vellappally-natesan

തിരുവനന്തപുരം: എൻ.എസ്.എസ് ബി.ജെ.പിക്ക് കീഴടങ്ങിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. ബി.ജെ.പിയും എൻ.എസ്.എസും അണ്ണനും തമ്പിയും പോലെയാണ്. എൻ.എസ്.എസിന്റെ സമദൂരം ജനങ്ങളെ കബളിപ്പിച്ച് കാര്യങ്ങൾ നേടാനുള്ള അടവാണെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കത്തയച്ച സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

സാമ്പത്തിക സംവരണം നടപ്പാക്കിയതിലൂടെ എല്ലാ വിഭാഗങ്ങൾക്കും സാമൂഹിക നീതി നടപ്പാക്കാൻ വേണ്ടിയുള്ള നീതി ബോധവും ഇച്ഛാശക്തിയുമാണ് നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസർക്കാർ തെളിയിച്ചിരിക്കുന്നതെന്ന് സുകുമാരൻ നായരുടെ കത്തിൽ പറഞ്ഞിരുന്നു. സമുദായത്തിന്റെ ദീർഘകാലത്തെ ആവശ്യം അംഗീകരിച്ചതിന് നന്ദി അറിയിക്കുന്നു. നിലവിലുള്ള സംവരണ വ്യവസ്ഥകൾക്ക് യാതൊരു മാറ്റവും വരുത്താതെ തന്നെ പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ട മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളിൽ 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തികൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ചരിത്രപരവും അഭിനന്ദനാർഹവുമാണെന്നും സുകുമാരൻ നായർ കത്തിൽ വ്യക്തമാക്കുന്നു.