ശീലം,സ്വഭാവം, സദ്വൃത്തി, പതിവ്, കാര്യബോധം എന്നിങ്ങനെയാണ് ശബ്ദകോശങ്ങളിൽ വിവക്ഷിച്ചിരിക്കുന്നത്. ശീലങ്ങൾ നന്മയാർന്നവയും തിന്മയാർന്നവയുമുണ്ട്. നല്ല ശീലങ്ങൾക്കാണിവിടെ പ്രസക്തി. ശൈശവദശ മുതൽ പ്രാഥമിക ജ്ഞാനത്തിന്റെ പ്രഭവകേന്ദ്രമായ ഗൃഹത്തിലെ മാതാവിൽ നിന്നുമാണ് കുഞ്ഞ് അറിവുകൾ നേടുന്നത്.
''കൊച്ചുങ്ങളല്ലേ? കുറച്ചുകൂടി വളരുമ്പോൾ ഒക്കെയും നേരെയായിക്കൊള്ളും.""എന്ന് ചിലരൊക്കെ ചിന്തിക്കാറുണ്ട്. നെല്ല് വിളവ് മെച്ചപ്പെടുവാൻ കതിരിന്മേൽ വളം വയ്ക്കുന്നതിന് തുല്യമാണ് ആ പ്രവർത്തി.
ചെറുപ്രായം മുതൽ തങ്ങളുടെ കുഞ്ഞുങ്ങൾ വിദ്യാഭ്യാസകാലം തരണം ചെയ്ത് സ്വാശ്രയ ജീവിതമാരംഭിക്കും വരെയും രക്ഷിതാക്കൾ നിതാന്ത ജാഗ്രത പുലർത്തേണ്ടതാണ്. കുടുംബജീവിതം നയിക്കുന്നവർ, കുഞ്ഞുങ്ങളുടെ രക്ഷകർത്താക്കളെങ്കിൽ മനസിലാക്കേണ്ട ഗൗരവമേറിയ ചില ജീവിതതര്യകളെയും ശീലങ്ങളെയും ഒന്ന് വിശകലനം ചെയ്യാം. ഇവിടെ മാതാവിനും പിതാവിനും തുല്യപങ്കാണുള്ളത്.
കുഞ്ഞുങ്ങളെ, നിത്യവും സൂര്യോദയത്തിന് മുമ്പ് ഒരു നിശ്ചിത സമയത്ത് നിർബന്ധമായും വിളിച്ചുണർത്തണം. ഒരു വിട്ടുവീഴ്ചയും പാടില്ല. രാത്രിയിൽ കൃത്യതയോടെ (പത്ത് മണി) അവരെ ഉറങ്ങാനും പ്രേരിപ്പിക്കണം. രണ്ടാഴ്ചകൊണ്ട് രാവിലെ ഉണർന്ന് പ്രാഥമികാവശ്യങ്ങൾ നിർവഹിച്ചശേഷം ഓരോരുത്തരും അവരവരുടെ വിശ്വാസങ്ങൾക്കനുസൃതമായി ഇഷ്ടദേവതകളെയും മാതാപിതാക്കളെയും വന്ദിക്കുകയും നമിക്കുകയുമാവാം. പഞ്ചഭൂതങ്ങളുടെ പ്രതീകങ്ങളെയാണ് വിവിധ ദേവതകളായി നാം ആദരിക്കുന്നത്. ആ പ്രപഞ്ചശക്തികളാണ് മനുഷ്യർക്കെന്നല്ല സർവ ചരാചരങ്ങൾക്കും ഇഹലോകത്ത് ജീവിക്കുന്നതിനാവശ്യമായ സർവതും തന്ന് പരിപാലിക്കുന്നത്. ആ ശക്തികളോട് നന്ദി പ്രകാശിപ്പിക്കുകയാണ് നാം പ്രാർത്ഥനകളിലൂടെ ചെയ്യുന്നത്.
നമ്മുടെ ജീവിതരീതിയിൽ പഞ്ചശുദ്ധി ശീലിക്കുന്നത് അത്യുത്തമമാണ്. ദേഹശുദ്ധിയാണ് ആദ്യം ശീലിക്കേണ്ടത്. തണുത്തതും ശുദ്ധവുമായ ജലത്തിൽ കുളിക്കുക, മൂത്രമല സ്രോതസുകൾ ഉപയോഗശേഷം ശുദ്ധീകരിക്കുക, വായും പല്ലും നാക്കും ശുദ്ധിയാക്കുക, കൈകാലുകൾ വൃത്തിയായി സൂക്ഷിക്കുക, ശുദ്ധവായു ശ്വസിക്കുക, ശുദ്ധജലം കുടിക്കുക ഇവയൊക്കെയാണ് ദേഹശുദ്ധിയിൽ പെടുന്ന നല്ല ശീലങ്ങൾ. രണ്ടാമതായി വാഗ് ശുദ്ധി, നമ്മൾ ചൊരിയുന്ന വാക്കുകൾ എപ്പോഴും വ്യക്തമായും സ്ഫുടമായും സൗമ്യതയോടെയും ആയിരിക്കണം. അന്യർക്ക് വേദനയും നീരസവും വെറുപ്പും ഉളവാക്കുന്ന സംസാരം ഒഴിവാക്കണം.
മൂന്നാമതായി മനഃശുദ്ധി. മനസ് സദാ ന ിർമ്മലമായിരിക്കണം. നല്ല കാര്യങ്ങളെക്കുറിച്ച് മാത്രമേ ചിന്തിക്കാവൂ. സത്യം, ധർമ്മം, ദയ, സ്നേഹം, വിനയം,ധൈര്യം, ശ്രദ്ധ,ഏകാഗ്രത എന്നിവ ശീലിച്ചാൽ മനസ് സർവദാശുദ്ധമായിരിക്കും.
നാലാമതായി ഗൃഹശുദ്ധിയാണ് ശീലമാക്കേണ്ടത്. വീടിന്റെ അകവും പുറവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അഞ്ചാമത് ഇന്ദ്രിയ ശുദ്ധിയാണ്. കണ്ണ്, മൂക്ക്, നാക്ക്, ചെവി,തൊലി എന്നീ പഞ്ചേന്ദ്രിയങ്ങൾ എപ്പോഴും ശുദ്ധിയോടെ സൂക്ഷിക്കണം. ഇങ്ങനെ അഞ്ച് ഇന്ദ്രിയ ശുദ്ധി കർമ്മങ്ങളും യഥാവിധി അനുഷ്ഠിക്കുന്നവർക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ ജീവിതാന്ത്യംവരെ ലഭ്യമാണ്. ഈ ബോധം നിർബന്ധമായും രക്ഷിതാക്കൾക്കുണ്ടാവുകയും മക്കളെ ശീലിപ്പിക്കുകയും ചെയ്താൽ അവർക്ക് ജീവിതത്തിൽ വിജയം മാത്രമേ ഭവിക്കൂ. വിദ്യാലയങ്ങളിലേതുപോലെ ഓരോ വിദ്യാർത്ഥിയും ലഭ്യമാക്കുന്ന സൗകര്യമനുസരിച്ച് സ്വവസതിയിലും ഓരോ ടൈം ടേബിൾ തയ്യാറാക്കി അതനുസരിച്ച് ഓരോരോ പ്രവർത്തികളും ചെയ്യേണ്ടതാണ്. അവധി ദിവസങ്ങളിലും ഈ സമയവിവരപ്പട്ടികയനുസരിച്ച് തന്നെ ദിനചര്യകൾ പാലിക്കുന്ന ശീലം സ്വായത്തമാക്കിയാൽ അത്ഭുതകരമായ നേട്ടങ്ങൾ കൈവരിക്കാനാകും.
രാവിലെ തന്നെ ലഭ്യമാകുന്ന ദിനപത്രങ്ങൾ ഒരു നിശ്ചിത സമയം നിർബന്ധമായും വായിക്കുന്നശീലം സ്വീകരിക്കണം. വിദ്യാലയാവധി ദിവസങ്ങളിൽ കഴിയുന്നത്ര പത്രമാസികകൾ, ജീവചരിത്രങ്ങൾ, ലേഖനങ്ങൾ എന്നിവ വായിക്കാൻ സമയം കണ്ടെത്തണം. പാഠ്യേതര വിഷയങ്ങൾ വ്യായാമപരിപാടികൾ എന്നിവയിലൊക്കെ ഓരോ വിദ്യാർത്ഥിയും താത്പര്യമെടുക്കണം. വിനയവും വിവേകവും ഉത്തമ ശീലങ്ങളായി കരുതി പ്രവർത്തിക്കണം. മാതാപിതാക്കളോടെന്നപോലെ മുതിർന്നവരോടും ഗുരുജനങ്ങളോടുമൊക്കെ സ്നേഹാദരങ്ങൾ പുലർത്തുന്നത് നല്ല ശീലമാണ്.ഇന്ന് ലോകമാസകലം വാർത്താമാധ്യമരംഗത്ത് ആധുനിക സാങ്കേതിക വിജ്ഞാന പരീക്ഷണങ്ങളുടെ ഫലമായി അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. വിവിധതരം വില കൂടിയ മൊബൈൽ ഫോണുകൾ, ലാപ് ടോപ്പുകൾ, ആപുകൾ എന്നിങ്ങനെയുള്ള ഉപകരണങ്ങളുടെ മാസ്മരിക വലയത്തിലാണ് വിദ്യാർത്ഥികളുൾപ്പെടെ യുവതലമുറ. മൊബൈൽ ഫോൺ കൈവശമില്ലാത്ത സ്കൂൾ വിദ്യാർത്ഥികൾ പോലുമപൂർവമാണിന്ന്. ജീവിതവിജയത്തിന് സ്വാശ്രയശീലം പുതിയ തലമുറയ്ക്ക് അനിവാര്യമായ ഘടകമാണ്. ഓരോരുത്തരും ദുരഭിമാനചിന്തവെടിഞ്ഞ് അവരവരാൽ കഴിയുന്ന ഏത് ജോലിയും ചെയ്യുവാൻ സന്നദ്ധരാവണം. അതുപോലെ വ്യായാമം നിത്യശീലമാക്കണം. നല്ലശീലങ്ങൾക്ക് സദ് ഫലങ്ങൾ മാത്രമേ ലഭിക്കൂ എന്ന് ഓർമ്മിക്കുക.