പെരുന്ന: സാമ്പത്തിക സംവരണം നടപ്പാക്കിയതിന് കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് എൻ.എസ്.എസ്. സാമ്പത്തിക സംവരണം നടപ്പാക്കിയതിലൂടെ എല്ലാ വിഭാഗങ്ങൾക്കും സാമൂഹിക നീതി നടപ്പാക്കാൻ വേണ്ടിയുള്ള നീതി ബോധവും ഇച്ഛാശക്തിയുമാണ് നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസർക്കാർ തെളിയിച്ചിരിക്കുന്നതെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കത്തിൽ പറയുന്നു.
സമുദായത്തിന്റെ ദീർഘകാലത്തെ ആവശ്യം അംഗീകരിച്ചതിന് നന്ദി അറിയിക്കുന്നുവെന്ന് മോദിക്ക് അയച്ച കത്തിൽ പറയുന്നു. 'നിലവിലുള്ള സംവരണ വ്യവസ്ഥകൾക്ക് യാതൊരു മാറ്റവും വരുത്താതെ തന്നെ പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ട മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളിൽ 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തികൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ചരിത്രപരവും അഭിനന്ദനാർഹവുമാണ്'- സുകുമാരൻ നായർ കത്തിൽ വ്യക്തമാക്കുന്നു.
യു.പി.എ സർക്കാരിന്റെ കാലത്ത് സാമ്പത്തിക സംവരണത്തെക്കുറിച്ച് പഠിക്കാൻ സമിതി രൂപീകരിച്ചെങ്കിലും റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടിയുണ്ടായില്ലെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്തായാലും ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേന്ദ്രസർക്കാരിനെ അഭിനന്ദിച്ചുള്ള കൊണ്ടുള്ള എൻ.എസ്.എസ് നിലപാട് കേരള രാഷ്‌ട്രീയം അതീവ ശ്രദ്ധയോടെയാണ് കാണുന്നത് എന്നതിൽ സംശയമില്ല.