prana-movie

നിത്യാ മേനോനെ നായികയാക്കി നാലുഭാഷകളിലായി വി കെ പ്രകാശ് ഒരുക്കുന്ന ' പ്രാണ' യുടെ പ്രൊമോഷണൽ വീഡിയോ മമ്മൂട്ടി സ്വന്തം ഫെയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. പഞ്ചഭൂതങ്ങളെ ആധാരമാക്കി ഒരുക്കിയ ഈ സംസ്‌കൃത ഗാനം ശ്രദ്ധേയമാവുകയാണ്. സുബാഷ് അഞ്ചലാണ് വീഡിയോ സംവിധാനം ചെയ്‌തിരിക്കുന്നത്.


ഇന്ത്യൻ സിനിമയിൽത്തന്നെ സമാനതകളില്ലാത്ത ഒട്ടേറെ പ്രത്യേകതകൾ കൊണ്ട് റിലീസിന് മുന്നേ ശ്രദ്ധേയമായ ചിത്രമാണ് പ്രശസ്‌ത സംവിധായകൻ വി കെ പ്രകാശ് നാലു ഭാഷകളിലായി ഒരുക്കിയ പ്രാണ. നിത്യാ മേനോൻ നായികയായെത്തുന്ന ചിത്രത്തിന്റെ മേയ്‌ക്കിംഗിലും സാങ്കേതിക മേഖലകളിലും പുതുമകൾ ധാരാളമാണ്. ചരിത്രത്തിൽ തന്നെ ആദ്യമായി സിങ്ക് സറൗണ്ട് ശബ്ദവിന്യാസം അവതരിപ്പിച്ചു കൊണ്ട് റസൂൽ പൂക്കുട്ടി ഈ ചിത്രത്തിലൂടെ വാർത്തകളിൽ ഇടം നേടിയിരുന്നു. പി സി ശ്രീരാം, ലൂയി ബാങ്ക്സ്, രതീഷ് വേഗ, അരുൺ വിജയ് തുടങ്ങി ഈ ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ച പ്രഗത്ഭരെല്ലാം അവരവരുടെ മേഖലകളിൽ ഈ ചിത്രത്തിനു വേണ്ടി ചില പുതുമകൾ കരുതി വച്ചിട്ടുണ്ട്.


ആ പുതുമയും വ്യത്യസ്‌തതതയും ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടി ചിത്രീകരിച്ച വീഡിയോ ഗാനത്തിലും നമുക്കു കാണാം. ഹരി നാരായണൻ രചിച്ച സംസ്കൃത ഗാനത്തിന് രതീഷ് വേഗയുടെ വേറിട്ട സംഗീതവും ഓർക്കസ്ട്രേഷനുമാണ്. ഗാനം ആലപിച്ചിരിക്കുന്നത് അമേരിക്കയിൽ ജനിച്ചു വളർന്ന മലയാളിയായ ശിൽപ്പാ രാജാണ്.

ദേശ ഭാഷാഭേദമന്യേ ആസ്വദിക്കാൻ കഴിയുന്ന ഇന്ത്യൻ താന്ത്രിക് ഫ്യൂഷൻ ഗണത്തിൽ പെടുത്താവുന്ന ഈ മനോഹര ഗാനത്തിന്റെ ചിത്രീകരണവും വ്യത്യസ്‌തമാണ്. പ്രാണൻ കുടികൊള്ളുന്ന പഞ്ചഭൂതാത്മക ശരീരത്തെ പ്രതീകാത്മകമായി അവതരിപ്പിയ്ക്കുന്ന ആദ്യ വീഡിയോ ഗാനം എന്നു വിശേഷിപ്പിച്ചാൽ അതിശയോക്തിയില്ല. സമകാലിക - അക്രോബാറ്റിക് നൃത്തരൂപങ്ങളും ഇന്ത്യൻ മിത്തുകളും കോർത്തിണക്കിയ ഗാനത്തിന് വശ്യമായ ദൃശ്യഭംഗിയുമുണ്ട്. ആകാശം, വായു, ഭൂമി, ജലം, അഗ്നി എന്നീ പഞ്ച രൂപങ്ങളെ നൃത്ത-ദൃശ്യരൂപങ്ങളിൽ അവതരിപ്പിയ്ക്കുന്നതും ഗായികയായ ശിൽപ്പാ രാജാണ്.

എസ് രാജ് പ്രൊഡക്ഷൻസ്, റിയൽ സ്റ്റുഡിയോ എന്നീ ബാനറുകളിൽ സുരേഷ് രാജ്, പ്രവീൺ കു‌മാർ, അനിതാ രാജ് എന്നിവരാണ് നിർമ്മാണം. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ടെജി മണലേൽ. ഉല്ലാസ് കൊറിയോഗ്രാഫി നിർവഹിച്ച ഈ പ്രൊമോഷൻ വീഡിയോ ഗാനത്തിന്റെ ക്യാമറ അരുൺ ആലിസൺ. ആശയം സംവിധാനം സുബാഷ് അഞ്ചൽ