ചില അപ്രതീഷിത സന്ദർഭങ്ങളിലായിരിക്കും സാഹചര്യങ്ങൾ ഒരാളിൽ കരവിരുത് തീർത്ത് അയാളിൽ മറഞ്ഞുകിടക്കുന്ന കഴിവുകൾക്ക് നിറച്ചാർത്തേകുക. അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോയപ്പോഴാണ് കുട്ടിക്കാലത്തെ വരകൾ പൂക്കളായും പൂമ്പാറ്റകളായും റിട്ട. ചീഫ് എൻജിനീയറായ സാറാ ജോർജിന് ചുറ്റും പാറിപ്പറന്നത്. അവയെ പിടിച്ച് അടച്ചു വച്ചതോ മറ്റുള്ളവർ ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിഞ്ഞ കുപ്പികളിലും മറ്റ് വസ്തുക്കളിലും. ഇത് ഡൊക്കോപാഷ് - ഉപയോഗശൂന്യമായ കുപ്പികളെയും മറ്റ് പാഴ്വസ്തുക്കളെയും മനോഹരമാക്കുന്ന വിദ്യ. നിങ്ങൾക്ക് ഒരൽപ്പം കലാഭിരുചിയും ക്ഷമയുമുണ്ടെങ്കിൽ പാഴ് വസ്തുക്കളെ അലങ്കാര വസ്തുക്കളാക്കി മാറ്റി വീടലങ്കരിക്കാം.കാലിക്കുപ്പികൾ, പ്ളാസ്റ്റിക് പാത്രങ്ങൾ, ടിന്നുകൾ, റാന്തൽ വിളക്കുകൾ, തടി കൊണ്ട് നിർമ്മിച്ച പെട്ടികൾ മറ്റ് വസ്തുക്കൾ എന്നിങ്ങനെ ഏതിലും കരവിരുത് തെളിയിച്ച് മനോഹരമാക്കാം.
ഒരു അപകടത്തിൽ പരിക്ക് പറ്റി മകൻ കിടപ്പിലായപ്പോൾ മാനസികമായി തകർന്ന അമ്മയോട് മകളാണ് ചിത്രരചന നടത്തി ജീവിതത്തെ വീണ്ടും മനോഹരമാക്കാൻ പറഞ്ഞത്. ബോട്ടിൽ ആർട്ട് എന്ന ഫേയ്സ്ബുക്ക് പേജിനും ഇത് വഴിവെച്ചു. കുഞ്ഞുന്നാളിൽ പ്രിയപ്പെട്ട ജോൺ.എഫ്.കെന്നഡിയുടെ പടം വരച്ച അതേ അർപ്പണബോധത്തോടെയാണ് പിന്നീട് സാറ തന്റെ മനസിലെ വർണ്ണങ്ങളെ പാഴ്വസ്തുക്കളിൽ പിടിച്ചിട്ടത്. ഭർത്താവിന്റെ ജോലി വിദേശത്തായതിനാൽ ധാരാളം വിദേശയാത്രകൾ ചെയ്തിട്ടുള്ള സാറ അവിടെ വെച്ചാണ് ഡൊക്കോപാഷിനെക്കുറിച്ചറിയുന്നത്. അമേരിക്കയിൽ വെച്ച് ഇത് പഠിച്ചെടുത്തു.
ഡൊക്കോപാഷിന്റെ പ്രാരംഭരൂപം 12-ാം നൂറ്റാണ്ടിൽ ഏഷ്യയിലായിരുന്നു. എന്നാൽ പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്പിൽ ഇതിന് വൻ സ്വീകാര്യത ലഭിച്ചു. പഴയതായി നിറം മങ്ങിപ്പോകുന്ന വസ്തുക്കളെ ഇതിലൂടെ വളരെ മനോഹരങ്ങളാക്കി മാറ്റാം. ലോഹം,തടി, ഗ്ളാസ് പ്രതലങ്ങൾ എന്നിവയിൽ മുറിച്ചെടുത്ത ചിത്രങ്ങൾ ഒട്ടിക്കുന്ന രീതിക്കാണ് ഡൊക്കോപാഷ് എന്ന് പറയുന്നത്. പേപ്പറുകൾ മുറിച്ചെടുക്കുന്ന ഇതിന്റെ തുടക്കം പുരാതന ചൈനയിലാണ്.
ഒരു കഷ്ണം തുണി മുറിച്ചെടുത്ത മറ്രൊരു കഷ്ണത്തിനുമേൽ തുന്നിച്ചേർക്കുന്ന സൈബീരിയക്കാരുടെ രീതി ,പോളിഷുകാരുടെ നാടൻ കലാരൂപമായ പേപ്പർ മുറിച്ചെടുത്തുള്ള കലാരീതി എന്നിവയിൽ നിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ട് വികസിച്ച കലയാണിത്. 17-ാം നൂറ്രാണ്ടിൽ ഫ്രാൻസിലാണ് തുടക്കം, ഫർണിച്ചറുകൾ അലങ്കരിക്കാനായിട്ടാണ് അവർ ഇത് ഉപയോഗപ്പെടുത്തിയത്. യൂറോപ്പിൽ പടർന്ന ഈ കലാരൂപം 18-ാം നൂറ്റാണ്ടിൽ യൂറോപ്യൻമാരുടെ പ്രിയ ഒഴിവു വിനോദമായി മാറി. ഇറ്രലി, ഫ്രാൻസ്, ഇംഗ്ളീഷ് ഗൃഹങ്ങളിലും ഡൊക്കോപാഷ് സർവസാധാരണയായി. ജീൻ മൈക്കൽ ഫ്രാങ്ക് എന്ന ഫ്രഞ്ച് ചിത്രകാരൻ തന്റെ മേശകൾക്ക് ഡൊക്കോപാഷ് ഉപയോഗിച്ചിരുന്നു. 1960കളിൽ ഡൊക്കോപാഷ് അമേരിക്കയിൽ പുനരുജ്ജീവിപ്പിച്ചു.
പഴയതിന് ജീവൻ വെക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യമായി ഏത് വസ്തുവിലാണോ ഡൊക്കോപാഷ് ചെയ്യേണ്ടത് അതിന്റെ പ്രതലം വൃത്തിയാക്കണം. അതിനുശേഷം പ്രൈം അടിക്കണം. പ്രൈം ഉണങ്ങിയശേഷം പെയിന്റ് അടിക്കണം. ഇതിന്റെ പുറത്ത് ഒട്ടിക്കുന്ന നാപ്കിനനുസരിച്ചുള്ള പെയിന്റടിച്ചാൽ കൂടുതൽ നന്നായിരിക്കും.ഇതിനുശേഷം നാപ്കിനിലുള്ള മോട്ടിഫ്, അതായത് നാപ്കിനിലെ ചിത്രങ്ങളുള്ള ഭാഗം ഒരു വാട്ടർ ബ്രഷ് കൊണ്ട് കൊണ്ട് ഇളക്കിയെടുക്കണം. ഒരു ഡിസൈൻ മനസിൽ ഉണ്ടാക്കിയതിനുശേഷമാണ് നാപ്കിനിലെ മോട്ടിഫുകൾ ഭാവനക്കനുസരിച്ച് ഒട്ടിക്കുന്നത്. ഡൊക്കോപാഷിനു മാത്രമായുള്ള പശ ഉപയോഗിച്ച് വേണം നാപ്കിനിലെ മോട്ടിഫുകൾ ഒട്ടിക്കാൻ. ഇതിനുശേഷം വാർണിഷ് ചെയ്യണം.മോട്ടിഫുകൾ ഒട്ടിച്ചത് ഭംഗിയാക്കാനും അതിന്റെ വശങ്ങൾ പ്രതലവുമായി ചേർന്ന് പോകുന്നതിനുമാണ് വാർണിഷ് ചെയ്യുന്നത്. വാർണിഷ് ചെയ്യുന്നത് മൂലം നല്ലൊരു ഫിനിഷിംഗ് ലഭിക്കും, മോട്ടിഫുകൾ ഒട്ടിച്ചതാണെന്ന തോന്നൽ ഉണ്ടാവുകയുമില്ല. നല്ലൊരു പെയിന്റിംഗിന്റെ ഭംഗി ഇതിന് ലഭിക്കും. വെള്ളത്തിലിട്ടാലും നനയില്ല, ദീർഘകാലം നിൽക്കും.
ഡെക്കോപാഷ് നാപ്കിനുകൾ വളരെ നേർത്ത മൂന്നോ നാലോ ലെയറുകളുള്ള നാപ്കിനുകളാണ്. കാഴ്ചയിൽ മനോഹരമായ തൂവാല പോലിരിക്കും. ഇതിൽ മുകളിൽ കാണുന്ന ചിത്രങ്ങൾ മാത്രമുള്ള ലെയർ ഇളക്കിയെടുത്ത് വേണം പ്രതലത്തിൽ ഒട്ടിക്കാൻ. വളരെ നേർത്തതായതിനാൽ ഇളക്കിയെടുക്കുമ്പോൾ വളരെ സൂക്ഷിക്കണം. മാത്രവുമല്ല വെള്ളം തട്ടിയാൽ ഇത് പൊടിഞ്ഞുപോവും. ഡൊക്കോപാഷിനുള്ള സാധനങ്ങളെല്ലാം ഓൺലൈൻ വഴി വിദേശത്ത് നിന്നാണ് സാറ വാങ്ങുന്നത്. പ്രൈമർ, പെയിന്റ്, നാപ്കിനുകൾ,വാർണിഷ്, പശ മുതലായവയെല്ലാം ഡെക്കോപാഷിന് മാത്രമായി പ്രത്യേകം വിപണിയിൽ ലഭ്യമാണ്. കേരളത്തിൽ ഡൊക്കോപാഷിനെ പരിചയപ്പെടുത്തുന്നതിൽ പ്രധാനപ്പെട്ട സ്ഥാനം സാറയ്ക്കുണ്ട്. നമ്മുടെ നാട്ടിൽ പരിചിതമല്ലാത്ത ഈ കലയെ എല്ലാവർക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ പല സ്ഥലങ്ങളിലും പരിശീലന ക്ളാസുകൾ സാറ നടത്തുന്നു. താത്പര്യത്തോടെ ഈ ക്ളാസുകളിൽ പങ്കെടുക്കുന്നവർ നിരവധിയാണ്.