ep-jayarajan

തിരുവനന്തപുരം: അനധികൃത കരിമണൽ ഖനനം നിറുത്തണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ആലപ്പാട് നടക്കുന്ന ജനകീയ സമരത്തെ തള്ളിപ്പറഞ്ഞ് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ രംഗത്തെത്തി. ഒരു കൊടിയും രണ്ടാളും ഉണ്ടെങ്കിൽ കേരളത്തിൽ ആർക്ക് വേണമെങ്കിലും സമരം ചെയ്യാം. ആലപ്പാട് സമരത്തെക്കുറിച്ച് അറിഞ്ഞത് ചാനൽ ചർച്ചകളിലൂടെയാണ്. സമരക്കാരുടെ ആവശ്യങ്ങൾ എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സമരക്കാർക്ക് സർക്കാരിനോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ കേൾക്കും. എന്നാൽ ഖനനം നിറുത്തിവച്ച് കൊണ്ടുള്ള ഒരു ചർച്ചയ്‌ക്കും സർക്കാർ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആലപ്പാട് നടക്കുന്ന ഖനനം നിയമപരമാണ്. ഇക്കാര്യം വ്യക്തമാക്കി ഐ.ആർ.ഇ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കെ.എം.എം.എൽ എം.ഡി ഇക്കാര്യം അന്വേഷിക്കുകയും ചെയ്‌തിട്ടുണ്ട്. ഇരു കമ്പനികളും ഒരിക്കലും പൂട്ടില്ല. കരിമണൽ കൊള്ളയ്‌ക്കായി പൊതുമേഖലയെ തകർക്കാനാണ് ശ്രമം. ആലപ്പാട് വിവാദത്തിനും സമരത്തിനുമുള്ള ഒരു സാഹചര്യവുമില്ല. അവിടെയുള്ള ഒരു രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുമില്ല. ആലപ്പാടുമായി ബന്ധമില്ലാത്ത ചിലരാണ് അവിടെ സമരം ചെയ്യുന്നത്. മലപ്പുറത്തുള്ള ചിലരാണ് സമരത്തിനിറങ്ങിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഇത് സംബന്ധിച്ച കാര്യങ്ങളെല്ലാം മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.