തനിക്ക് ഇപ്പോഴുള്ളതിന്റെ പാതി സൗന്ദര്യം ദൈവം തന്നാൽ മതിയായിരുന്നു എന്ന് കണ്ണീരോടെ ഗായത്രി പ്രാർത്ഥിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞ് രണ്ടുമാസം പോലുമായില്ല. മാതാവിനോടും അവൾ ഇക്കാര്യം പറയുമായിരുന്നു. പിതാവ് ദുഃഖിക്കുമെന്ന് കരുതി അമ്മ അതൊന്നും അച്ഛനോട് പറഞ്ഞില്ലെന്ന് മാത്രം.
ഭർത്താവിനൊപ്പം വീട്ടിൽവരുമ്പോൾ മാതാവ് ഗായത്രിയുടെ ഭാവവും വാക്കുകളും പ്രത്യേകം നിരീക്ഷിക്കുമായിരുന്നു. എവിടൊക്കെയോ ചില അക്ഷരത്തെറ്റുകൾ, വ്യാകരണ പിശകുകൾ. ജീവിതമല്ലേ. അതൊക്കെ സ്വാഭാവകം. മരുമകൻ വീട്ടിൽ വരുമ്പോൾ തമാശകൾ പൊട്ടിക്കും. എല്ലാവരും കുടുകുടെ ചിരിക്കുന്നത് കാണാൻ അയാൾക്ക് ഇഷ്ടമായിരുന്നു. അപ്പോഴും ഗായത്രി ആ തമാശയിൽ പങ്കെടുക്കുകയോ ചിരിക്കുകയോ ചെയ്യാത്തത് അദ്ധ്യാപിക കൂടിയായ ആ അമ്മ ശ്രദ്ധിച്ചു. ഭാര്യവീട്ടിൽ നിൽക്കുന്നത് ഒരു കുറച്ചിലായിട്ടാണ് ചേട്ടൻ കരുതുന്നതെന്നും കൂട്ടുകാർ പെണ്ണാളൻ, അച്ചിയുടെ അടിമ എന്നൊക്കെ ആക്ഷേപിക്കുമെന്നും ഗായത്രി ചുരുക്കിപ്പറഞ്ഞത് മാതൃഹൃദയത്തിൽ പോറലേല്പിച്ചിരുന്നു. എന്നാൽ വളരെ സമർത്ഥമായി ഭാര്യാപിതാവിനെയും മാതാവിനെയും ചിരിപ്പിക്കാനും സ്നേഹം പ്രകടിപ്പിക്കാനും മരുമകൻ മത്സരിച്ചിരുന്നതും ആ അമ്മ പ്രത്യേകം ശ്രദ്ധിച്ചു.
തന്റെ സൗന്ദര്യവും പ്രസരിപ്പും പരമാവധി കുറച്ചുകാണിക്കാൻ ഗായത്രി ശ്രമിക്കുന്നത് അമ്മയെ വേദനിപ്പിച്ചു. തലയിൽ പൂചൂടുന്നത് ഒഴിവാക്കിയത്. വസ്ത്രധാരണത്തിൽ അലസയായി. കണ്ണാടി നോക്കുന്നതും ഒരുങ്ങുന്നതും പേരിന് മാത്രം. ഗായത്രിക്കൊപ്പം എപ്പോഴും ഭർത്താവ് നിഴൽപോലെ കാണും. അച്ഛനമമ്മമാരോട് ഭാര്യ അധികം സംസാരിക്കാതിരിക്കാനും അയാൾ ശ്രദ്ധിച്ചിരുന്നു.
ഒരിക്കൽ ഒരു ബന്ധുവിന്റെ കല്യാണചടങ്ങിനിടെയാണ് തന്റെ സൗന്ദര്യം ജീവിതത്തിന്റെ സമാധാനവും ശാന്തിയും കെടുത്തിയകാര്യം ഗായത്രി ചെറുതായൊന്ന് സൂചിപ്പിച്ചത്. മനസിൽ സൗന്ദര്യമില്ലാത്ത ചില ഭർത്താക്കന്മാർക്ക് ഭാര്യയുടെ ബാഹ്യസൗന്ദര്യം സംശയ രോഗമുണ്ടാക്കും. സൗന്ദര്യം സൗഭാഗ്യമാണെന്ന ധാരണ ശരിയല്ല.
ലോകത്തൊട്ടാകെ സൗന്ദര്യവർദ്ധനയ്ക്കായി സ്ത്രീ പുരുഷന്മാർ നെട്ടോട്ടമോടുന്നു. പക്ഷേ, സൗന്ദര്യത്തെ പലപ്പോഴും സംശയം അനുഗമിക്കുന്നു. സംശയരോഗത്തിന് പ്രതിരോധമില്ല. ഔഷധവുമില്ല. അതു രോഗിയെ മാത്രമല്ല സഹവസിക്കുന്നവരെയും കാർന്നുതിന്നുകൊണ്ടിരിക്കും. ഗായത്രിയുടെ വാക്കുകൾ കേട്ട് മാതാവ് നീറിയെങ്കിലും മറ്റാരും ശ്രദ്ധിക്കാതിരിക്കാൻ ഇടക്കിടെ ചിരിച്ചുകൊണ്ടിരുന്നു.
ഭർതൃ പിതാവിനോടുപോലും ഇടപഴകുന്നതോ സംസാരിക്കുന്നതോ ഇഷ്ടപ്പെട്ടിരുന്നില്ല. പ്രായത്തിൽ കുറഞ്ഞ ആൺകുട്ടികളോട് പോലും സംസാരിക്കാൻ പാടില്ല. ആദ്യ കുഞ്ഞിനെ ഗർഭിണിയായപ്പോൾ ഗായത്രിയുടെ പ്രാർത്ഥന അധികം സൗന്ദര്യം ഉണ്ടാകരുതേഎന്നായിരുന്നു. കടിഞ്ഞൂൽ കുട്ടി ആണായിരുന്നു. നിറം കുറവായിരുന്നു. അതും ഭർത്താവിന് സംശയ കാരണമായി. പിന്നീട് ഒരു മകളുമുണ്ടായി. സംശയരോഗിക്കൊപ്പം കഴിയുന്നത് ജയിൽവാസം പോലെയാണ്. വേണമെങ്കിൽ മോചനം നേടാമെന്ന് അമ്മ പറഞ്ഞെങ്കിലും ഗായത്രി വിയോജിച്ചു. അങ്ങനെ ചെയ്താൽ ഭർത്താവ് വല്ല കടും കൈയും ചെയ്യുമെന്നായിരുന്നു ഭയം.
രണ്ടു ദശാബ്ദങ്ങൾക്കുശേഷം മകൾക്ക് ഒരു വിവാഹാലോചന വന്നപ്പോഴും ഗായത്രിക്ക് ഒരു ഡിമാന്റേയുണ്ടായിരുന്നുള്ളൂ. സംശയരഹിതമായ മനസുള്ള ഒരു പുരുഷനായിരിക്കണം. അതിനേക്കാൾ വലിയ സൗന്ദര്യമില്ല, സൗഭാഗ്യമില്ല.
ജീവിതപങ്കാളിയുടെ സ്വാതന്ത്ര്യം നിയന്ത്രിക്കുന്നതും വാക്കുകൊണ്ട് അടിച്ചമർത്തുന്നതുമൊക്കെ ആത്മസൗന്ദര്യത്തിന്റെ കുറവുകൊണ്ടാണെന്ന് ഗായത്രി ഉറ്റവരോട് പറയാറുണ്ട്. നല്ല മനസുണ്ടായാലേ ലോകം സുന്ദരമായി തോന്നൂ. മനസിന് സൗന്ദര്യം നൽകുന്നതാകട്ടെ നല്ല ചിന്തകളും. സ്വന്തം ജീവിതത്തിലൂടെ ഗവേഷണം നടത്തി കണ്ടെത്തിയ സത്യം ഭർത്താവും ഇപ്പോൾ അംഗീകരിക്കുന്നു. ഭാര്യയുടെ സ്നേഹമാണ് തന്റെ സംശയരോഗത്തിന് ഔഷധമായതെന്ന് അയാൾ ഏറ്റവും അടുത്തവരോട് തുറന്നു സമ്മതിച്ചിട്ടുണ്ട്.ഭാര്യയുടെ മനസിന്റെ സൗന്ദര്യമാണ് അതിന് പ്രേരിപ്പിച്ചതെന്നും.