കോലഞ്ചേരി: സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച കുട്ടിക്കല്യാണം വീഡിയോ ചിത്രീകരിച്ചത് ഏഴ് മാസം മുമ്പ്. 'വരനും വധുവും' പിണങ്ങിപ്പിരിഞ്ഞതാണ് സംഭവം പുറത്താകാൻ കാരണം. ചെറുക്കൻ പ്ലസ് ടുവിനും പെൺകുട്ടി പത്താം ക്ലാസിലും വ്യത്യസ്ത സ്‌കൂളുകളിലാണ് പഠിക്കുന്നത്. 'വധു'വിന്റെ സ്‌കൂളിനു പിന്നിലെ പറമ്പായിരുന്നു കല്യാണ വേദി.
വീഡിയോ മൊബൈലിൽ ചിത്രീകരിച്ചത് 'വരന്റെ' സുഹൃത്തും. ഇയാളാണ് കമിതാക്കൾ തെറ്റിപ്പിരഞ്ഞ ശേഷം സഹപാഠികൾക്ക് വീഡിയോ അയച്ചു കൊടുത്തത്. പിന്നാലെ ഇത് വാട്സപ്പിലും ഫേസ് ബുക്കിലു വൈറലായി. കേസിൽ സാക്ഷിയാണ് ഈ 'വീഡിയോഗ്രാഫർ'.
വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയിൽ വരനായ സഹപാഠിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ കുന്നത്തുനാട് പൊലീസ് സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് സമർപ്പിച്ചു. കോടതി വിദ്യാർത്ഥിക്ക് നോട്ടീസും നല്കി.
ഇനി കൗൺസലിംഗ് നടപടികൾക്കു ശേഷം സാക്ഷി വിസ്താരമുൾപ്പടെ നടക്കും.
തന്നെ ദേഹോപദ്രവം ഏൽപ്പിച്ചാണ് താലികെട്ട് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് പെൺകുട്ടിയുടെ മൊഴി. രണ്ടാഴ്ച മുമ്പാണ് സ്‌കൂൾ യൂണിഫോമിലുള്ള പെൺകുട്ടിയെ ആൺകുട്ടി താലി കെട്ടി നെറ്റിയിൽ സിന്ദൂരം ചാർത്തുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിനെതിരെ കേരള പൊലീസിന്റെ സൈബർ സെൽ മുന്നറിയുപ്പുമായി രംഗത്തെത്തിയപ്പോഴേക്കും സംഗതി വൈറലായി പടർന്നിരുന്നു.