ഇരുപത്തിയഞ്ച് വർഷങ്ങൾ... നാഗവല്ലിയും ഗംഗയും നകുലനും സണ്ണിയും രാമനാഥനുമെല്ലാം മലയാളികൾക്ക് മുന്നിലെത്തിയിട്ട് അത്രയും തന്നെ വർഷങ്ങൾ പിന്നിടുന്നു. ഇന്നും മികച്ച ചിത്രങ്ങളുടെ കണക്കെടുത്താൽ ആദ്യ സ്ഥാനത്ത് മണിച്ചിത്രത്താഴുണ്ട്, അതും ഓരോ കാഴ്ചയിലും പ്രേക്ഷകർക്ക് മുന്നിൽ വിസ്മയം തീർത്തുകൊണ്ട്. ഫാസിൽ എന്ന സംവിധായകന്റെ മാന്ത്രികത തന്നെയാണ് ചിത്രം ഇന്നും പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കുന്നതിന് പിന്നിലെ വലിയ രഹസ്യം.
''മണിച്ചിത്രത്താഴ് റിലീസായ സമയത്തു ജനിക്കാത്തവർ വരെ അതിന്റെ കടുത്ത ആരാധകരാണ്. ഓരോ മലയാളിക്കും വളരെപ്പെട്ടെന്ന് മനസിലാക്കാൻ കഴിയുന്ന രണ്ടു വിഷയങ്ങളാണ് ഭ്രാന്തും മന്ത്രവാദവും. മനോരോഗത്തിന്റെ തികച്ചും വ്യത്യസ്ത അവസ്ഥയായ ചിത്തഭ്രമമാണ് ഞങ്ങൾ ചർച്ച ചെയ്തത്. ചിത്തഭ്രമം ബാധിച്ചയാൾ സാധാരണ മനുഷ്യർക്കില്ലാത്ത നിരവധി കഴിവുകളുള്ള വ്യക്തിയായിരിക്കും. മനഃശാസ്ത്ര സംബന്ധിയായ അത്തരം പുതിയ അറിവുകളെയും മന്ത്രവാദത്തെയും ബന്ധപ്പെടുത്തി യാഥാർത്ഥ്യ ബോധത്തോടെ അവതരിപ്പിച്ചതുകൊണ്ടായിരിക്കാം ഇത്രയധികം ശ്രദ്ധിക്കപ്പെട്ടത്. 25 വർഷങ്ങൾ കഴിഞ്ഞിട്ടും അതിലെ ഹെയർ സ്റ്റൈലും മേക്കപ്പും ഡ്രസ്കോഡുമൊന്നും കാലഹരണപ്പെട്ടിട്ടില്ല.
വിസ്മരിക്കാനാവാത്ത സംഭാവന തിരക്കഥാകൃത്ത് മധുമുട്ടത്തിന്റേതാണ്. മണിച്ചിത്രത്താഴിന് മുമ്പ് നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും എന്റെ ചിന്താമണ്ഡലത്തിന് അതുവരെ അപ്രാപ്യമായ ഒരു വിഷയമാണ് മധു മുന്നിലേക്കിട്ടു തന്നത്. മാഷേ നമുക്ക് ചാത്തനേറിനെക്കുറിച്ചു ഒരു സിനിമ ചെയ്താലോയെന്ന് മധു ഒരിക്കൽ എന്നോട് ചോദിച്ചു. കേട്ടപ്പോൾ തന്നെ കൗതുകം തോന്നി. അന്ന് മധു മുട്ടത്തിന് സിനിമയുമായി വലിയ ബന്ധമില്ലായിരുന്നു. മറിച്ചായിരുന്നെങ്കിൽ ഇത്രയും സങ്കീർണമായ ഒരു വിഷയത്തെ മധു സമീപിക്കുമായിരുന്നില്ല. മധു പറഞ്ഞ കഥയിൽ എവിടെയൊക്കെയാണ് കുഴപ്പമെന്ന് മനസിലാക്കാൻ എന്നിലെ സിനിമക്കാരന് കഴിഞ്ഞു. ഒരുപോലെ ചിന്തിക്കുന്ന രണ്ടുപേർ തമ്മിലുള്ള കെമിസ്ട്രിയാണ് ഞങ്ങൾ തമ്മിലുണ്ടായിരുന്നത്. മധു കഴിഞ്ഞാൽ സംഗീത സംവിധായകൻ എം.ജി. രാധാകൃഷ്ണനും പശ്ചാത്തല സംഗീതം നിർവഹിച്ച ജോൺസണുമാണ് മണിച്ചിത്രത്താഴിനെ ഏറ്റവും കൂടുതൽ സഹായിച്ചത്. "
അത്ഭുതമായ പഴംതമിഴ് പാട്ട്
ആ പാട്ടുകളും മാന്ത്രികമായ പശ്ചാത്തല സംഗീതവുമില്ലാതെ നമുക്ക് മണിച്ചിത്രത്താഴിനെക്കുറിച്ചു ചിന്തിക്കാൻ കഴിയില്ല. പ്രധാനമായും രണ്ടു സന്ദർഭങ്ങളിലൂടെയാണ് മണിച്ചിത്രത്താഴിന്റെ സംഗീതം വികസിക്കുന്നത്. തെക്കിനിയിൽ രാത്രികാലങ്ങളിൽ കേൾക്കുന്ന തേങ്ങൽ പോലുള്ള പാട്ടാണ് ആദ്യത്തേത്. ചിലപ്പോൾ അതുപാടി ആരോ നൃത്തം ചെയ്യുന്ന പോലെ തോന്നണം. രണ്ടാമത്തേത് ദുർഗാഷ്ടമി നാളിൽ ഗംഗ പൂർണമായും നാഗവല്ലിയായി മാറുമ്പോഴുള്ള രൗദ്രമായ പാട്ടാണ്. കർണാടക സംഗീതത്തിലധിഷ്ഠിതമായ ഈ സംഗീതം ചിട്ടപ്പെടുത്താൻ അക്കാലത്തു ഒരൊറ്റ ആളെ ഉണ്ടായിരുന്നുള്ളു. സാക്ഷാൽ എം.ജി. രാധാകൃഷ്ണൻ. എന്നാൽ കഥ കേട്ടയുടൻ ഞാൻ ഈ സിനിമ ചെയ്യുന്നില്ലെന്നാണ് എം.ജി. രാധാകൃഷ്ണൻ പറഞ്ഞത്. കേൾക്കുമ്പോൾ തന്നെ തലപെരുക്കുന്ന ഈ കഥ നീ എങ്ങനെ സിനിമയായി എടുത്തു ഫലിപ്പിക്കുമെന്ന് ചേട്ടൻ ചോദിച്ചു. വളരെ പണിപ്പെട്ടാണ് അദ്ദേഹത്തെ അനുനയിപ്പിച്ചത്. റീ റെക്കാഡിംഗിന് ഡബിൾ പോസിറ്റിവ് കണ്ടയുടൻ പശ്ചാത്തല സംഗീതത്തിൽ പരമ്പരാഗതമായ സംഗീതോപകരണങ്ങൾ ഉപയോഗിച്ചാൽ മതിയെന്നായിരുന്നു ജോൺസന്റെ അഭിപ്രായം. മലയാളത്തിലിന്നും അതിനെ വെല്ലുന്ന ഹൊറർ സംഗീതമില്ല. സാധാരണ ഇലക്ട്രോണിക് ഉപകരണങ്ങൾകൊണ്ടാണ് സിനിമകളിൽ അത്തരം ഭീകരസംഗീതം സൃഷ്ടിക്കുന്നത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ജോൺസന്റെ സമീപനം. വീണയും മൃദംഗവും ഉപയോഗിച്ചുള്ള സംഗീതമാണ് മണിച്ചിത്രത്താഴിന്റെ ഭീകരത കൂട്ടിയ മറ്റൊരു പ്രധാന ഘടകം. ഒരു മുറയ് വന്ത് പാർത്തായ എന്ന പാട്ടിൽ രാമനാഥൻ വരുന്ന ഒരു ഭാഗമുണ്ട്. അതുവരെയുള്ള രൗദ്രത മാറി ശൃംഗാര ലാസ്യഭാവങ്ങൾ വരും. അംഗനമാർ മൗലീ മണി എന്ന് തുടങ്ങുന്ന പ്രസ്തുത ഭാഗത്തിന്റെ സംഗീതം പഴയ തിരുവിതാംകൂറിന്റെ ദേശീയഗാനമായ വഞ്ചിഭൂമി പതേ ചിരം എന്ന് തുടങ്ങുന്ന ഗാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു ചിട്ടപ്പെടുത്തിയതാണ്. തിരുവിതാംകൂറിന്റെ ദേശീയഗാനമെന്ന നിലയിൽ ഫ്രഷായിട്ടുള്ള സംഗീതമാണ് ആ പാട്ടിന്റേത്. ആ ഫ്രഷ്നസാണ് എം.ജി. രാധാകൃഷ്ണേട്ടൻ എടുത്തിരിക്കുന്നത്. പഴമയുടെ സംഗീതം ആവശ്യപ്പെട്ടപ്പോൾ ചേട്ടൻ ആഹിരി രാഗത്തിൽ ചിട്ടപ്പെടുത്തിയ സംഗീതമാണ് ഇന്നും എല്ലാവരെയും അദ്ഭുതപ്പെടുത്തുന്നത്.
നാഗവല്ലിയും ഗംഗയും
സിനിമയുടെ ചർച്ചകൾ തുടങ്ങി കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ നാഗവല്ലി എന്ന കഥാപാത്രത്തിലേക്ക് ഞങ്ങൾ കയറി. നാഗവല്ലി ഒരു നർത്തകിയായിരിക്കണമെന്ന് തീരുമാനിച്ചപ്പോൾ തന്നെ മനസിലേക്ക് വന്നത് ശോഭനയുടെ മുഖമാണ്. ചിത്രത്തിലൊരിടത്തും നാഗവല്ലിയെ കാണിക്കുന്നില്ല . നാഗവല്ലിയുടെ ഒരു പ്രതിബിംബത്തെ മാത്രമാണ് ശോഭനയിലൂടെ അവതരിപ്പിക്കുന്നത്. തിരക്കഥ രൂപപ്പെടുത്തുമ്പോൾ മുതൽ മനസിലേക്ക് വന്ന ഒരേയൊരു അഭിനേതാവ് ശോഭന മാത്രമായിരുന്നു. മോഹൻലാൽ ഉൾപ്പെടെ ബാക്കി എല്ലാ നടീനടന്മാരും പിന്നീട് വന്നു ചേർന്നതാണ്. ചിത്രീകരണത്തിന് മുമ്പ് സിനിമാ സംബന്ധിയായ ഒരു പഠനവും നടത്തിയിട്ടില്ല എന്നതാണ് വാസ്തവം. അത്തരം സിനിമകൾ കണ്ടിരുന്നെങ്കിൽ ചിലപ്പോൾ തെറ്റായ വഴിയിലൂടെ പോയേനെ. ചാത്തനേറ് ഒരു മാനസിക പ്രശ്നമാണെന്ന് സ്ഥാപിക്കാൻ കഴിയുമോയെന്ന അന്വേഷണത്തിലായിരുന്നു ഞങ്ങൾ. മനോരോഗം ബാധിച്ച ഒരു സ്ത്രീ അതീവ രഹസ്യമായി സ്വന്തം സാരി കത്തിക്കുന്നതും ക്ലോക്ക് എറിഞ്ഞുടയ്ക്കുന്നതുമൊക്കെ സ്വയം അറിയുന്നുണ്ടോ, ഉണ്ടെങ്കിൽ അതൊക്കെ മനഃശാസ്ത്രലോകം സമ്മതിച്ചു തരുമോ എന്നൊക്കെയാണ് പ്രധാനമായും അന്വേഷിച്ചത്. ക്ളോക്ക് എറിഞ്ഞു പൊട്ടിക്കുന്ന ഗംഗയുടെ കൈയിലേക്ക് ശ്രദ്ധിച്ചു നോക്കിയാൽ കല്ല് കാണാൻ കഴിയും. പിന്നീടെന്നെങ്കിലും പ്രേക്ഷകൻ തിരിച്ചറിയുന്നെങ്കിൽ, അറിഞ്ഞോട്ടെ എന്ന് കരുതിയാണ് അങ്ങനെയൊരു രഹസ്യം ഒളിപ്പിച്ചു വച്ചത്.
ആദ്യ പ്രതികരണം
ചിത്രത്തിന്റെ ഫസ്റ്റ് കോപ്പിയായപ്പോൾ മദ്രാസിൽ ഒരു പ്രിവ്യു സംഘടിപ്പിച്ചു. ഷോ കഴിഞ്ഞപ്പോൾ ആരും ഈ സിനിമ ഒരു സംഭവം ആണെന്നോ തിയേറ്ററിൽ വൻ വിജയമാകുമെന്നോ പറഞ്ഞില്ല. എന്നാലത് സൂപ്പർഹിറ്റാകുമെന്ന് എനിക്ക് നൂറു ശതമാനം വിശ്വാസമുണ്ടായിരുന്നു. മണിച്ചിത്രത്താഴ് റിലീസായി മൂന്നു ദിവസം കഴിഞ്ഞിട്ടാണ് ഞാൻ ചെന്നൈയിൽ നിന്ന് കേരളത്തിൽ എത്തുന്നത്. ആ ആഴ്ച മറ്റ് നാല് മലയാള ചിത്രങ്ങൾ കൂടി റിലീസ് ചെയ്തിരുന്നു. മോഹൻലാലിന്റെ കളിപ്പാട്ടം, മമ്മൂട്ടിയുടെ ഗോളാന്തര വാർത്തകൾ പിന്നെ മറ്റേതോ രണ്ട് ചിത്രങ്ങളും. ഡിസ്ട്രിബ്യൂട്ടറെ വിളിച്ചു തിരക്കിയപ്പോൾ ഒന്നാം സ്ഥാനത്ത് കളിക്കുന്നത് കളിപ്പാട്ടമാണെന്ന് പറഞ്ഞു. രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ മറ്റ് ചിത്രങ്ങൾക്ക്. അഞ്ചാം സ്ഥാനത്താണ് മണിച്ചിത്രത്താഴ്. കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ കഥയാകെ മാറി. എല്ലാ സെന്ററുകളിലും മികച്ച അഭിപ്രായം വന്നു. സിനിമ കണ്ട ഇളയരാജ, എന്തുകൊണ്ട് ഈ ചിത്രത്തിന് ഫാസിൽ എന്നെ വിളിച്ചില്ലെന്നു ചോദിച്ചു. എനിക്ക് ലഭിച്ച ആദ്യത്തെ അഭിനന്ദനവും അവാർഡുമൊക്കെ ഇളയരാജയുടെ ആ വാക്കുകളായിരുന്നു.
ഇനി ഹൊറർ ചെയ്യില്ല
മണിച്ചിത്രത്താഴ് പൂർണമായും യഥാർത്ഥ്യബോധത്തിൽ നിന്നുണ്ടായ സിനിമയാണ്. എന്നാൽ അതൊരു സങ്കല്പ കഥകൂടിയാണ്. സങ്കല്പവും യാഥാർത്ഥ്യവും സമാസമം ചേർന്നൊരു ഹൊറർ ചിത്രം ഇനി എന്നിൽ നിന്നുണ്ടാവാൻ സാദ്ധ്യതയില്ല. ഒരു സംവിധായകന് ഏതു വിഷയവും അനായാസമായി കൈകാര്യം ചെയ്യാനുള്ള ഫ്ളെക്സിബിലിറ്റി ഉണ്ടാവണം. വ്യത്യസ്തമായ സിനിമകളെടുത്ത് ഫലിപ്പിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. മണിച്ചിത്രത്താഴിന്റെ സംവിധായകനാണ് ഹരികൃഷ്ണൻസ് എടുത്തതെന്ന് പറഞ്ഞാൽ അറിയാമെന്നുള്ളവർ അല്ലാതെ ആരാണ് വിശ്വസിക്കുക. പലരും വിലക്കിയപ്പോഴും ഞങ്ങൾ എടുത്തു കാണിച്ചുതരാമെന്നു പറഞ്ഞാണ് മണിച്ചിത്രത്താഴ് സംവിധാനം ചെയ്തത്. എല്ലാ പഴുതുകളുമടച്ച തിരക്കഥയിൽ അത്രയ്ക്ക് ആത്മവിശ്വാസമായിരുന്നു ഞങ്ങൾക്ക്.
ലാൽ എന്നും വിസ്മയം
ഞാൻ വളരെ സെൻസിറ്റീവാണ്. ഒരു കലാകാരൻ സെൻസിറ്റീവാകുന്നത് അവന്റെ കലയെ സംബന്ധിച്ച് വളരെ നല്ലതാണ്. പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും മനുഷ്യബന്ധങ്ങളുടെയും അപാരതലങ്ങളിലേക്ക് നമ്മുടെ സൃഷ്ടികളെ കൊണ്ടുവരാൻ കഴിയും. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ആദ്യത്തെ ചിത്രം അന്നുവരെയുള്ളതിൽ വച്ചേറ്റവും വലിയ പരീക്ഷണമായിരുന്നു. ഒരു കൂട്ടം പുതുമുഖങ്ങളെ വച്ച് അത്തരം ഒരു സിനിമ നിർമ്മിക്കാൻ നവോദയയോട് ആവശ്യപ്പെട്ടത് ഞാൻ തന്നെയാണ്. എന്റെ സിനിമാ ജീവിതത്തിലുടനീളം അത്തരം പരീക്ഷണങ്ങൾ കാണാൻ കഴിയും.
നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിൽ ഗേളിയെ കൊണ്ടുപോകുമ്പോൾ അയൽപക്കത്തെ കുട്ടികളെല്ലാം അടുത്ത് വന്നു നിൽക്കുന്നത് മനുഷ്യബന്ധത്തിന്റെയും നന്മയുടെയും ചിന്തയുള്ളതുകൊണ്ടാണ്. ജീവിതത്തിൽ കാണുന്നത് മാത്രമാണ് സിനിമയിലൂടെ ഞാൻ ആവിഷ്കരിക്കുന്നത്. ഹരികൃഷ്ണൻസിലെ ഇരട്ട ക്ലൈമാക്സൊക്കെ അന്നുവരെ ആരും ചിന്തിച്ചിട്ടില്ലാത്ത ശൈലിയാണ്. മധു മുട്ടവും കൈതപ്രവും ശങ്കറും ചാക്കോച്ചനും സിദ്ധിക്ക് ലാലും ഉൾപ്പെടെ ഒരുകൂട്ടം പ്രതിഭകളെ മലയാളത്തിലേക്ക് കൊണ്ടുവന്നതും ആ പരീക്ഷണങ്ങളുടെ ഭാഗമാണ്. മോഹൻലാലിനെപ്പോലുള്ള മഹാനായ നടനെ ആദ്യത്തെ സിനിമയിൽ അഭിനയിപ്പിച്ചത് എന്റെ ഭാഗ്യമായി കാണുന്നു. ഞാൻ കൊണ്ടു വന്നില്ലെങ്കിലും അദ്ദേഹം സിനിമയിൽ വരുമായിരുന്നു.