murder

ഇൻഡോർ: 'ദൃശ്യം' സിനിമയിലെ കൊലപാതകത്തിന് സമാനമായി യുവതിയെ കൊലപ്പെടുത്തിയ കേസിൽ ബി.ജെ.പി നേതാവും മൂന്ന് മക്കളുമടക്കം അഞ്ച് പേർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. 2016ൽ ട്വിങ്കിൾ എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ്. ബി.ജെ.പി നേതാവ് ജഗദീഷ് കരോട്ടിയ(65)​,​ മക്കളായ അജയ്(36)​,​ വിജയ്(38),​ വിനയ്(36)​,​ സഹായി നീലേഷ്,​ കശ്യപ് എന്നിവരാണ് അറസ്റ്റിലായത്.​

ബി.ജെ.പി നേതാവ് ജഗദീഷ് കരോട്ടിയയും ട്വിങ്കിൾ ദാഗ്രേ (22)​ എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. ജഗദീഷിനൊപ്പം താമസിക്കണമെന്ന് ട്വിങ്കിൾ വാശിപിടിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് മക്കളുടെ സഹായത്തോടെ യുവതിയെ ജഗദീഷ് കൊലപ്പെടുത്തുകയായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് കുഴിച്ചു മൂടുകയായിരുന്നു. സമാനമായ രീതിയിൽ ഒരു നായയെയും ഇവർ കുഴിച്ചിട്ടിരുന്നു.

പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷണത്തിൽ ജഗദീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തുടർന്ന് നായയെ കുഴിച്ചിട്ട സ്ഥലമാണ് ഇയാൾ പൊലീസിന് കാണിച്ച് കൊടുത്തത്. കേസ് വഴിതിരിച്ച് വിടാനായാണ് ഇവർ ഇത്തരത്തിലൊരു നീക്കം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

പ്രതികളിൽ സംശയം നിലനിൽക്കെ കേസ് പരിഹരിക്കാനായി ഒരു ശാസ്ത്രീയ സമീപനം പൊലീസ് നടത്തിയിരുന്നു. ബി.ഇ.ഓ.എസ് (ബ്രെയിൻ ഇലക്ടിക്കൽ ഓസിലേഷൻ സിഗ്നേച്ചർ)​ അഥവാ ബ്രെയിൻ ഫിംഗർപ്രിന്റിംഗ് പരിശോധന. കരോട്ടിയയിലും രണ്ട് മക്കളിലും പരിശോധന നടത്തിയതോടെയാണ് സംഭവം പുറത്തായത്. ഇൻഡോറിൽ ഒരു കേസിനു വേണ്ടി ആദ്യമായാണ് ഇത്തരത്തിലൊരു പരിശോധന നടത്തുന്നതെന്ന് പൊലീസ് അധികൃതർ പറഞ്ഞു.

തുടർന്നുള്ള അന്വേഷണത്തിൽ പരിസര പ്രദേശത്ത് നിന്ന് പെൺകുട്ടിയുടെ ആഭരണങ്ങളും ചെയിനും പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് കരോട്ടിയെയും മക്കളെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യം സിനിമയാണ് തെളിവ് നശിപ്പിക്കാൻ പ്രചോദനമായതെന്ന് ജഗദീഷ് പൊലീസിന് മൊഴി നൽകി. ഇതിനായി സിനിമ പല തവണ കണ്ടതായി പ്രതി കുറ്റസമ്മതത്തിൽ വ്യക്തമാക്കി. കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വഴിയെ പുറത്തുവിടുമെന്ന് പൊലീസ് വ്യക്തമാക്കി.