തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ ശബരിമല കർമ സമിതി ആഹ്വാനം ചെയ്‌ത ഹർത്താലിനിടെയുണ്ടായ സംഘർഷങ്ങളിൽ പൊലീസ് കുടുക്കിയത് മുഴുവൻ സാധാരണ പ്രവർത്തകരെയെന്ന് ആക്ഷേപം. അക്രമത്തിന് പരസ്യമായി അഹ്വാനം ചെയ്‌ത നേതാക്കളെപ്പോലും ഇതുവരെ കേസിൽ ഉൾപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല. സംസ്ഥാനത്തുണ്ടായത് ആസൂത്രിത കലാപനീക്കമാണെന്ന് സംസ്ഥാന സർക്കാർ ആരോപിക്കുമ്പോഴാണ് പ്രാദേശിക നേതാക്കളെപ്പോലും ഗൂഢാലോചനക്കേസിൽ ഉൾപ്പെടുത്താത്തത്. സംഘർഷത്തിനിടെ അറസ്‌റ്റിലായ പ്രവർത്തകരുടെ കേസ് നടപടികളുമായി സഹകരിക്കാൻ ചിലയിടങ്ങളിൽ നേതാക്കൾ സഹകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം, ചിലയിടങ്ങളിൽ ബി.ജെ.പിയുടെ മുതിർന്ന പ്രവർത്തകരെ കേസിൽ കുടുക്കിയതായും ആക്ഷേപം ഉയരുന്നുണ്ട്.
യുവതീ പ്രവേശനത്തിന് പിന്നാലെയുണ്ടായ ഹർത്താൽ പലയിടങ്ങളിലും സി.പി.എമ്മും ആർ.എസ്.എസും തമ്മിലുള്ള തെരുവ് യുദ്ധത്തിലേക്ക് വഴിവച്ചിരുന്നു. ഇതിനിടയിൽ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷന് നേരെ ബോംബാക്രമണവും ഉണ്ടായി. ഇതിലെ പ്രതിയായ ആർ.എസ്.എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് ആലപ്പുഴ നൂറനാട് സ്വദേശി പ്രവീണിനെ ഇതുവരെ പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പന്തളത്ത് ശബരിമല കർമസമിതി പ്രവർത്തകനെ കല്ലെറിഞ്ഞ് കൊന്ന കേസിൽ 10 സി.പി.എം പ്രവർത്തകരിൽ അഞ്ച് പേരെ ഇനിയും പിടികൂടാനുണ്ട്. കേരളത്തിലാകെ നടന്ന സംഭവങ്ങളിൽ ആകെ 38,000 പ്രതികളുണ്ടെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഇതുവരെ പിടിയിലായത് ആകെ 14,500 പേരാണ്. ബാക്കിയുള്ള പ്രതികളെ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പിടികൂടണമെന്ന് ഡി.ജി.പി നിർദ്ദേശിച്ചിട്ടുണ്ട്.
കേരളത്തിലുണ്ടായ സംഘർഷങ്ങൾ ആസൂത്രിതമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഗവർണർക്ക് നൽകിയ വിശദീകരണത്തിൽ സർക്കാർ ഇത് ആവർത്തിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ നേതാക്കളുടെ പങ്കിന് തെളിവില്ലെന്നാണ് പൊലീസിന്റെ നിലപാട്.
പ്രവീൺ തീവ്രവാദ പ്രസിദ്ധീകരങ്ങളുടെ പ്രചാരകൻ
നെടുമങ്ങാട് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി കൊല്ലം നൂറനാട് സ്വദേശി പ്രവീൺ ഏറെനാളായി നെടുമങ്ങാട് സംഘ മന്ദിരത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തകർക്ക് പരിശീലനം നൽകുകയായിരുന്നെന്ന് പൊലീസ് വെളിപ്പെടുത്തി. എതിരാളികളെ അമർച്ച ചെയ്യാൻ പലപ്പോഴും ഇയാൾ നേരിട്ട് രംഗത്തിറങ്ങിയിരുന്നു. തൊഴിലാളിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പൊലീസിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.
ഉത്തരേന്ത്യയിൽ നിന്നുള്ള ചില തീവ്ര ഹൈന്ദവ പ്രസിദ്ധീകരങ്ങളുടെ പ്രചാരകൻ കൂടിയായിരുന്നു. സംഘമന്ദിരം റെയ്ഡ് നടത്തിയപ്പോൾ ഇത്തരം പുസ്‌തകങ്ങൾ കണ്ടെടുത്തതായി ഡിവൈ.എസ്.പി അശോക് പറഞ്ഞു. ബോംബെറിഞ്ഞത് ഇയാളുടെ സ്വന്തം പദ്ധതിയനുസരിച്ചാണെന്ന് ബി.ജെ.പി നേതാക്കൾ വിശദീകരിക്കുമ്പോൾ, നേതാക്കളുടെ നിർദ്ദേശം നടപ്പിലാക്കുക മാത്രമാണ് ഇയാൾ ചെയ്‌തതെന്ന നിലപാടിലാണ് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതതെന്നും പ്രവീൺ അടക്കമുള്ള പ്രധാന പ്രതികൾ കീഴടങ്ങുന്നത് വരെ നേതാക്കൾക്കെതിരായ നടപടി തുടരുമെന്നും ഡിവൈ.എസ്.പി മുന്നറിയിപ്പ് നൽകി.
പ്രവീണിനെ കണ്ടെത്താൻ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം പൊലീസിന്റെ സഹായത്തോടെ ഊർജിതമായ തെരച്ചിൽ നടത്തുകയാണെന്നും ഡിവൈ.എസ്.പി പറഞ്ഞു.