kaumudy-news-headlines

1. സാമ്പത്തിക സംവരണം നടപ്പാക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് എന്‍.എസ്.എസിന്റെ കത്ത്. സമുദായത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യം അംഗീകരിച്ചതിന് നന്ദി എന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. മോദിയുടെ നേതൃത്വത്തിന് പ്രാര്‍ത്ഥനകള്‍ അറിയിച്ച കത്തില്‍ കോണ്‍ഗ്രസിന് വിമര്‍ശനം. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക സംവരണത്തെ കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിച്ചെങ്കിലും റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്ന് കത്തില്‍ കോണ്‍ഗ്രസിന് എന്‍.എസ്.എസിന്റെ വിമര്‍ശനം. എന്‍.എന്‍.എസുമായി കൂടുതല്‍ അടുക്കാന്‍ കത്ത് വഴിവയ്ക്കുമെന്ന് ബി.ജെ.പി ദേശീയ നേതാക്കളുടെ വിലയിരുത്തല്‍.

2. എന്‍.എസ്.എസിന്റെ നീക്കം കേരളത്തില്‍ സമുദായ സമവാക്യങ്ങള്‍ അനുകൂലമാക്കാന്‍ കരുക്കള്‍ നീക്കുന്ന ബി.ജെ.പി ദേശീയ നേതൃത്വത്തിന് ഒരു മുതല്‍ക്കൂട്ടാകാനും സാധ്യത. ഇതോടെ കേരള സന്ദര്‍ശനത്തിന് എത്തുന്ന പ്രധാനമന്ത്രി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്താനോ, മന്നം സമാധിയില്‍ പങ്കെടുക്കാനുള്ള സാധ്യതയും തള്ളി കളയാന്‍ ആവില്ല. മുന്നാക്കക്കാരില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ എന്‍.എസ്.എസ് നേരത്തെ പ്രശംസിച്ചിരുന്നു.

3. മകരവിളക്ക് ഉത്സവത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ മകരവിളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ട്. ആശയക്കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നും തീരുമാനങ്ങള്‍ എടുത്തത് ബോര്‍ഡും സര്‍ക്കാരും കൂടിയാലോചിച്ച ശേഷമെന്നും സന്നിധാനത്ത് ബോര്‍ഡ് പ്രസിഡന്റിന്റെ പ്രതികരണം

4. മകരവിളക്ക് ഒരുക്കങ്ങള്‍ സന്നിധാനത്ത് പുരോഗമിക്കുന്നു. മകരവിളക്കിനോട് അനുബന്ധിച്ച് ഉള്ള ശുദ്ധിക്രിയകള്‍ സന്നിധാനത്ത് ഇന്നലെ പൂര്‍ത്തിയായി. ഇന്ന് ഉച്ച പൂജയ്ക്ക് മുന്നോടിയായുള്ള ബിംബ ശുദ്ധിക്രിയ അടക്കമുള്ള പൂജകള്‍ സന്നിധാനത്ത് നടക്കും. തിരുവാഭരണ ഘോഷയാത്രയും പുരോഗമിക്കുന്നു. നാളെ വൈകിട്ട് തിരുവാഭരണം സന്നിധാനത്ത് എത്തി ചേരും

5. മകരവിളക്ക് ക്രമീകരണങ്ങളില്‍ ഹൈക്കോടതി മേല്‍നോട്ട സമിതി ഇന്ന് അവസാന വട്ട വിലയിരുത്തലുകള്‍ നടത്തും. യുവതി പ്രവേശന വിവാദത്തെ തുടര്‍ന്ന് പൊലീസ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. മകരവിളക്കിനായി 2,275 പൊലീസുകാരെ സന്നിധാനത്തും പരിസരത്തും നിയോഗിച്ചും പൊലീസിന്റെ മുന്നൊരുക്കം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സന്നിധാനത്തും പരിസരപ്രദേശത്തും തിരക്ക് കുറവ്. മകരവിളക്കിന് സന്നിധാനത്ത് മൂന്ന് ലക്ഷം തീര്‍ത്ഥാടകര്‍ എത്തുമെന്ന പ്രതീക്ഷയില്‍ ദേവസ്വം ബോര്‍ഡ്.

6. സി.ബി.ഐ തലപ്പത്തെ പോരില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ. കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ പക്ഷം പിടിക്കുന്നു എന്ന് അലോക് വര്‍മ്മ. അസ്താനയ്ക്ക് എതിരായ ആരോപണങ്ങള്‍ നീക്കണമെന്ന് സി.വി.സി അംഗം കെ.വി ചൗധരി തന്റെ വസതിയില്‍ എത്തി ആവശ്യപ്പെട്ടു. പരാമര്‍ശങ്ങള്‍ നീക്കിയാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ചൗധരി ഉറപ്പ് നല്‍കി എന്നും അലോക് വര്‍മ്മ. പുതിയ വെളിപ്പെടുത്തല്‍, അലോക് വര്‍മ്മയ്ക്ക് എതിരെ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത സാഹചര്യത്തില്‍.

7. സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മയെ മാറ്റിയ നടപടി ഏകപക്ഷീയം എന്ന് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഡയറക്ടറെ മാറ്റാന്‍ അധികാരപ്പെട്ട സമിതിയുടെ ഒരു യോഗം പോലും ചേരാതെ ആണ് ആദ്യം വര്‍മയെ മാറ്റിയത്. പിന്നീട് സുപ്രീംകോടതി വിധി വന്നതിനു ശേഷം സമിതി യോഗം ചേര്‍ന്ന് അദ്ദേഹത്തെ മാറ്റിയെങ്കിലും ആവശ്യമായ രേഖകളൊന്നും പരിശോധിച്ച ശേഷം ആയിരുന്നില്ല നടപടി എന്നും ഖാര്‍ഗെ

8. സി.വി.സി റിപ്പോര്‍ട്ട് മാത്രം അടിസ്ഥാനപ്പെടുത്തി ആണ് നടപടി എടുത്തത്. ജസ്റ്റിസ് പട്നായിക്കിന്റെ റിപ്പോര്‍ട്ട് പോലും പരിശോധിക്കാന്‍ സമിതിയിലെ മറ്റ് അംഗങ്ങള്‍ തയറായില്ലെന്നും ഖാര്‍ഗെയുടെ വെളിപ്പെടുത്തല്‍. സി.വി.സി അന്വേഷണ മേല്‍നോട്ട ചുമതല ഉണ്ടായിരുന്ന ജസ്റ്റിസ് പട്നായിക്കും ഇന്നലെ അലോക് വര്‍മയെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.

9. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്.പി- ബി.എസ്.പി സഖ്യം രൂപപ്പെട്ടതോടെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്. യു.പിയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലക്നൗവില്‍ ഇന്ന് കോണ്‍ഗ്രസ് യോഗം ചേരും. പാര്‍ട്ടി തീരുമാനം, സഖ്യത്തോട് കരുതലോടെ പ്രതികരിക്കാന്‍. സഖ്യ പ്രഖ്യാപനം നടന്നത് എസ്.പി നേതാവ് അഖിലേഷ് യാദവും ബി.എസ്.പി നേതാവ് മായാവതിയും ഇന്നലെ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയതോടെ

10. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ് യോഗം ചേരുന്നത് ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദിന്റെ നേതൃത്വത്തില്‍. ഇരുപാര്‍ട്ടികളുടെയും സഖ്യ പ്രഖ്യാപനം വന്നതിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബറുമായി ഗുലാംനബി ആസാദ് കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, ബി.ജെ.പി ഭയക്കുന്നത് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യത്തേക്കാള്‍ കോണ്‍ഗ്രസ് ഇല്ലാത്ത ഇരുപാര്‍ട്ടികളുടെയും സഖ്യത്തെ എന്നും വിലയിരുത്തല്‍

11. അതിനിടെ, പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായി സഖ്യം സ്ഥാപിച്ച് നില മെച്ചപ്പെടുത്താന്‍ ഒരുങ്ങി ഇടതുപാര്‍ട്ടികള്‍. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ സീറ്റ് ധാരണ സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് ഇടതുപാര്‍ട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബംഗാളില്‍ കോണ്‍ഗ്രസുമായും തമിഴ്നാട്ടില്‍ ഡി.എം.കെയുമായും സി.പി.എം സഖ്യത്തിന് ശ്രമിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്- എന്‍.സി.പി സഖ്യത്തിലും ബീഹാറില്‍ ആര്‍.ജെ.ഡിയുമായും ഇടതുപാര്‍ട്ടികള്‍ സഖ്യ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.