മുംബയ്: തങ്ങളുടെ കൂട്ടത്തിൽ കൂടാത്ത സഖ്യകക്ഷികൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ പ്രസ്‌താവനയ്‌ക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി ശിവസേനാ പ്രസിഡന്റ് ഉദ്ദവ് താക്കറെ രംഗത്തെത്തി. ശിവസേനയെ തോൽപ്പിക്കാൻ കഴിവുള്ളവർ ഇനി ജനിക്കണമെന്ന് പറഞ്ഞ താക്കറെ രാജ്യത്തെ ആദായ നികുതി പരിധി 2.5 ലക്ഷത്തിൽ നിന്ന് 8 ലക്ഷമാക്കി ഉയർത്തണമെന്നും ആവശ്യപ്പെട്ടു. 8 ലക്ഷംരൂപ വരെ വരുമാനമുള്ള മുന്നാക്ക സമുദായ അംഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയ തീരുമാനത്തെ കളിയാക്കി കൊണ്ടായിരുന്നു ഉദ്ദവിന്റെ പരാമർശം. മുംബയിൽ ശിവസേനാ പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശിവസേനയെ തോൽപ്പിക്കാൻ കഴിവുള്ളവർ ഭൂമിയിൽ ഇതുവരെ ജനിച്ചിട്ടില്ല. ശിവസേനയോട് കളിക്കാൻ ശ്രമിച്ചവർക്കെല്ലാം അതിന്റെ ഫലം ലഭിച്ചിട്ടുണ്ടെന്നും താക്കറെ പറഞ്ഞു. രാമക്ഷേത്ര നിർമാണം ഉയർത്തി ബി.ജെ.പി വോട്ടുപിടിക്കുന്നതിനെയും താക്കറെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. അയോധ്യ വിഷയത്തിൽ കോടതി വിധി കാത്തിരിക്കാനാണ് ബി.ജെ.പി തീരുമാനം. കോടതിയുടെ പരിഗണനയിലുള്ള കേസ് ഉയർത്തിക്കാട്ടി ഇനിയും ബി.ജെ.പി വോട്ടുപിടിക്കുന്നത് മാന്യതയല്ല. ബാബരി മസ്‌ജിദ് പൊളിച്ചപ്പോൾ കോടതിയുടെ മുന്നിൽ കേസുണ്ടായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. രാമജന്മഭൂമി വിഷയം ഉയർത്തിക്കാട്ടി വരുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തനിനിറം വെളിപ്പെടുത്തുമെന്നും ഉദ്ദവ് പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിന് കോൺഗ്രസാണ് തടസം നിൽക്കുന്നതെന്ന ബി.ജെ.പി വാദവും അദ്ദേഹം തള്ളിക്കളഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ബി.ജെ.പിയുടെ കൂടെയുള്ള നിതീഷ് കുമാറും രാം വിലാസ് പാസ്വാനും രാമക്ഷേത്രത്തെ എതിർക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.