ടുകാരി.
നിനക്ക് വേണ്ടി ആശംസകൾ നേരാനായി ഒരുപാട് പേർ എന്നെ പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട്. അവർക്കുവേണ്ടി മാത്രമല്ല, ലോകമെങ്ങുമുള്ള നിന്റെ കൂട്ടുകാർക്ക് വേണ്ടിയും ആരാധകർക്ക് വേണ്ടിയുമാണ് ഈ അക്ഷരങ്ങൾ. നിന്റെ സൗഹൃദം ലോകമെങ്ങും നിറയട്ടെ, മക്കളും അവരുടെ മക്കളും പേരക്കുട്ടികളുമായി വരുന്ന തലമുറകളൊക്കെ നിനക്കും പ്രിയപ്പെട്ടതാകട്ടെ.
നിറയെ ചക്കരയുമ്മകളുമായി... നിന്റെ അനേകായിരം കൂട്ടുകാരിൽ ഒരുവൾ.
കഥ പോലൊരു ജീവിതം
ആരെയും മയക്കും നിഷ്കളങ്കമായ പുഞ്ചിരി, കുസൃതിക്കണ്ണുകളിലെ തീരാതിളക്കം. ബാർബി എന്ന ഓമനപേരിലറിയപ്പെടുന്ന പാവ ലോകമെങ്ങുമുള്ള കുഞ്ഞുങ്ങളുടെ പ്രിയ കൂട്ടുകാരിയാണ്. ബാർബി അവരുടെ സ്വപ്നങ്ങളുടെ രാജകുമാരിയായി മാറിയത് നീണ്ടൊരു യാത്രയിലൂടെയാണ്. സത്യം പറഞ്ഞാൽ അറുപത് വർഷങ്ങളുടെ പ്രസരിപ്പുണ്ട് ആ മിടുക്കിയുടെ ഓമനത്തത്തിന്. നൂറ്റമ്പത് രാജ്യങ്ങളിലായി ഓരോ വർഷവും അമ്പത്തിയെട്ടു ബില്യൺ പാവകളാണ് വിറ്റഴിയുന്നത്. ലോകമെങ്ങുമുള്ള പെൺകുട്ടികളുടെ പ്രിയങ്കരിയായ ബാർബിയ്ക്കും അത്ഭുതപ്പെടുത്തുന്ന ഒരു ജീവിത കഥയുണ്ട്.
അമേരിക്കയാണ് 'ബാർബിഗേളി"ന്റെ സ്വദേശം. അമ്മ റൂത്ത് ഹാൻഡ്ലർ. ലോസ് ഏഞ്ചൽസിലെ മാറ്റൽസ് ഡിസൈൻ സ്റ്റുഡിയോയുടെ സ്ഥാപകരിലൊരാളാണ് റൂത്ത്. തന്റെ മകൾക്ക് വേണ്ടിയായിരുന്നു റൂത്ത് ബാർബി എന്ന സ്വപ്നം കണ്ടു തുടങ്ങിയത്. റൂത്തിന്റെ മകൾ ബാർബറയ്ക്ക് സ്വന്തമായി വളരെ കുറച്ച് കളിപ്പാട്ടങ്ങളേ ഉണ്ടായിരുന്നുള്ളൂ. അതു വരെ വിപണിയിൽ ലഭിച്ചിരുന്ന കളിപ്പാട്ടങ്ങൾ തീരെ ചെറിയ കുട്ടികൾക്ക് വേണ്ടിയുള്ളതായിരുന്നു. മകളുടെ ഏറ്റവുമടുത്ത കളിക്കൂട്ടുകാർ അവളുടെ പ്രിയപ്പെട്ട പാവക്കുട്ടികളാണെന്ന് ആ അമ്മയ്ക്ക് നന്നായി അറിയാമായിരുന്നു.ദിവസവും അവരെ നല്ല നല്ല വസ്ത്രങ്ങളണിയിച്ച്, അണിയിച്ചൊരുക്കി അവൾ സുന്ദരികളാക്കി മാറ്റുന്നത് റൂത്ത് എന്നും കൗതുകത്തോടെ കണ്ടു നിൽക്കും. അവൾ വളരാൻ തുടങ്ങിയപ്പോഴും പാവകളോടുള്ള പ്രണയം ഉപേക്ഷിച്ചിരുന്നില്ല. പക്ഷേ, പാവകൾ അവളേക്കാൾ ചെറുതായി മാറുകയും ചെയ്തു.
അങ്ങനെയാണ് അവരിൽ നിന്നെല്ലാം വ്യത്യസ്തയായി ഒരു കൗമാരക്കാരിയെ അവതരിപ്പിക്കണമെന്ന ചിന്ത റൂത്തിന്റെ മനസിലേക്ക് കടന്നു വരുന്നത്. പിന്നീട് അതിനുള്ള അന്വേഷണത്തിലായി റൂത്ത്. ആ യാത്രയ്ക്കൊടുവിൽ റൂത്ത് എന്തുകൊണ്ടും ഒരു കൗമാരക്കാരിയെയാണ് വേണ്ടതെന്ന സത്യം തിരിച്ചറിയുകയും അത് മനസിലുറപ്പിക്കുകയും ചെയ്തു. റൂത്തിന്റെ തന്നെ മാറ്റൽസ് സ്റ്റുഡിയോയാണ് ബാർബിക്ക് ആദ്യമായി ജന്മം നൽകിയത്. സുന്ദരിപ്പാവയെ എന്തു വിളിക്കണമെന്ന കാര്യത്തിൽ റൂത്തിന് രണ്ടാമതൊന്ന് ആലോചിക്കാനേ ഉണ്ടായിരുന്നില്ല. ആ പാവ രൂപം കൊണ്ടതു തന്നെ റൂത്തിന്റെ പ്രിയപ്പെട്ട മകൾക്ക് വേണ്ടിയായിരുന്നു, ബാർബറ എന്ന പേരിൽ ചെറിയ മാറ്റം വരുത്തി ബാർബി എന്ന ഓമനപ്പേര് തന്നെ നൽകി. അങ്ങനെ 1959 മാർച്ച് 9ന് ആദ്യ ബാർബി ലോകത്തിന് മുന്നിൽ അവതരിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ വലിയ കൈയ്യടിയായിരുന്നു ബാർബിക്കന്ന് കിട്ടിയത്. ഇന്നവൾ ലോകത്തിന് തന്നെ പ്രിയപ്പെട്ട ബാർബിയായി. ആറു പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും ബാർബിയ്ക്ക് കാര്യമായ മാറ്റങ്ങളില്ല. മുടിയിലും നിറത്തിലും വസ്ത്രത്തിലുമല്ലാതെ മറ്റൊരു മാറ്റം വരുത്താനും ബാർബിയുടെ കുടുംബം ഇതുവരെയും തയ്യാറായിട്ടില്ല എന്നു പറയുന്നതാകും കൂടുതൽ യോജിക്കുക. ആദ്യം ബാർബിയുടെ ഒരു സ്കെച്ച് തയ്യാറാക്കുകയാണ് ചെയ്യുന്നത്. പിന്നീട് ത്രി ഡി സാങ്കേതിക വിദ്യ വരെ ഉപയോഗിച്ചാണ് ബാക്കി ഡിസൈൻ പൂർത്തിയാക്കുന്നത്. ഏതാണ്ട് ഒരു വർഷം മുതൽ ഒന്നരവർഷം വരെ സമയമെടുക്കും ഇങ്ങനെയുള്ള പാവയെ രൂപപ്പെടുത്താൻ. ചൈനയിലെയും ഇന്തോനേഷ്യയിലെയും ഫാക്ടറികളിലാണ് ഈ ഡിസൈൻ രൂപപ്പെടുത്തുന്നത്. അവിടെ നിന്നുമാണ് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് ബാർബി യാത്ര തിരിക്കുന്നത്.
ഇന്നും കുട്ടികളുടെ പ്രിയപ്പെട്ട കളിക്കൂട്ടുകാരിയായി ഈ പതിനാറുകാരിയുണ്ട്. പ്രായമേൽക്കാതെ, സൗന്ദര്യത്തിന് അല്പം പോലും കോട്ടം തട്ടാതെ അവൾ ലോകമെങ്ങും യാത്ര തുടരുകയാണ്. ബാർബിയെ തേടിവരുന്നവരുടെ കൂട്ടത്തിൽ കുഞ്ഞുങ്ങൾ മാത്രമല്ല, കൗമാരക്കാരും മുതിർന്നവരും ഒക്കെയുണ്ട്. പ്രായം മറന്ന ഇഷ്ടമാണ് എല്ലാവർക്കും അവളോട്. ബാർബിപ്പാവകളെ ശേഖരിക്കുന്നവരും കുറവല്ല. വെറുമൊരു പാവയല്ല അവൾ, സ്നേഹത്തിന്റെ, അടുപ്പത്തിന്റെ, ആരാധനയുടെ, വാത്സല്യത്തിന്റെ ചിരപ്രതീകം എന്നു തന്നെ പറയാം. കോടിക്കണക്കിന് ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞ ഒരു താരസുന്ദരിയെന്നു കൂടി പറയേണ്ടി വരും. ബാർബറ മിലിസെന്റ് റോബർട്ടെന്നാണ് ബാർബിയുടെ മുഴുവൻ പേര്. ബാർബിയ്ക്ക് കൂട്ടായി നാല് സഹോദരിമാരേയും ഒരു സഹോദരനേയും റൂത്തിന്റെ കമ്പനി അവതരിപ്പിച്ചിരുന്നു. പിന്നീട് കെൻ എന്ന ബോയ്ഫ്രണ്ടിനെയും വിപണയിലെത്തിച്ചു. പ്രണയം കൈമാറാൻ ഇന്നും പലരും ബാർബിയെയും കെന്നിനെയും കൂട്ട് പിടിക്കുന്നുണ്ട്. പ്രണയദിനത്തിൽ ഏറ്റവും മികച്ച പ്രണയസമ്മാനമായി നൽകുന്നതും ഇരുവരെയുമാണ്.
ഈ ലോകം മുഴുവനും ഇന്നൊരു പാവയോടുള്ളസ്നേഹച്ചുവട്ടിലാണെങ്കിൽ അത്രമേൽ അവളെയീ ലോകം സ്നേഹിക്കുന്നുവെന്നല്ലേ പറയേണ്ടത്.. അറുപതിലും ബാർബി കൂടുതൽ ചെറുപ്പമാകുകയാണ്.