ന്യൂഡൽഹി: പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുടെ ഹണി ട്രാപ്പിൽ ഇന്ത്യയുടെ അമ്പതോളം സൈനികർ കുടുങ്ങിയതായി സൂചന. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ ചോത്തിയതായാണ് വിവരം. സംശയത്തെ തുടർന്ന് ഒരു ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി സൈന്യം സ്ഥിരീകരിച്ചു. ഹരിയാന സ്വദേശിയായ സോംബിർ ആണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ജയ്സൽമാറിൽ നിന്നാണ് പൊലീസ് സൈനികനെ അറസ്റ്റ് ചെയ്തത്.
ഐ.എസ്.ഐയുടെ ചാരവനിത അനിഘ ചോപ്ര എന്ന ഫേസ്ബുക്ക് പ്രൊഫൈൽ ഉപയോഗിച്ചാണ് സൈനികനുമായി ഇവർ ബന്ധം സ്ഥാപിച്ചത്. തുടർന്ന് നിരന്തരമായി സന്ദേശങ്ങൾ അയക്കാൻ തുടങ്ങുകയും ചെയ്തു. ഒരു യുവതിയുടെ ചിത്രം ഈ പ്രൊഫൈലിൽ ഉണ്ടായിരുന്നു. താനടക്കമുള്ള സൈന്യത്തിന്റെ വിവരങ്ങൾ ഇയാൾ ചാറ്റിങ്ങിലൂടെ ചാരവനിതയുമായി പങ്ക് വച്ചിരുന്നു. കഴിഞ്ഞ നാലുമാസമായി സോംബിർ ഇന്റലിജൻസ് നിരീക്ഷണത്തിലായിരുന്നു. സൈനികന്റെ പ്രൊഫൈൽ കൂടാതെ മറ്റ് അമ്പതോളം പ്രൊഫൈലുകൾ ഇത്തരത്തിൽ കുരുക്കിലായിട്ടുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇവരെ ഇന്റലിജസ് ചോദ്യം ചെയ്ത് വരികയാണ്.
കൂടുതൽ സൈനികർ ഇത്തരത്തിൽ കെണിയിൽ പെട്ടിട്ടുണ്ടോ എന്ന് നിരീക്ഷിക്കാനായി ശക്തമായ സംവിധാനങ്ങൾ ഒരുക്കാനും സൈന്യം തീരുമാനിച്ചിരിക്കുകയാണ്. സൈന്യത്തിന്റെ നഴ്സിംഗ് വിഭാഗത്തിൽ ക്യാപ്റ്റൻ റാങ്ക് ഉള്ള ജീവനക്കാരിയാണ് താനെന്ന വ്യാജേനയാണ് ചാരവനിത സൈനികനിൽ നിന്ന് വിവരങ്ങൾ ചോർത്തിയത്. പരിചയപ്പെട്ട ഉടനെ എവിടെയാണ് ജോലിയെന്നും ക്യാമ്പിന്റെ ഫോട്ടോ അയക്കാനും ഇവർ ആവശ്യപ്പെട്ടിരുന്നു.തുടർന്ന് ബന്ധം ദൃഢപ്പെടുത്തിയ ശേഷം ഇവർ മറ്റ് വിവരങ്ങൾ ചോർത്തിയിരുന്നു.
നേരത്തെയും നിരവധി സൈനികർ ഇത്തരത്തിൽ കൊണിയിൽ കുരുങ്ങിയതായി വിവരങ്ങൾ പുറത്ത് വന്നിരുന്നു. യുവതികളെ ഉപയോഗിച്ചുള്ള ചാരപ്രവർത്തനം പണ്ടുമുതലേ ഉണ്ടെങ്കിലും സാമൂഹ്യ മാധ്യമങ്ങൾ വ്യാപകമായതോടെ ഇത് കൂടുതൽ എളുപ്പമായിരിക്കുകയാണ്.