നമ്മുടെ ശരീരത്തെ ബാധിയ്ക്കുന്ന പല രോഗങ്ങൾക്കും രോഗാവസ്ഥകൾക്കും ശരീരത്തിൽ തന്നെ പരിഹാരങ്ങളുമുണ്ട്. അതിൽ പലതും വളരെ ലളിതമായ ടെക്നിക്കുകളാണ്. ഇതിലൊന്നാണ് മസാജിംഗ്. ആരോഗ്യമുള്ള ശരീരത്തിനും ചർമ്മത്തിനും മസാജിംഗ് അത്യാവശ്യമാണ്. ശരീരം ദിവസവും എണ്ണയോ ക്രീമുകളോ ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുക. ഇത് ശരീരത്തിന് തിളക്കം കൂട്ടുക മാത്രമല്ല രക്തയോട്ടം വർദ്ധിപ്പിക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ശരീര വേദന കുറയ്ക്കാൻ നല്ലൊരു വഴിയാണ് മസാജിംഗ്. പ്രത്യേകിച്ച് സ്‌ട്രെസ്, ടെൻഷൻ എന്നിവയെല്ലാം ഉള്ളവർക്ക് മസാജിംഗ് ഏറെ ഗുണം നൽകും.
തലവേദന പമ്പകടക്കും
കടുത്ത മാനസികസംഘർഷവും കഴുത്ത് വേദനയും മൈഗ്രെയ്നിന്റെ പ്രധാന കാരണങ്ങളാണ്. തലയിലും തോളിലും നടുവിനും ചെയ്യുന്ന മസാജിലൂടെ ശരീരത്തിലെ മസിലുകളിലെ മുറുക്കം കുറയ്ക്കുകയും രക്തയോട്ടം കൂടുകയും ചെയ്യും. തലയോട്ടിയിലേക്കുള്ള രക്തയോട്ടം കൂട്ടി തലവേദന ഇല്ലാതാക്കാനും ഈ മസാജ് കൊണ്ട് സാധിക്കും.
അതിരാവിലെയോ വൈകിട്ടോ ആണ് മസാജിംഗിന് പറ്റിയ സമയം. എണ്ണ തേച്ചുള്ള മസാജ് തലയോട്ടിയിലും ഹെയർ ഫോളിക്കിളിലും ഓക്സിജൻ ധാരാളം എത്തിക്കുകയും ഉണർവ് നൽകുകയും ചെയ്യും. മുടി വളരാൻ ഏറ്റവും സഹായകരം. ചെറു ചൂട് വെളിച്ചെണ്ണയോ ആവണക്കെണ്ണയോയാണ് ഉത്തമം.ശരീരത്തിന് ഉണർവും ഉന്മേഷവും ലഭിക്കുമ്പോൾ ഒരു പരിധി വരെ സമ്മർദ്ദവും കുറയും. മസാജ് ചെയ്യുമ്പോൾ തലയിലേക്കുള്ള രക്തചംക്രമണം വർദ്ധിക്കുന്നു. അത് വഴി ലഭിക്കുന്ന ഓക്സിജൻ അനാവശ്യ ഉത്കണ്ഠ, ആകാംക്ഷ, നിരാശ എന്നിവ ഒഴിവാക്കി ക്രിയേറ്റീവായും വ്യക്തമായും ചിന്തിക്കാൻ പ്രാപ്തരാക്കുന്നു. ഓർമശക്തി കൂടാൻ സഹായിക്കുന്നു.
ശരീരമില്ലാതെ എന്ത് മനസ്
മസാജിലൂടെ ശാരീരിക വേദനകൾക്ക് പരിഹാരമാകുമെന്ന് മാത്രമല്ല അതുവഴി മാനസികസംഘർഷങ്ങൾ ഇല്ലാതാക്കാനും സൗന്ദര്യം വർദ്ധിപ്പിക്കാനും സാധിക്കും. ശരീരം മൊത്തം മസാജ് ചെയ്യുമ്പോൾ ശരീരത്തിനൊപ്പം ഉണർവ് ലഭിക്കുന്നത് മനസിനും കൂടിയാണ്. മസിൽ പെയിൻ ഇല്ലാതാക്കാനും ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടാനും ഫ്‌ളെക്സിബിലിറ്റി നിലനിർത്താനും ശരീരത്തിന്റെ പരുക്കുകൾ കുറയ്ക്കാനും ബോഡി മസാജ് പോലെ മറ്റൊരു മരുന്നില്ല.
ഉറങ്ങുന്നതിന് മുൻപ് പാദത്തിനും വേണം
നമ്മൾ ഉപയോഗിക്കുന്ന ചെരുപ്പുകളും മുറുകിക്കിടക്കുന്ന ഷൂവും കാലിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയാണ് ചെയ്യുന്നത്. കിടക്കും മുൻപ് നിങ്ങളുടെ പാദം മസാജ് ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ പലതാണ്. നേരിയ ചൂടുവെള്ളത്തിൽ പതിനഞ്ച് മിനിറ്റോളം കാൽ പാദം കഴുകിയശേഷം എണ്ണം ഉപയോഗിച്ചോ മോയിചറൈസംഗ് ക്ലീമോ പെട്രോളിയം ജെല്ലിയോ ഉപയോഗിച്ചോ പത്ത് മിനിറ്റ് നേരം മസാജ് ചെയ്യുക. കൈകൾ കൊണ്ടോ അല്ലെങ്കിൽ മസാജിംഗ് യന്ത്രം ഉപയോഗിച്ചോ ഇത് ചെയ്യാം. ഒരു കൈ കൊണ്ട് ഹീൽ ഭാഗം അടിയിൽ നിന്നും പുറകിലേയ്ക്ക് തള്ളുക. മറ്റേ കൈ കൊണ്ട് കാലിന്റെ പുറം ഭാഗം വിപരീത ദിശയിലേയ്ക്കും. ഇതുപോലെ 15 സെക്കന്റ് പിടിയ്ക്കുക. കാലിന്റെ ഇരുവശങ്ങളും രണ്ടു കൈകൾ കൊണ്ടു പിടിച്ച് ആദ്യം ഒരു സൈഡിലേയ്ക്കും പിന്നീട് വിപരീതദിശയിലേയ്ക്കും ചലിപ്പിയ്ക്കുക. ഇവയെല്ലാം പാദത്തിന് മസാജിംഗ് ഗുണങ്ങൾ നൽകുന്നവയാണ്. ഇതിന് ശേഷം എണ്ണ തുടച്ചോ കഴുകിയോ കളയാം. കാൽപാദം മൃദുലവും സുന്ദരവുമാക്കാൻ ഇതിലൂടെ സാധിക്കും. ശരീരത്തിന്റെ പല അവയവങ്ങളുടേയും നാഡീഭാഗം പാദത്തിലാണ് ചേരുന്നത്. പാദത്തിന് പ്രത്യേകം മസാജിംഗ് നൽകുന്നത് ശരീരത്തിലെ രക്തപ്രവാഹം വർദ്ധിപ്പിയ്ക്കാൻ സഹായിക്കും.നല്ല ഉറക്കത്തിന് ഇത് വഴിയൊരുക്കും. ഗർഭിണികളിൽ കാലിൽ വെള്ളം കെട്ടി നീരു വരുന്ന അവസ്ഥ, എഡീമ മാറ്റാൻ ഇത് ഏറെ നല്ലതാണ്. നടുവേദന, വാതം, രക്തസമ്മർദ്ദം, തളർച്ച, പ്രമേഹം, വന്ധ്യത, വിഷാദം തുടങ്ങിയ പല പ്രശ്നങ്ങൾക്കുമുള്ള മരുന്ന്.
ചികിത്സയും സുലഭം
കാലുകളിലെയും കൈകളിലെയും റിഫ്ളക്സ് പോയിന്റുകളിൽ മർദ്ദം നൽകി ശരീരത്തെ ഉത്തേജിപ്പിക്കുന്ന വിദ്യയാണ് റിഫ്ളക്‌സോളജി. മസാജ് പോലെ തന്നെ ശരീരത്തിന് ഉണർവു നൽകുന്ന ഒന്നാണിത്. ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് പോയിന്റുകളിൽ മർദ്ദം നൽകുന്നത്. മസാജിനേക്കാളും പെട്ടെന്ന് ഗുണമുണ്ടാകും എന്നതാണ് റിഫ്ളക്‌സോളജിയുടെ നേട്ടം. ഇത് ആന്തരികാവയവങ്ങളെ ഉത്തേജിപ്പിക്കുകയും തലവേദന, കാൽവേദന പോലുള്ള അസുഖങ്ങൾക്ക് പെട്ടെന്നു ശമനം ലഭിക്കുകയും ചെയ്യും. കഴുത്ത് വേദന, തോൾവേദന, നടുവേദന, തലവേദന തുടങ്ങിയവ ഇല്ലാതാക്കും.
ശരീരത്തിൽ നമ്മൾ അറിയാതെ പോകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ റിഫ്ളക്‌സോളജി വഴി കഴിയും. പ്രഷർ നൽകുമ്പോൾ വലിയ വേദന തോന്നുന്നത് എവിടെയാണെന്നു മനസിലാക്കി പ്രശ്നം കണ്ടെത്താം. ചികിൽസാരീതിയെന്ന നിലയിൽ ക്ലിനിക്കുകളിലും ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ബ്യൂട്ടിപാർലറുകളിലും റിഫ്ളക്‌സോളജി ചെയ്യുന്നുണ്ട്. എന്നാൽ രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. വെറും റിലാക്‌സേഷനാണ് ആവശ്യമെങ്കിൽ ബ്യൂട്ടിപാർലറിൽ പോകാം. ചികിത്സയുടെ ഭാഗമാണെങ്കിൽ ക്ലിനിക്കുകളെ തന്നെ ആശ്രയിക്കണം. കാലിലെ ചില പ്രത്യേക ഭാഗങ്ങളിൽ നൽകുന്ന മർദ്ദം വിഷാദം കുറയ്ക്കാനും സഹായിക്കും.