kamalnath

ഭോപ്പാൽ: മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെ 'കൊള്ളക്കാരൻ' എന്ന് വിളിച്ച് അധിക്ഷേപിച്ച സ്‌കൂൾ ഹെ‌ഡ്മാസ്റ്ററെ സസ്‌പെൻ‌ഡ് ചെയ്‌ത സംഭവത്തിൽ മുഖ്യമന്ത്രിതന്നെ ഇടപെട്ട് സസ്‌പെൻഷൻ പിൻവലിച്ചു. അദ്ധ്യാപകനോട് ക്ഷമിച്ചതായും അദ്ദേഹം പറ‌ഞ്ഞു. ജില്ലാ കളക്ടറാണ് ജബൽപൂർ സർക്കാർ പ്രൈമറി സ്‌കൂളിലെ ഹെഡ്മാസ്റ്ററായ മുകേഷ് തിവാരിയെ സസ്‌പെൻഡ് ചെയ്യാനുള്ള നിർദേശം നൽകിയത്.

സ്‌കൂളിൽ നടന്ന യോഗത്തിലായിരുന്നു തിവാരിയുടെ അധിക്ഷേപം. മുഖ്യമന്ത്രിയെ 'കൊള്ളക്കാരൻ' എന്ന് വിളിക്കുന്ന ഈ വീഡിയോ പിന്നീട് സോഷ്യൽമീ‌ഡിയയിൽ വൈറലായിരുന്നു. വീഡിയോ കണ്ട കോൺഗ്രസ് നേതാവാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് ജബൽപൂർ കളക്ടർ ഛവി ഭരദ്വാജ് ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്‌തത്. സസ്‌പെൻഡ് ചെയ്‌ത വാർത്തയറിഞ്ഞ മുഖ്യമന്ത്രി പിന്നീട് പിൻവലിക്കാൻ ഉത്തരവിടുകയായിരുന്നു.

‘ഞാൻ എപ്പോഴും ആവിഷ്ക്കാര സ്വതന്ത്രത്തിന് അനുകൂലമായിരുന്നു, അദ്ദേഹത്തിന്റെ പരാമർശം തീർച്ചയായും പെരുമാറ്റ ചട്ടങ്ങൾക്കെതിരായിരുന്നു, അത് തന്നെയാണ് സസ്‌പെൻഷനിൽ കലാശിച്ചതും. അദ്ദേഹം ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചായിരിക്കും ഇന്നീ നിലയിൽ എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തെ ആശ്രയിച്ചായിരിക്കും ജീവിക്കുന്നത്. അത്കൊണ്ട്തന്നെ സസ്‌പെൻഷൻ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കു'മെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമപ്രകാരം അദ്ദേഹത്തിന്റെ സസ്‌പെൻഷനെ ന്യായീകരിക്കാം, പക്ഷെ വ്യക്തിപരമായി സാധിക്കില്ല. എനിക്ക് അദ്ദേഹത്തോട് മാപ്പ് പറയണം, ഒരു അച്ചടക്ക നടപടിയും അദ്ദേഹത്തിനെതിരെയെടുക്കാൻ ആഗ്രഹിക്കുന്നില്ല. ഒരു അദ്ധ്യാപകന്റെ ജോലി നല്ല വിദ്യാഭ്യാസം തങ്ങളുടെ വിദ്യാർത്ഥികൾക്ക് നൽകുക എന്നതാണ്. ഭാവിയിൽ അദ്ദേഹം തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.