അനന്യസാധാരണമായ കൈയ്യൊതുക്കത്തോടെ പ്രണയാനുഭവങ്ങൾ കവിതയിൽ അനുഭൂതിതമാകുമ്പോൾ വായനയിൽ സംവേദനം ചെയ്യപ്പെടുന്ന വികാരതലങ്ങൾ തീക്ഷ്ണവും വ്യാകുലവും വിഹ്വലതകൾ നിറഞ്ഞതുമായിരിക്കും. കവിത, അത്രമേൽ തീവ്രമായി മനസിനെ മഥിക്കുന്ന വൈകാരികത അവകാശപ്പെടുന്ന കലയുടെ കാലാതീതമായ സംഗീതം പോലെ ഏറ്റവും ഉന്നതമായ സർഗാത്മകതയാണ്... ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ കൈമോശം വരാവുന്ന പൾപ്പ് സാഹിത്യത്തിലേക്ക് വഴുതാൻ ഏറെ സാധ്യതയുള്ള പ്രണയനിരാസങ്ങളും നഷ്ടബോധങ്ങളും സങ്കടപ്പെയ്ത്തുകളും നിറഞ്ഞ കവിതാലോകത്തെ, കൃത്യതയാർന്ന വാക്കുകളാൽ മികച്ച രീതിയിൽ വരച്ചിടുകയാണ് ഒറ്റമുറി (വ്) എന്ന കവിതാസമാഹാരത്തിൽ സോഫിയ ഷാജഹാൻ.
എഴുതാനും വായിക്കാനും അറിയുന്ന സകലരും കവികളാകുന്ന ഇക്കാലത്ത് കവിതയുടെ ആത്മാവിനെ ഒട്ടും ചോരാതെ കവിത്വവും ഭംഗിയും സൗന്ദര്യവും വാഗ്ചാരുതയും നിറഞ്ഞ കവിതകളെ നമുക്ക് സോഫിയയിൽ കാണാനാകുന്നു എന്നത് മലയാള കവിതയുടെ ഭാവിയെ സംബന്ധിച്ച് ആശാവഹമായ പ്രതീക്ഷയാണ്. കവിതയിൽ പ്രയോഗിക്കുന്ന ഓരോ വാക്കും പ്രയോഗവും കൃത്യതയുള്ളതും ലക്ഷ്യബോധമുള്ളതുമാകണം. ഒരു വാക്കോ അർദ്ധവിരാമമോ പോലും കവിതയിൽ രസഭംഗം സൃഷ്ടിക്കും.
പലപ്പോഴും ഒരു കവിതയിലെ ഭാവത്തെ മറ്റൊരു കവിതയിലോ കവിതകളിലോ തന്നെ അന്വയിപ്പിക്കാവുന്ന തരത്തിൽ പ്രണയം എല്ലാ കവിതകളിലും നിറഞ്ഞുനിൽക്കുകയാണ്. ചിലപ്പോഴൊക്കെ ഒരൊറ്റ കവിത പോലെ പുസ്തകത്തെ അനുഭവിപ്പിക്കുന്ന വിസ്മയം. വാക്കുകളുടെ ലാളിത്യം കൊണ്ട് പ്രണയത്തിനു സുവിശേഷം കുറിക്കുന്ന വരികളാണ് ഈ കവിതകളുടെ മുഖമുദ്ര. പ്രണയത്തിന്റെ സുഖമുള്ള നിനവുകളും സ്വാഭാവികമായ അനുഭൂതികളുടെ കൃത്യമായ ചേർത്തുവെക്കലുകളും കൊണ്ട് സമ്പന്നമാണ് ഒറ്റമുറിവ് എന്ന് അതിനാൽ നമുക്ക് നിസംശയം പറയാം. ഹൈക്കു സ്വഭാവമുള്ള കുറുങ്കവിതകളുടെ ചെറിയൊരു ശേഖരം കൂടി ഈ പുസ്തകം വായനക്കാരന് സമ്മാനിക്കുന്നുണ്ട്.
'നിനക്ക് നനയാതിരിക്കാൻ
കരുതിയതാണീ കുട.
മഴയ്ക്ക് മുമ്പേ നീ പോകുമെന്ന്
ഓർക്കാതെ..."
ഇതുപോലെ കുറുങ്കവിതകളുടെ സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന കവിതകൾ കൂടി അടങ്ങിയതാണ് ഈ സമാഹാരം. പ്രണയത്തിന്റെ ചൂടും തണുപ്പും ആവോളം നിറഞ്ഞ സോഫിയയുടെ കവിതകളിൽ നിറഞ്ഞുനിൽക്കുന്ന പ്രണയഭാവങ്ങൾക്ക് അസാധാരണമായ രാഷ്ട്രീയവും വിഭ്രമിപ്പിക്കുന്ന ചിന്താസരണികളുമുണ്ട്. നൊമ്പരപ്പെടുത്തുന്ന പ്രണയാനുഭവങ്ങളുടെ നഷ്ടബോധവും ആത്മപരിശോധനകളുടെ ഒറ്റമുറിയിൽ സ്വയം രൂപപ്പെടുത്തിയ ഏകാന്തതയും തുലാസിലെന്ന പോലെ തുല്യനിലയിൽ നിൽക്കുന്ന അനുഭവമാണ് പല കവിതകളുടെയും കാതൽ. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് ആമുഖം ബാലചന്ദ്രൻ ചുള്ളിക്കാട് ആണ് നിർവഹിച്ചിരിക്കുന്നത്. അവതാരിക എഴുതിയത് റഫീക്ക് അഹമ്മദും.