arpo-arthavam

കൊച്ചി: ആർത്തവ അയിത്തത്തിനെതിരെ തൊട്ടുകൂടാം എന്ന് പ്രഖ്യാപിച്ച് കൊച്ചിയിൽ നടക്കുന്ന ആർപ്പോ ആർത്തവം പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. പരിപാടിയുടെ സംഘാടകർ തീവ്രസ്വഭാവക്കാരാണെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം. ഇന്ന് കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ 12 മണിക്കാണ് മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ പരിപാ‌ടിയുടെ സംഘാടകർ തീവ്രസ്വഭാവക്കാരാണെന്ന് കൊച്ചി റേഞ്ച് ഐ.ജി മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് തീരുമാനം മാറ്റിയത്. അതേസമയം, ഈ പരിപാടി മുഖ്യമന്ത്രിയുടെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

ആർത്തവം അയിത്തമല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് കേരളത്തിനകത്തും പുറത്തുനിന്നുമായെത്തുന്ന സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരടക്കം ആയിരങ്ങൾ ആർത്തവ റാലിയിൽ അണിനിരക്കുമെന്നാണ് സംഘാടകർ പറയുന്നത്. ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ എതിർപ്പുയർന്ന പശ്ചാത്തലത്തിൽ എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നവംബർ 25ന് ആർപ്പോ ആർത്തവത്തിന്റെ കൊടിയേറ്റം നടന്നിരുന്നു. ഒരു പകൽ നീണ്ട പൊതുപരിപാടിയും റാലിയുമാണ് അന്ന് നടന്നത്. സവർണ എതിർപ്പിനെ മറികടന്ന് പഞ്ചമിയെ പള്ളിക്കൂടത്തിലേക്ക് നയിക്കുന്ന മഹാത്മാ അയ്യങ്കാളിയുടെ ചിത്രമാണ് ആർപ്പോ ആർത്തവത്തിന്റെ ലോഗോ.