ഖിന്നയാം വിശ്വംഭരേ, ദു:ഖമേലുന്ന
നിന്നിലും നിന്റെ ജനത്തിലും
കൂറിനാൽ ഇന്ന് ഞാൻ
കൈവെടിഞ്ഞീടുന്നു സർവവും
സമയം അർദ്ധ രാത്രി. കപിലവസ്തു രാജകൊട്ടാരം സുഖസുഷുപ്തിയിൽ. കൊട്ടാരത്തിലെ സർവ്വ സുഖഭോഗങ്ങളും ആടയാഭരണങ്ങളും വെടിഞ്ഞ് ഭിക്ഷാംദേഹിയായി കൊട്ടാരം വിട്ടിറങ്ങുന്നതിന് മുമ്പ് സിദ്ധാർത്ഥ രാജകുമാരൻ, പ്രിയതമ യശോധരയുടെ കിടക്കയ്ക്ക് അരികിൽ ചെന്നുനിന്നു. പ്രാണപ്രേയസിയുടെ നിദ്രയ്ക്ക് ഭംഗം വരുത്താതെ മെല്ലെ വിട ചൊല്ലുന്നതാണ് രംഗം.
വെളുത്ത് കൊലുന്നനെയുള്ള ആ 19കാരന്റെ ചടുലമായ വാഗ്ധോരണിയും ഇമ്പമാർന്ന പാട്ടും കേട്ട് ആലപ്പുഴ പാട്ടുകുളം ക്ഷേത്രമൈതാനിയിൽ തടിച്ചുകൂടിയിരുന്ന വൻ ജനക്കൂട്ടം ഒന്നിളകി ഇരുന്നു. 'കൊള്ളാമല്ലോ പയ്യൻ" അവരിൽ മുതിർന്നവർ പരസ്പരം പറഞ്ഞു. ഉത്സവപ്പറമ്പിന്റെ ഒരരികിൽ തൈമാവിൻ ചുവട്ടിൽ കസേരയിട്ടിരുന്ന് ഒരു 'വി.ഐ.പി"യും ആ പയ്യന്റെ കഥ പറച്ചിൽ ആസ്വദിക്കുന്നുണ്ട്. മറ്റാരുമല്ല. കഥാപ്രസംഗ കലയെ ഏറെ ജനപ്രിയമാക്കിയ കാഥിക സമ്രാട്ട് പ്രൊഫ.വി.സാംബശിവൻ. മഹാകവി കുമാരനാശാന്റെ 'ശ്രീബുദ്ധചരിതം " തന്റേതായ ശൈലിയിൽ ഒന്നര മണിക്കൂർ കൊണ്ട് അവതരിപ്പിച്ച ആ യുവാവ് വിനീതനായി സദസ്സിന് മുമ്പിൽ കൈകൂപ്പി. നിറഞ്ഞ കൈയ്യടി. ഇതിനിടെ ,പാട്ടുകുളം സ്കൂളിലെ ഹെഡ്മാസ്റ്റർ സ്റ്റേജിൽ കയറി ആ യുവാവിനെ പൊന്നാട ചാർത്തി.പ്രതിഫലമായി 50 രൂപ കൈയിൽ വച്ചുകൊടുത്തു.ആഹ്ളാദവും ആശ്ചര്യവും നിറഞ്ഞ മുഖവുമായി വേദിയിൽ നിന്നിറങ്ങിയ യുവാവ് ആദ്യമെത്തിയത് തന്റെ ആരാദ്ധ്യ പുരുഷനായ കാഥിക സമ്രാട്ടിന്റെ അരികിൽ. സശ്രദ്ധം അതുവരെ കഥ ശ്രവിച്ചിരുന്ന വി.സാംബശിവൻ എഴുന്നേറ്റ് നിറചിരിയോടെ അവന് കൈ കൊടത്തു. അനുഗ്രഹാശിസ്സുകളോടെ ചുരുങ്ങിയ വാക്കുകളിൽ ചില നിർദ്ദേശങ്ങൾ, ഉപദേശങ്ങൾ. ഇതെല്ലാം കണ്ട് ഒാടിയെത്തിയ കയർത്തൊഴിലാളിയായ പിതാവ് പദ്മനാഭൻ അഭിമാനത്താൽ നിറഞ്ഞ കണ്ണുകളോടെ അവനെ ആശ്ളേഷിച്ചു. അത് മലയാള കഥാപ്രസംഗ വേദിയിൽ പുതിയൊരു താരോദയമായിരുന്നു, ആലപ്പി രമണൻ.
ആലപ്പുഴ പാട്ടുകുളം ക്ഷേത്രത്തിൽ ആയിരങ്ങൾ തിങ്ങി നിറഞ്ഞ വേദിക്ക് മുമ്പിൽ കഥ പറയാൻ ആ യുവാവിന് അവസരം ലഭിച്ചത് തന്നെ യാദൃശ്ചികം. വി.സാംബശിവിന്റെ പ്രസിദ്ധമായ ഒഥല്ലോ കേട്ട് ആസ്വദിക്കാനെത്തിയതായിരുന്നു ആ ജനക്കൂട്ടം. കഥ പറയുന്ന ദിവസം സാംബശിവൻ എത്തിച്ചേരാൻ രാത്രി ഏറെ വൈകുമെന്നറിഞ്ഞതോടെ സമയം പോക്കാൻ സംഘാടകർ സമീപത്തെ സ്കൂളുകളിലും മറ്റും കഥ പറഞ്ഞും പാടിയും നടന്നിരുന്ന രമണനെ ക്ഷണിക്കുകയായിരുന്നു. വിസ്മയ ഭരിതനായ രമണൻ ഉടനെ വി.സാംബശിവന് വിനയപൂർവം ഒരു കത്തെഴുതി. 'ഞാൻ രമണൻ.അങ്ങയുടെ ഒരാരാധകൻ. പാട്ടുകുളം ക്ഷേത്ര മൈതാനിയിൽ അങ്ങയുടെ കഥാപ്രസംഗത്തിന് മ ുന്നോടിയായി ഒരു കൊച്ചു കഥ പറയാൻ എന്നെയും ക്ഷണിച്ചിട്ടുണ്ട്. മഹാകവി കുമാരനാശാന്റെ ശ്രീബുദ്ധചരിതമാണ് കഥ. എന്റെ കഥ കേൾക്കാൻ അങ്ങ് നേരത്തേ വരണം. എന്നെ അനുഗഹിക്കണം". ആ അപേക്ഷ ആ വിശ്രുത കലാകാരൻ കൈക്കൊണ്ടു. അന്ന് പറഞ്ഞിരുന്നതിലും നേരത്തേ എത്തി. രമണന്റെ കഥ ക്ഷമയോടെ കേട്ടിരുന്നു. അവനെ അനുഗ്രഹിച്ചു. ആ വിലപ്പെട്ട അനുഗ്രഹത്തിൽ നിന്ന് ഉർജ്ജം കൊണ്ട് കഥാപ്രസംഗ കലയിൽ ആലപ്പി രമണൻ തുടങ്ങിയ അനുസ്യൂത പ്രയാണം ഇന്ന് കനകജൂബിലിയുടെ നിറവിലാണ്.ഇന്ത്യയ്ക്കകത്തും പുറത്തുമായി കഴിഞ്ഞ അര നൂറ്റാണ്ടിനിടെ അയ്യായിരത്തിലേറെ കഥാപ്രസംഗ വേദികൾ. കഥകൾ ഏറെയും ഗൂരുദേവ സന്ദേശങ്ങളെയും കൃതികളെയും ആശാൻ കവിതകളെയും ആസ്പദമാക്കിയുള്ളതായിരുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ എസ്.എൻ.ഡി.പി യോഗത്തിന്റെ രണ്ടായിരത്തിൽപ്പരം കുടുംബ സദസ്സുകളിലും ആയിരത്തിലേറെ പൊതുവേദികളിലും പ്രഭാഷണങ്ങൾ. രമണൻ ആലപ്പി രമണനായതും യാദൃശ്ചികം. തൊടുപുഴ മണക്കാട് ഹൈസ്കൂളിൽ കഥാപ്രസംഗം അവതരിപ്പിക്കാനെത്തിയപ്പോൾ സ്കൂളിലെ അദ്ധ്യാപകർ നൽകിയ നോട്ടീസിൽ കാഥികന്റെ പേര് ആലപ്പി രമണൻ. അതോടെ ആ പേര് രമണന് സ്വന്തം.
കുട്ടിക്കാലത്ത് കുടുംബം പോറ്റാൻ പഠനം ഉപേക്ഷിച്ച് അച്ഛനൊപ്പം കയർ ഫാക്ടറിയിലെത്തിയ രമണനെ അച്ഛൻ പദ്മനാഭൻ തന്നെയാണ് അതിൽ നിന്ന് പിന്തിരിപ്പിച്ചത്. ആശാൻ കവിതകളുടെ ആരാധകനായിരുന്ന പദ്മനാഭൻ വീട്ടിൽ വൈകുന്നേരങ്ങളിൽ കൂട്ടുകാർക്കൊപ്പമിരുന്ന് ആശാന്റെ കവിതാപുസ്തകങ്ങൾ വായിക്കുമായിരുന്നു. അതിൽ ആകൃഷ്ടനായി രമണനും പാടിത്തുടങ്ങി. ഒരു നാൾ പദ്മനാഭൻ രമണനെ അരികിൽ വിളിച്ച് പറഞ്ഞു ' മോനെ,നീ നന്നായി പാടും .സംസാരിക്കും.കയർ ഫാക്ടറിയിൽ മുരടിപ്പിച്ച് കളയേണ്ടതല്ല നിന്റെ കഴിവുകൾ."എങ്കിലും ഫാക്ടറി പണി ഉടൻ ഉപേക്ഷിക്കാനായില്ല.വൈകുന്നേരങ്ങളിൽ വീട്ടിൽ മടങ്ങിയെത്തിയ ശേഷം ആശാന്റെ ശ്രീബുദ്ധചരിതം കഥാപ്രസംഗ കലാശിൽപ്പമാക്കാൻ ശ്രമം തുടങ്ങി. ആ ശ്രമത്തിന്റെ ആദ്യ വിജയമാണ് ആലപ്പുഴ പാട്ടുകുളം ക്ഷേത്രത്തിൽ കുറിക്കപ്പെട്ടത്.
ശ്രീനാരായണ ഗുരുദേവന്റെ ദർശനം ഉൾക്കൊണ്ട് സമൂഹത്തിലെ അനാചാരങ്ങൾക്കും ജാതീയ ഉച്ചനീചത്വങ്ങൾക്കുമെതിരായ പോരാട്ടമായിരുന്നു ആശാന്റെ പല കവിതകളും. ഇതിൽ ദുരവസ്ഥ,ചണ്ഡാലഭിക്ഷുകി തുടങ്ങിയ കൃതികൾ നൂറുകണക്കിന് വേദികളിൽ അവതരിപ്പിച്ച ആലപ്പി രമണൻ ഇപ്പോഴും ആ സപര്യ തുടരുന്നു.കഥ പറച്ചിലായും പ്രഭാഷണമായും ശ്രീനാരായണ ഗുരുദേവൻ, ശ്രീരാമദേവൻ, ഭഗത് സിംഗ് ചങ്ങമ്പുഴ തുടങ്ങി നിരവധി പ്രമേയങ്ങൾ. മഹാകവി കുമാരനാശാന്റെ കൃതികൾ ഏറ്റവും കൂടുതൽ വേദികളിൽ അവതരിപ്പിച്ചതിന്റെ ക്രെഡിറ്റും ആലപ്പി രമണന് സ്വന്തം. അതിനുള്ള അംഗീകാരം വൈകിയെങ്കിലും കൈവരുന്നു. കുമാരനാശാന്റെ 95-ാമത് ചരമ വാർഷികത്തോടനുബന്ധിച്ച് പല്ലനയിൽ കുമാരനാശാൻ സ്മാരക സമിതി സംഘടിപ്പിക്കുന്ന ചടങ്ങിൽ ഈ അനുഗ്രഹീത കലാകാരനെ സംസ്കാരിക മന്ത്രി എ.കെ.ബാലൻ സർക്കാരിന്റെ ഉപഹാരം നൽകി ആദരിക്കും. ഗുരുദേവ സന്ദേശങ്ങൾ ആശാന്റെ കാവ്യ പ്രപഞ്ചത്തിലൂടെ ജനഹൃദയങ്ങളിലെത്തിക്കുക ജീവിതവ്രതമാക്കിയ ആലപ്പി രമണന് അംഗീകാരങ്ങൾ വൈകുന്നതിലും തെന്നി മാറുന്നതിലും പരിഭവമില്ല.'എല്ലാം ഗുരു കടാക്ഷം.ആശാന്റെയും" വിനയാന്വിതനായി അദ്ദേഹം ശിരസ്സ് നമിക്കുന്നു.
(ലേഖകന്റെ ഫോൺ : 9946108221)