ചെന്നൈ: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കവർച്ചയ്ക്ക് പിന്നിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണെന്ന് വെളിപ്പെടുത്തൽ നടത്തിയ മാദ്ധ്യമപ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. മാദ്ധ്യമപ്രവർത്തകനായ മാത്യു സാമുവലിനെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. കൂടാതെ പളനിസാമിക്കെതിരെ മാദ്ധ്യമപ്രവർത്തകർക്ക് മുന്നിൽ ആരോപണം ഉന്നയിച്ച കേസിലെ പ്രതികളായ കെ.വി സയൻ, വാളയാർ മനോജ് എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തു.
മാദ്ധ്യമ പ്രവർത്തകന്റെ ആരോപണങ്ങൾ തെറ്റാണെന്നും പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നുമായിരുന്നു പളനിസാമി പ്രതികരണം. വി.കെ ശശികല ടി.ടി.വി ദിനകരൻ എന്നിവരുടെ കുറ്റസമ്മതം നടത്തിയ വീഡിയോ ടേപ്പുകൾക്ക് വേണ്ടിയാണ് കവർച്ചനടത്തിയതെന്നായിരുന്നു മാദ്ധ്യമപ്രവർത്തകനായ മാത്യു സാമുവൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. അതേസമയം വീഡിയോ പുറത്തിറക്കിയവർ ശക്തമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നായിരുന്നു എ.ഐ.ഡി.എം.കെ ജോയിന്റ് കോർഡിനേറ്റർ പറഞ്ഞത്.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയുടെ നിർദ്ദേശ പ്രകാരം എസ്റ്റേറ്റിൽ നിന്ന് രേഖകൾ മോഷ്ടിക്കാൻ ശ്രമിച്ചപ്പോഴാണ് 2017 ഏപ്രിലിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടതെന്ന് സയൻ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പറഞ്ഞു. പിന്നീട് ദുരൂഹമായി കൊല്ലപ്പെട്ട എസ്റ്റേറ്റ് ഡ്രൈവർ കനകരാജാണ് അഞ്ചുകോടി കോടി രൂപയ്ക്ക് ക്വട്ടേഷൻ നൽകിയത്.
സയന്റെ ഭാര്യ വിനുപ്രിയയും അഞ്ചു വയസുള്ള മകളും കാർ അപകടത്തിൽ മരിച്ചിരുന്നു. സയൻ രക്ഷപ്പെട്ടു. എസ്റ്റേറ്റിലെ കംപ്യൂട്ടർ ഒാപ്പറേറ്റർ ദിനേഷ് കുമാറും ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ചു. എസ്റ്റേറ്റിൽ സൂക്ഷിച്ച 2000കോടി രൂപ മോഷ്ടിക്കാനാണ് കനകരാജ് ആവശ്യപ്പെട്ടത്. അവിടെയുള്ള രേഖകളായിരുന്നു ലക്ഷ്യം. താനും സംഘവും മോഷ്ടിച്ച ആ രേഖകളുടെ ബലത്തിലാണ് പളനിസ്വാമി അധികാരത്തിൽ ഇരിക്കുന്നതെന്നും ജയലളിതയുടെ മരണത്തിന്റെ വിവരങ്ങൾ പുറത്തു വരുമെന്നും സയൻ പറയുന്നു. ആയിരം ഏക്കറോളം ഉള്ള കൊടനാട് എസ്റ്റേറ്റിൽ ജയലളിതയ്ക്കും ഇപ്പോൾ ജയിലിലുള്ള തോഴി ശശികലയ്ക്കും ഉടമസ്ഥാവകാശമുണ്ട്. ബിനാമി സ്വത്തിന്റെ വിവരങ്ങൾ എസ്റ്റേറ്റിൽ സൂക്ഷിച്ചിരുന്നതായും പറയപ്പെടുന്നു.