wedding-card

അഹമ്മദാബാദ്: ഒറ്റനോട്ടത്തിൽ കണ്ടാൽ വിവാഹക്ഷണക്കത്ത്, എന്നാൽ അഥിതികളെ ക്ഷണിക്കുന്നതിനുപുറമെ അകത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വരുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അഭ്യർത്ഥനയാണ് പ്രധാനമായും ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഗുജറാത്തിലെ സൂറത്ത് സ്വദേശികളായ യുവരാജ്-സാക്ഷി എന്നിവരുടെ വിവാഹക്ഷണക്കത്തിലാണ് 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വോട്ട് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചത്. ക്ഷണക്കത്തിന്റെ ഒരു ഭാഗത്ത് 'സമാധാനമായി ഇരിക്കൂ, നമോയെ വിശ്വസിക്കൂ' എന്ന തലക്കെട്ടോടുകൂടി റാഫേൽ ഇടപാട് സംബന്ധിച്ച വിവരങ്ങളും നൽകിയിരിക്കുന്നു. തലക്കെട്ടിന്റെ ഇരുവശങ്ങളിലുമായി രണ്ട് റാഫേൽ വിമാനങ്ങളുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ആയുധധാരിയായ ജെറ്റിന്റേയും സാധാരണ വിമാനത്തിന്റെയും വില തമ്മിൽ ഒരു വിഢ്ഡി പോലും താരതമ്യം ചെയ്യില്ല. റാഫേൽ‌ ഇടപാടിൽ കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ പിൻതുടരുന്ന തരത്തിലാണ് ക്ഷണക്കത്തിലും വിവരങ്ങൾ നൽകിയിട്ടുള്ളത്. ഇടപാടിൽ റിലയൻസിനെ പങ്കാളിയാക്കാൻ തിരഞ്ഞെടുത്തതിന്റെ കാരണങ്ങളും ക്ഷണക്കത്തിൽ വിശദീകരിക്കുന്നുണ്ട്. ബി.ജെ.പിയുടെ നമോ ആപ്പിന്റെ സു​ഗമമായ പ്രവർത്തനത്തിന് സംഭാവനകൾ നൽകാനും ക്ഷണക്കത്തിൽ വധുവും വരനും ആവശ്യപ്പെടുന്നുണ്ട്. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട വിശദമായ അവലോകനമാണ് ക്ഷണക്കത്തിന്റെ പ്രത്യേകത. ക്ഷണക്കത്തിന്റെ അവസാന പേജിലാണ് റാഫേൽ ഇടപാട് സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുള്ളത്.

നേരത്തെ മംഗളൂരു സ്വദേശികളും തങ്ങളുടെ ക്ഷണക്കത്തിൽ മോദിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. സൂറത്തിൽ കഴിഞ്ഞ ആഴ്‌ച്ച ധവാൽ-ജയ എന്നീ ദമ്പതികളുടെ വിവാഹ ക്ഷണക്കത്തിലും ഇത്തരത്തിലുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വിതരണം ചെയ്‌തിരുന്നു. വിവാഹത്തിന് വരുമ്പോൾ സമ്മാനം വേണ്ട,​ പകരം 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്ക് വോട്ട് നൽകിയാൽ മതിയെന്നാണ് വിവാഹക്കത്തിലെ അഭ്യർത്ഥന. ആ വോട്ടാണ് ഞങ്ങൾക്കുള്ള സമ്മാനമെന്നും കത്തിൽ കുറിക്കുന്നു. വധുവിന്റെ വീട്ടുകാരാണ് ഈ വ്യത്യസ്തമായ ക്ഷണക്കത്ത് തയ്യാറാക്കിയത്.

നരേന്ദ്രമോദിയുടെ ഭരണത്തിലെ വികസന നേട്ടങ്ങളെക്കുറിച്ചുള്ള വിവാഹ ക്ഷണക്കത്തും പുറത്തുവന്നിട്ടുണ്ട്. മോദി സർക്കാർ നടപ്പിലാക്കിയ പദ്ധതികളും ഉ‍ൾപ്പെടുത്തിയിട്ടുണ്ട്. മംഗളൂരു സ്വദേശിയായ അരുൺ പ്രസാദാണ് ഈ വിവാഹക്ഷണക്കത്തിന്റെ ചിത്രം പങ്കുവച്ചത്. ക്ഷണക്കത്ത് പോലുള്ള പ്രചാരണ മാർഗങ്ങൾ ആയുധമാക്കി തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് ബി.ജെപി.