ന്യൂഡൽഹി: ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച യുവതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യാ ഗേറ്റിന് സമീപത്ത് വച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. സുൽത്താന ഖാൻ എന്ന പേര് മാത്രമാണ് ഇവർ പൊലീസിനോട് പറഞ്ഞത്. മറ്റ് വിവരങ്ങളൊന്നും ഇവർ വ്യക്തമാക്കിയിരുന്നില്ല.
രാവിലെ എട്ട് മണിയോടെ ഇന്ത്യാ ഗേറ്റിന് സമീപത്തെ സൈനിക സ്മാരകത്തിന് സമീപത്താണ് ഇവരെ സുരക്ഷാ ജീവനക്കാർ കണ്ടത്. ശേഷം സൈനിക സ്മാരകത്തിലേക്ക് ഇവർ ചെരുപ്പ് വലിച്ചെറിയുകയും ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയുമായിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ചോദ്യം ചെയ്യലിൽ ഇവർക്ക് സ്വന്തം വീടോ മറ്റ് കാര്യങ്ങളെ കുറിച്ചോ വ്യക്തത ഇല്ലായിരുന്നു. സുൽത്താനയുടെ മാനസിക സ്ഥിതി ശരിയല്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മധുർ വർമ്മ പറഞ്ഞു. താല്ക്കാലികമായി സുൽത്താനയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരിശോധനക്ക് ശേഷം ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.