ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് അജ്ഞാത ഇ-മെയിൽ സന്ദേശം. സംഭവത്തെ തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. 'ഞങ്ങൾ നിങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോകും. അവളെ സംരക്ഷിക്കാൻ കഴിയുന്നതൊക്കെ നിങ്ങൾ ചെയ്‌തോളൂ' എന്നായിരുന്നു സന്ദശം. മന്ത്രിയുടെ ഔദ്യോഗിക മെയിലിലാണ് സന്ദേശം അയച്ചിരിക്കുന്നത്. ഇ-മെയിൽ ബുധനാഴ്ച ലഭിച്ചുവെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വരുന്നത് ഇപ്പോഴാണ്.
കേസിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി ഡൽഹി പൊലീസ് കമീഷണർ അമുല്യ പട്നായിക്കിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യത്തങ്ങൾ സൂചിപ്പിച്ചു. ഭീഷണിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ മകളുടെ സുരക്ഷക്കായി ഒരു പൊലീസുകാരനെ നിയോഗിച്ചിട്ടുണ്ട്. ഇ-മെയിലിനെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി ഡൽഹി പൊലീസ് വ്യക്തമാക്കി. സൈബർ സെല്ലിലെ പ്രത്യേക സംഘമാവും കേസ് അന്വേഷിക്കുക. ഇ-മെയിലിന്റെ ഐ.പി അഡ്രസ് കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
രണ്ട് മക്കളാണ് കേജ്‌രിവാളിനുള്ളത്. ഹർഷിതയും സഹോദരൻ പുൽകിതും. 2014ൽ ഐ.ഐ.ടി പ്രവേശന പരീക്ഷയിൽ പാസായ ഹർഷിദ വാർത്തകളിൽ നിറഞ്ഞിരുന്നു. തന്റെ മകൾ ഐ.ഐ.ടിയിൽ നിന്നും വീട്ടിലേക്ക് തിരിച്ച് വരുന്നത് വരെ തങ്ങൾക്ക് ആധിയാണെന്ന് കേജ്‌രിവാൾ മുമ്പ് പറഞ്ഞിരുന്നു. രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.