ഉള്ളതും ഇല്ലാത്തതുമായി കലർന്നു നില്ക്കുന്ന ഒരു അദ്ഭുതരചനയാണ് ഇക്കാണപ്പെടുന്ന പ്രപഞ്ചം. ഇതിൽ ഉള്ളത് ഏത്, ഇല്ലാത്തത് ഏത്, എന്നു തിരിച്ചറിയാൻ സാമാന്യബോധമുളളവർക്കുപോലും വേഗം സാധിക്കില്ല. കാരണം പ്രത്യക്ഷത്തിൽ കാണുന്നതെല്ലാം ഉള്ളത് തന്നെയെന്ന ബോധമാണ് ഒരുവനിൽ സർവത്ര വ്യാപരിച്ചു നില്ക്കുന്നത്. ഇതുകൊണ്ട് എന്താണ് ദോഷമെന്ന് ഒരുപക്ഷേ ശാസ്ത്രപഠിതാക്കൾ ചോദിച്ചേക്കാം. എന്നാൽ ഇതുകൊണ്ട് ദോഷമേയുള്ളു എന്നാണ് ഒറ്റവാക്കിലുള്ള ഉത്തരം. അതിന് ഒരുദാഹരണം പറയാം.
ഒരു പറ്റം മാൻപേടകൾ അവയുടെ കടുത്തദാഹം ശമിപ്പിക്കാൻ അല്പം ജലത്തിനായി അലഞ്ഞു നടക്കുന്നു എന്ന് കരുതുക. ഒടുവിൽ നടന്നുനടന്നു അവ ഒരു മരുഭൂമിയുടെ അടുത്തെത്തി. ആ മരുഭൂമിയുടെ അങ്ങേത്തലയ്ക്കൽ വെയിൽനാളങ്ങൾ വായുവുമായി കലർന്നുകിടക്കുന്ന കാഴ്ച കണ്ടപ്പോൾ ആ മാൻപേടകൾക്ക് അത് ജലമാണെന്നു തോന്നിച്ചു. അവ കൂട്ടത്തോടെ ആ ജലം തേടി ഓട്ടമായി. പക്ഷേ എത്ര ഓടിയിട്ടും വീണ്ടും വീണ്ടും ജലം അകലെയകലെ കാണപ്പെട്ടതല്ലാതെ അതിനടുത്തെത്താനുള്ള അവയുടെ ആഗ്രഹവും പരിശ്രമവും യാഥാർത്ഥ്യമായില്ല. അങ്ങനെ ഓടിത്തളർന്നു വീണ ആ മാൻപേടകൾ അവസാനം ഒന്നൊന്നായി മരണത്തിനു കീഴടങ്ങി. മരുഭൂമിയിൽ കാണപ്പെടുന്ന ജലം യഥാർത്ഥത്തിൽ ഉള്ളതല്ലെന്നും അത് അവിടെ ഉള്ളതാണെന്ന ഒരു തോന്നൽ ഉണ്ടാവുക മാത്രമാണെന്നും ഉള്ള യാഥാർത്ഥ്യബോധത്തിന്റെ ഇല്ലായ്മയാണു ആ മാൻപേടകളെ കൂട്ടത്തോടെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ചിന്താശീലന്മാർ ഈ പ്രതിഭാസത്തിനു കാനൽജലം എന്നു പറയുന്നു.
പ്രത്യക്ഷത്തിൽ കാണുന്നതെല്ലാം ഉള്ളതാണെന്നു ധരിക്കുന്നവർക്കു ഉണ്ടായേക്കാവുന്ന ദോഷങ്ങളെ സൂചിപ്പിക്കാൻ വേണ്ടിയാണു ഇത്രയും പറഞ്ഞത്. ലൗകികവ്യവഹാരങ്ങളിൽ മുഴുകിയും ബാഹ്യകാഴ്ചകളിൽ ഇന്ദ്രിയങ്ങളെ ലാളിപ്പിച്ചും സ്ഥിതിഭേദങ്ങളിൽ അഭിരമിച്ചും സുഖലോലുപരായി ജീവിക്കാൻ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന മനുഷ്യൻ കാനൽജലം തേടിപ്പോയ മാൻപേടകളുടെ ദുരനുഭവം വല്ലപ്പോഴുമെങ്കിലും ഓർക്കുന്നത് നല്ലതാണ്. കാരണം നിത്യാനിത്യവസ്തു വിവേകമില്ലാത്തവരുടെ എണ്ണം ലോകത്ത് കൂടിവരികയാണ്. ക്ഷമിക്കാൻ ആർക്കും നേരമില്ലാതായിരിക്കുന്നു. എന്നാൽ ക്ഷോഭിക്കാൻ എല്ലാവർക്കും നേരമുണ്ടുതാനും. ക്ഷമ വരുന്നത് യഥാർത്ഥബോധത്തിൽ നിന്നും ക്ഷോഭം വരുന്നത് അയഥാർത്ഥബോധത്തിൽ നിന്നുമാണെന്ന വസ്തുത പലരും ഓർക്കാറുമില്ല.
ആഗ്രഹിക്കുന്ന ഒന്നിനെ തേടി നടക്കുന്ന ഒരുവന് ആ ആഗ്രഹം സഫലമാക്കാനായില്ലെങ്കിൽ നിർമ്മമനായി ഇരിക്കാൻ സാധിക്കുകയില്ല. അവൻ വീണ്ടും വീണ്ടും മമതാഭാരത്തോടെ ആ ആഗ്രഹത്തെ തേടിക്കൊണ്ടിരിക്കും. ഈ തേടലും അതിനു കാണിക്കുന്ന തിടുക്കവും അയഥാർത്ഥബോധത്തിന്റെ ഉത്പന്നങ്ങളാണ്.
പ്രത്യക്ഷത്തിൽ ഉള്ളതാണെന്നു തോന്നുന്നതിനോടാണ് എപ്പോഴും ആഗ്രഹം ഉണ്ടാവുക. പ്രത്യക്ഷത്തിൽ ഒന്നിനെ ഉള്ളതാണെന്നു തോന്നിപ്പിക്കുന്നത് അയഥാർത്ഥബോധമാണ്. പ്രകാശമില്ലാത്തിടത്ത് ഇരുട്ടിനെപോലെയും ഇരുട്ടത്തുണ്ടാകുന്ന ഭയമെന്ന പോലെയുമാണ് യഥാർത്ഥ ബോധത്തിന്റെ അഭാവത്തിൽ അയഥാർത്ഥബോധത്തിന്റെ പ്രകാശനവും പ്രകടനവും പ്രകോപനവുമൊക്കെ ഉണ്ടാവുന്നത്.
ഇനി എന്താണ് അയഥാർത്ഥബോധമെന്നു പറയാം. സത്യവുമായി ബന്ധമില്ലാത്തതും എന്നാൽ സത്യമെന്നു തോന്നിപ്പിക്കുന്നതും എന്തോ അതാണു അയഥാർത്ഥബോധം. അതിനു ശാശ്വതത്ത്വമില്ല. അത് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സ്വഭാവത്തോടുകൂടിയതാണ്. ഇങ്ങനെ ചലിച്ചും പരിണമിച്ചും വൃദ്ധിയെ പ്രാപിച്ചും നശിച്ചും വീണ്ടും ഉണ്ടായും കാണപ്പെടുന്ന പദാർത്ഥങ്ങളെക്കൊണ്ടാണ് ഈ പ്രത്യക്ഷലോകമാകെ നിറയപ്പെട്ടിട്ടുള്ളത്. ഇതെല്ലാം തിരയിൽ നിന്നും പൊന്തിവരുന്ന കുമിളകൾ പോലെ ഉള്ളതിൽ കലർന്നുനില്ക്കുന്ന ഇല്ലായ്മകളാണെന്ന തിരിച്ചറിവുണ്ടായാലേ യഥാർത്ഥബോധത്തിലേക്ക് ഒരാൾക്കു പ്രവേശിക്കാനാവൂ.
മണലളവറ്റു ചൊരിഞ്ഞ വാപിയിൻമേ-
ലണിയണിയായല വീശിടുന്നവണ്ണം
അനൃതപരമ്പര വീശിയന്തരാത്മാ-
വിനെയകമേ ബഹുരൂപമാക്കിടുന്നു.
ഗുരുദേവൻ ആത്മോപദേശശതകത്തിൽ വെളിവാക്കുന്ന ഈ ആശയം നമ്മുടെ നിത്യജീവിതത്തിൽ എപ്പോഴും ഒരു പ്രകാശമായി നിറഞ്ഞു നിൽക്കേണ്ടതാണ്. ശുദ്ധജലം നിറഞ്ഞുകിടക്കുന്ന ഒരു കുളം. മണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ്മയേകുന്ന ആ കുളത്തിലേക്ക് യാതൊരളവും ക്രമവുമില്ലാതെ മണൽ വാരി ചൊരിഞ്ഞിട്ടാൽ എന്തു സംഭവിക്കും? ഒന്നിനു പിന്നാലെയൊന്നായി ഓളങ്ങൾ പെരുകിപ്പെരുകി പരക്കാൻ തുടങ്ങും. അതോടെ ആ വെള്ളത്തിന്റെ ശുദ്ധിയും നിശ്ചലതയും ഭംഗിയും കുളിർമ്മയുമെല്ലാം നഷ്ടപ്പെടും. ഇങ്ങനെ ഒരു കുളത്തിനുണ്ടാവേണ്ടതായ എല്ലാ ഗുണങ്ങളും അതിന്റെ സ്വഭാവ ലക്ഷണങ്ങളും ഇല്ലാതായി ഒടുവിൽ പ്രത്യക്ഷത്തിൽ ഉള്ളതായിക്കണ്ടിരുന്ന ആ കുളം തന്നെ അപ്രത്യക്ഷമായിത്തീരും. ഇപ്പോൾ അവിടെ അങ്ങനെയൊരു കുളമില്ല. ആ സ്ഥാനത്ത് ഇപ്പോഴുള്ളത് ഒരു മണൽക്കൂനമാത്രം. ഇതുപോലെയാണ് നമ്മുടെ യഥാർത്ഥബോധത്തെ മറച്ചുകൊണ്ട് അയഥാർത്ഥബോധം പരന്നു വ്യാപരിക്കുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങളും.
ഉള്ളതിനെ അനേക നാമരൂപങ്ങളാക്കി കാണിച്ചും ഭ്രമിപ്പിച്ചും മോഹിപ്പിക്കുകയും വശപ്പെടുത്തുകയും ചെയ്യുന്ന അനൃതപരമ്പരകളെ തേടിയലയാനും പ്രാപിക്കാനുമുള്ളതല്ല ഈ മനുഷ്യജന്മം. ഈ ലോകത്തെ നമ്മളുമായും നമ്മളുമായി ഈ ലോകത്തെയും പരസ്പരം ബന്ധിപ്പിച്ചു നിറുത്തുന്ന പ്രപഞ്ചത്തിന്റെ ഒരു നാഭീനാളമുണ്ട്. അതിനെ തേടിയും അനുഭവിച്ചും ധന്യമായിതീരാനുള്ളതാണു മനുഷ്യജന്മം. ഇതുമറന്ന് അനൃതപരമ്പരകളെ തേടുമ്പോൾ മനുഷ്യൻ വികാരപരവശനായിത്തീരും. ഈ വികാരപരതയാണു ലോകജീവിതത്തെയും വ്യക്തിജീവിതത്തെയും ഛിന്നഭിന്നമാക്കുന്നത്. പ്രാപഞ്ചികദുഃഖഹേതുകമായിരിക്കുന്ന ഈ അനൃതപരമ്പരകൾക്കു ഒടുക്കമില്ല. ഈ ഒടുക്കമില്ലായ്മയിൽ വീണുവലഞ്ഞ് മരീചി നീരുതേടിപ്പോയ മാൻപേടകളെപ്പോലെ ജീവിതത്തിൽ നിന്നും മറഞ്ഞുപോകാനുള്ളവനല്ല മനുഷ്യൻ. അവനു ഉള്ളതായി കാണപ്പെടുന്നതെല്ലാം എന്തിൽ നിന്നാണോ ആവിർഭവിച്ചിട്ടുള്ളത്, എന്തുമായി കലർന്നാണോ അവ നിലകൊള്ളുന്നത്, എന്തിലാണോ അവസാനം അവയെല്ലാം ലയിച്ചുചേരുന്നത് ആ സത്യത്തെ തേടാനുള്ള ജിജ്ഞാസ നമുക്ക് ഉണ്ടാവണം. അങ്ങനെയുള്ള ജിജ്ഞാസുവിനെയാണ് ഈ ലോകം തേടുന്നത്. എന്തെന്നാൽ വികാരപരവശനായിത്തീരാതെ അവൻ തന്റെ ജന്മലക്ഷ്യമെന്തെന്നുള്ള ഉറച്ച ബോദ്ധ്യവുമായി ജീവിതത്തെ ഈ ലോകവുമായി ചേർത്തു നിറുത്തുന്നവനാണ്. അവനെ അനൃതപരമ്പരയുണ്ടാക്കുന്ന ദോഷത്തിന്റെ വ്യാപ്തിയും തീവ്രതയും ബാധിക്കുകയില്ല.