nirmala-seetharaman

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കോൺഗ്രസ് നേതൃത്വം പാകിസ്ഥാന്റെ സഹായം തേടിയെന്ന ആരോപണവുമായി പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ രംഗത്തെത്തി. എൻ.ഡി.എ സർക്കാരിന്റെ തീരുമാനങ്ങളും നടപടികളും മൂലം അന്താരാഷ്ട്ര തലത്തിൽ തന്നെ പാകിസ്ഥാൻ ഒറ്റപ്പെട്ട് നിൽക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ബി.ജെ.പി നാഷണൽ കൺവെൻഷനിൽ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നരേന്ദ്ര മോദിയുടെ നയതന്ത്ര മികവും ഭരണനേട്ടങ്ങളും കാരണം പാകിസ്ഥാൻ അന്താരാഷ്ട്ര തലത്തിൽ തന്നെ ഒറ്റപ്പെട്ടിരിക്കുകയാണ്. മോദി എല്ലാ രാജ്യങ്ങളിലെ നേതാക്കളുമായും നല്ല ബന്ധം സൂക്ഷിക്കുന്നുണ്ട്. ഇങ്ങനെ പോയാൽ തങ്ങളുടെ ഭീകര പ്രവർത്തനങ്ങളൊന്നും ഇന്ത്യയിൽ നടക്കില്ലെന്ന് പാകിസ്ഥാന് നന്നായി അറിയാം. പാകിസ്ഥാന്റെ എല്ലാ ഭീകര പ്രവർത്തനങ്ങളും ഇപ്പോൾ അതിർത്തിയിൽ വച്ച് തടയുകയാണ്. മോദിയുടെ നേതൃത്വത്തിൽ സൈന്യം അതിർത്തി കടന്ന് മിന്നലാക്രമണം നടത്തി. എന്നാൽ ഇതിനെ പ്രശംസിക്കേണ്ട പ്രതിപക്ഷം തെളിവ് ചോദിക്കുകയാണ് ചെയ്‌തത്. ഈ പ്രതിപക്ഷം തന്നെയാണ് മോദിയെ പുറത്താക്കാൻ പാകിസ്ഥാന്റെ സഹായം തേടിയത്. ഇത്തരത്തിലാണ് കോൺഗ്രസ് രാഷ്ട്രീയം കളിക്കുന്നതെന്നും അവർ ആരോപിച്ചു.

മോദിയുടെ ഭരണത്തിൻ കീഴിൽ മാത്രമേ ഇന്ത്യയ്‌ക്ക് നല്ല രീതിയിൽ വളരുവാൻ കഴിയൂ. കേന്ദ്രസർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണത്തിന് കീഴിൽ ഒരു അഴിമതി ആരോപണം പോലും ഉണ്ടായിട്ടില്ല. മാത്രവുമല്ല ഒരു വലിയ ഭീകരാക്രണവും ഇന്ത്യയിൽ നടന്നിട്ടുമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാകണം തിരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്നും മന്ത്രി പറഞ്ഞു.