കേരളത്തിലെ കാടുകളിലെ പക്ഷികളുടെ രാജാവ് ആരാണെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. നമ്മുടെ സംസ്ഥാന പക്ഷി മലമുഴക്കി വേഴാമ്പൽ. ഒരു ഹെലികോപ്റ്റർ അടുത്തുകൂടെ പറക്കുന്നത് പോലെയുള്ള ശബ്ദമാണ് വേഴാമ്പൽ പറന്നു വരുമ്പോൾ. ദൂരെനിന്ന് തന്നെ ആ ശബ്ദം കേൾക്കാൻ സാധിക്കും. പറക്കുന്നത് കണ്ടു കഴിഞ്ഞാൽ നമ്മൾ ചുറ്റുമുള്ളതൊക്കെ മറന്നു പോവും. അതു തന്നെ നോക്കി നിന്നു പോവും. അത്ര രാജകീയം.
പശ്ചിമഘട്ടത്തിൽ തന്നെ എല്ലാ കാടുകളിലും ഇവരില്ല. പഴങ്ങൾ കൂടുതൽ കഴിക്കുന്നതു കൊണ്ട് അത് ലഭ്യമായ കാടുകളിൽ മാത്രം. കൂടുതലും തോട്ടങ്ങളോട് ചേർന്ന് കിടക്കുന്ന കാടുകളിൽ. തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ഇന്ത്യ, തായ്ലൻഡ്, ബർമ്മ, സുമാത്ര എന്നിവിടങ്ങളിലൊക്കെ കാണപ്പെടുന്നു. ഇന്ത്യയിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ ആസാമിലും താഴേയ്ക്ക് വരുമ്പോൾ പശ്ചിമബംഗാളിലും ഒക്കെ കാണപ്പെടുന്നു.സമുദ്ര നിരപ്പിൽ നിന്ന് ഏതാണ്ട് 5000 അടിയോളം ഉയരത്തിലുള്ള മലനിരകളിലാണ് കൂടുതൽ കാണപ്പെടുന്നത്. പഴങ്ങൾ മാത്രമല്ല ചെറിയ ഇഴജന്തുക്കളെയും കുഞ്ഞുപക്ഷികളെയും ഒക്കെ ഇവർ ഭക്ഷണമാക്കാറുണ്ട്. ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെ നീളം. ചിറകു വിരിക്കുമ്പോൾ ഏതാണ്ട് ഒന്നര മീറ്റർ നീളം വരും. പ്രായപൂർത്തിയാവുമ്പോൾ നാലു കിലോയോളം തൂക്കം.
ഏറ്റവും ഭാരക്കൂടുതൽ ഉള്ള വേഴാമ്പൽ വർഗമാണ് ഇവർ. കറുത്ത തൂവലുകൾ നിറഞ്ഞ ശരീരം. കാലുകൾ മഞ്ഞ സോക്സ് ഇട്ടതു പോലെ. ചിറകുകളും വാലും വെള്ളത്തൂവലുകൾ കൂടി കലർന്നതാണ്. ആണിന് ചുവന്ന കണ്ണുകൾ. പെണ്ണിന് നീല കണ്ണുകളും കണ്ണിനു ചുറ്റും ഒരു മഞ്ഞ വളയവും. കഴുത്തു നല്ല മഞ്ഞ. വലിയ വളഞ്ഞ മഞ്ഞ ചുണ്ടുകളും അതിനു മുകളിൽ തലയിൽ ഒരു മഞ്ഞ കവചം ഉണ്ട്. പഴയകാല പടയാളികൾ തലയിൽ വയ്ക്കുന്ന ഇരുമ്പു ഹെൽമെറ്റ് പോലെ. ഇതിനു വലിയ റോൾ ഇല്ലെങ്കിലും പെണ്ണിനെ ആകർഷിക്കാൻ വളരെ സഹായകമാണ്.
പെൺ വേഴാമ്പലിന് ആൺവേഴാമ്പലിനേക്കാൾ വലിപ്പവും കുറവാണ്. വളരെ വലിയ ശബ്ദമാണ് ഇവരുടേത്. ജനുവരി മുതൽ ഏപ്രിൽ വരെയാണ് ഇണ ചേരലും കൂടുകെട്ടൽ കാലവും. ആൺപക്ഷി വലിയ ശബ്ദവും ആകാശത്തു പറന്നു നൃത്തം ചെയ്തുമൊക്കെ പെൺപക്ഷിയെ ആകർഷിക്കുന്നു. തന്റെ ചുണ്ടുകൾ കൊണ്ട് തുരന്നുണ്ടാക്കുന്ന മരപ്പൊത്തിൽ പെൺപക്ഷി തൂവലുകൾ പൊഴിച്ചിട്ടു അതിന്മേൽ മുട്ടയിടുന്നു. പൊത്ത് തന്റെ കാഷ്ഠവും മറ്റു പദാർത്ഥങ്ങളും ചേർത്ത് അടയ്ക്കുന്നു. നടുവിൽ ഒരു ചെറിയ കിളിവാതിൽ മാത്രം അവശേഷിപ്പിച്ച്. ആൺപക്ഷി കാട്ടിലൊക്കെ പറന്നു നടന്നു ഏറ്റവും നല്ല പഴങ്ങൾ മാത്രം തന്റെ ചുണ്ടിൽ ശേഖരിച്ചു കൊണ്ട് വന്നു പെൺപക്ഷിയുടെ വായിൽ ഓരോന്നായി വച്ച് കൊടുക്കുന്നു. കൂടൊരുക്കാൻ മരങ്ങൾ തിരഞ്ഞെടുക്കാനും പെൺപക്ഷിയ്ക്കുള്ള ആഹാരം ശേഖരിക്കാനും ഒക്കെ ഇവർ ഒരുപാട് ശ്രദ്ധ ചെലുത്താറുണ്ട്. ഒന്നോ രണ്ടോ മുട്ടകൾ കാണും.
ഒന്നൊന്നര മാസം എടുത്തു വിരിയുന്ന മുട്ടകൾ പൂർണവളർച്ചയെത്തുന്ന കുഞ്ഞുങ്ങളാകാൻ വീണ്ടും സമയമെടുക്കും. കൂട്ടിനകത്തുള്ള കുഞ്ഞുങ്ങളുടെ കാഷ്ഠവും മറ്റു അവശിഷ്ടങ്ങളും ഒക്കെ പെൺപക്ഷി പുറത്തേയ്ക്കു കൊത്തിയിട്ട് കൂടു വൃത്തിയാക്കി വയ്ക്കുന്നു. പെൺപക്ഷി കൂടിനുള്ളിൽ നിന്ന് പുറത്തു വന്നാലും കൂടു വീണ്ടും സീൽ ചെയ്യുന്നു. കുഞ്ഞുങ്ങൾ പൂർണ വളർച്ചയെത്താനും ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുത്താനുമാണിത്. കുഞ്ഞുങ്ങൾക്കു തലയിൽ കവചമൊന്നും ഉണ്ടാവാറില്ല. ഏതാണ്ട് അഞ്ചു വർഷം എടുക്കും അതൊക്കെ ഉണ്ടായി വരാൻ. 35- 40 വർഷമാണ് വേഴാമ്പലുകളുടെ ജീവിത കാലയളവ്. ഓരോ പ്രാവശ്യം വേഴാമ്പലിനെ കാണുമ്പോഴും ഇത്ര മനോഹരമായ ഒരു പക്ഷിയാണല്ലോ നമ്മുടെ സംസ്ഥാന പക്ഷി എന്നോർത്തു കേരളത്തിനെ പറ്റി അഭിമാനം തോന്നാറുണ്ട്.