കൊച്ചി: കേന്ദ്ര സർക്കാരിന്റെ സ്വർണ നിക്ഷേപ പദ്ധതിയായ സ്വർണ ബോണ്ട് വാങ്ങാനുള്ള അപേക്ഷകൾ ഇന്നുമുതൽ 18വരെ സമർപ്പിക്കാം. 22ന് ബോണ്ട് വിതരണം ചെയ്യും. റിസർവ് ബാങ്കിന്റെ സഹകരണത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ്. രാജ്യത്ത് സ്വർണ ഉപഭോഗം കുറിച്ച്, സ്വർണ വിലയ്ക്ക് തുല്യമായ പണം വിപണിയിലേക്ക് ഇറക്കുകയാണ് ലക്ഷ്യം.
സ്വർണത്തിന്റെ വിപണി വിലയ്‌ക്കൊപ്പം നികുതിയില്ലാതെ 2.50 ശതമാനം പലിശ കൂടി നിക്ഷേകന് ലഭിക്കുമെന്നതാണ് സ്വർണ ബോണ്ടിന്റെ സവിശേഷത. ബോണ്ട് കാലാവധി പൂർത്തിയാകുന്ന സമയത്തെ സ്വർണ നിരക്കിനെ അടിസ്ഥാനമാക്കി ഇതിനെ പണമാക്കി മാറ്റാനും സാധിക്കും. ഗ്രാമിന് 3,214 രൂപവച്ച് വില കേന്ദ്രസർക്കാർ നിശ്‌ചയിച്ചിട്ടുണ്ട്. ഓൺലൈനായി അപേക്ഷിക്കുന്നവർക്കും പണം ഡിജിറ്റൽ മാർഗം അടയ്‌ക്കുന്നവർക്കും ഗ്രാമിന് 50 രൂപ വീതം ഡിസ്‌കൗണ്ടും ലഭിക്കും.
ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ബ്രാഞ്ചുകളിലൂടെ സ്വർണ ബോണ്ട് വാങ്ങാനും വില്‍ക്കാനും അതിൻമേൽ വായ്‌പ ലഭ്യമാക്കാനും സാധിക്കും. ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, തിരഞ്ഞെടുക്കപ്പെട്ട പോസ്‌റ്രോഫീസുകൾ, ബി.എസ്.ഇ., എൻ.എസ്.ഇ., സ്‌റ്രോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ എന്നിവയിലൂടെയും സ്വർണ ബോണ്ട് വാങ്ങാം.
500 ഗ്രാം
ഒരാൾക്ക് ഒരു സാമ്പത്തിക വർഷം ഒരു ഗ്രാം മുതൽ 500 ഗ്രാം വരെ സ്വർണ ബോണ്ട് വാങ്ങാം.
₹246 കോടി
നരേന്ദ്ര മോദി സർക്കാർ 2015 നവംബറിലാണ് സ്വർണ ബോണ്ട് പദ്ധതി നടപ്പാക്കിയത്. ആദ്യമായി സ്വർണ ബോണ്ട് അവതരിപ്പിച്ചപ്പോൾ 246 കോടി രൂപയ്ക്കാണ് വിറ്റുപോയത്.
'' റിസർവ് ബാങ്ക് നൽകുന്ന സർട്ടിഫിക്കറ്ര് ആയോ ഓഹരികൾ വാങ്ങുന്നതുപോലെ ഡീമാറ്ര് അക്കൗണ്ട് രൂപത്തിലോ ആണ് സ്വർണ ബോണ്ട് ലഭ്യമാക്കുന്നത്. അതിനാൽ, നഷ്‌ടപ്പെടുമെന്നോ കളവ് പോകുമെന്നോ ഉള്ള ഭയം വേണ്ട. റിസർവ് ബാങ്കിന്റെ സർട്ടിഫിക്കറ്റ് ആണെന്നതിനാൽ നിക്ഷേപത്തിനും പലിശയ്ക്കും സർക്കാർ ഗ്യാരന്റിയുമുണ്ട്",
സതീഷ് മേനോൻ, ജിയോജിത്
എക്‌സിക്യൂട്ടീവ് ഡയറക്‌ടർ