ദുബായ്: ചങ്കൂറ്റവും ധൈര്യവും കൊണ്ട് കടൽ കടന്ന മലയാളി കേരളത്തിലേക്ക് തിരികെ കൊണ്ടുവന്ന ഭക്ഷണസാധനങ്ങളിൽ ഒന്നാണ് ഷവർമ. വ്യത്യസ്തമായ രുചിയും മണവും ഷവർമയെ മലയാളിയുടെ ഇഷ്‌ടഭക്ഷണമാക്കി മാറ്റാനും വലിയ താമസമുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ഷവർമയെച്ചൊല്ലി ഇന്ന് ലോകം രണ്ട് തട്ടിലാണ്. ഷവർമയുടെ പിതൃത്വത്തെ ചൊല്ലിയാണ് തർക്കം. ഷവർമ ഇസ്രായേലിലെ അറിയപ്പെടുന്ന തെരുവ് ഭക്ഷണമാണെന്ന് ഒരു പത്രം എഴുതിയതോടെയാണ് തർക്കം തുടങ്ങുന്നത്. അറേബ്യൻ മേഖലയിൽ വർഷങ്ങളായി പ്രചാരണത്തിലുള്ള ഭക്ഷണം ഒരു രാജ്യത്തിന് മാത്രം അവകാശപ്പെട്ടതല്ലെന്നാണ് ചിലരുടെ അഭിപ്രായം.
Shawarma, the iconic Israeli street food, is slowly making a comeback in Tel Aviv https://t.co/QzKbPRrPio
— Haaretz.com (@haaretzcom) January 9, 2019
ഷവർമ ഇസ്രായേലിലെ ഭക്ഷണമാണെന്ന് പറയുന്നത് പിസ ന്യൂയോർക്കിൽ നിന്ന് ഉണ്ടായ ഭക്ഷണമാണെന്ന വാദത്തിന് തുല്യമാണെന്ന് ചിലർ പറയുന്നു. ഷവർമ ഒട്ടോമാൻ സംസ്‌ക്കാരത്തിന്റെ ഭാഗമായിരുന്നുവെന്ന് പത്രം നേരത്തെ റിപ്പോർട്ട് നൽകിയിരുന്ന കാര്യവും ചിലർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഷവർമ ഇസ്രായേലിന് മാത്രം അവകാശപ്പെട്ടതാണെന്നും അതിന് മറ്റാരും അവകാശവാദം ഉന്നയിക്കേണ്ട കാര്യമില്ലെന്നാണ് ഒരു കൂട്ടരുടെ വാദം. ഞങ്ങളുടെ ഭൂമിയും സംസ്‌ക്കാരവും കവർന്നെടുത്തപ്പോലെ ഷവർമയെ വിട്ടുതരില്ലെന്നും ചിലർ വികാരാധീനരാകുന്നു. സംഗതി എന്തായാലും ലോകത്തെ ഏറ്റവും നല്ല ഷവർമ കിട്ടണമെങ്കിൽ ഇസ്രായേലിലേക്ക് തന്നെ വരണമെന്നാണ് മറ്റ് ചിലർ പറയുന്നത്. എന്തായാലും ഒരു ഷവർമ കാരണം ലോകം രണ്ട് തട്ടിലായ ഞെട്ടലിലാണ് സോഷ്യൽ മീഡിയ.
ഷവർമ
അറബികളുടെ ഇഷ്‌ടവിഭവമായ ഷവർമയുടെ ജന്മസ്ഥലം തുർക്കിയെന്നാണ് വിക്കിപീഡിയ പറയുന്നത്. കമ്പിയിൽ കോർത്ത് കനലിൽ ചുട്ടെടുത്ത ഇറച്ചി പ്രത്യേക മസാല ചേർത്ത് കുബ്ബൂസിലോ റൊട്ടിയിലോ പൊതിഞ്ഞാണ് ഷവർമ തയ്യാറാക്കുന്നത്. ആട്, കോഴി എന്നിവയുടെ ഇറച്ചിയാണ് സാധാരണയായി ഇതിന് ഉപയോഗിക്കുന്നത്. ബീഫും ഒട്ടക ഇറച്ചിയും ഉപയോഗിച്ച് ഷവർമ തയ്യാറാക്കുന്ന സ്ഥലങ്ങളും വിദേശ രാജ്യങ്ങളിലുണ്ട്.