ഗാനരംഗത്തിലെ ചെറിയ സീൻ കൊണ്ട് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരെ സൃഷ്ടിച്ച ഭാഗ്യതാരമാണ് പ്രിയ വാര്യർ. 'ഒരു അഡാർ ലൗ' എന്ന ചിത്രത്തിലെ 'മാണിക്യ മലരായ' എന്ന ഗാന രംഗത്തിലെ കണ്ണിറുക്കുന്ന സീൻ നിമിഷങ്ങൾ കൊണ്ടാണ് തരംഗമായി മാറിയത്. എന്നാൽ താരത്തിന് ഇപ്പോൾ ബോളിവുഡിലും ആരാധകരാണ്. പ്രിയ മുംബയിലെത്തിയപ്പോൾ ഇഷ്ട താരങ്ങളായ വിക്കി കൗശലിനെയും രൺവീർ സിംഗിനെയും കണ്ടിരുന്നു.
'ഉറി' എന്ന ചിത്രത്തിന്റെ താരങ്ങൾക്കായുള്ള പ്രത്യേക സ്ക്രീനിംഗിൽ പ്രിയയും പങ്കെടുത്തിരുന്നു. തുടർന്ന് പ്രിയയുടെ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. അഡാർ ലൗ വിലെ പ്രിയയുടെ ഹിറ്റ് ഐറ്റവും കണ്ണിറുക്കലും വിക്കി അനുകരിക്കുകയായിരുന്നു. സംഭവം ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുകയാണ്.