kpa-raheem
കെ.പി.എ റഹിം

പാനൂർ (കണ്ണൂർ): പ്രമുഖ ഗാന്ധിയനും പ്രഭാഷകനുമായ കെ.പി.എ. റഹിം (71) പ്രസംഗത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. ഗാന്ധിജി മാഹി സന്ദർശിച്ചതിന്റെ 85-ാം വാർഷികത്തോടനുബന്ധിച്ച് കൗൺസിൽ ഒഫ് സർവീസസ് ഓർഗനൈസേഷൻസ് സംഘടിപ്പിച്ച ഗാന്ധിസ്മൃതി യാത്രയുടെ സമാപന ചടങ്ങ്, ഗാന്ധി സന്ദർശിച്ച മാഹി പുത്തലത്തെ ക്ഷേത്ര സന്നിധിയിലെ ആൽമരച്ചുവട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അന്ത്യം.

പാനൂരിന്റെ സാംസ്‌കാരിക മുഖമായിരുന്ന റഹീം മാസ്റ്റർ പുത്തൂരിൽ പൈക്കാട്ട് അബൂബക്കറിന്റെയും കുഞ്ഞിപ്പറമ്പത്ത് കുഞ്ഞാമിയുടെയും മകനായി 1948 ൽ ജനിച്ചു. പുത്തൂർ ഗവ. എൽ.പി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിലും തലശേരി ട്രെയിനിംഗ് കോളേജിലും ഉപരിപഠനം. മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗാന്ധിയൻ തത്വചിന്തയിൽ മാസ്റ്റർ ബിരുദവും നേടി. പാനൂർ കെ.കെ.വി ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

സോഷ്യലിസ്റ്റ് പി.ആർ. കുറുപ്പിന്റെ കക്ഷിരാഷ്ട്രീയത്തിൽ പ്രവർത്തിച്ചെങ്കിലും വൈകാതെ ഗാന്ധിമാർഗ പ്രവർത്തകനായി കേരളത്തിനകത്തും പുറത്തും നിരവധി പ്രഭാഷണങ്ങൾ നടത്തി. ശ്രീനാരായണഗുരു, വാഗ്ഭടാനന്ദൻ, മഹാത്മാഗാന്ധി എന്നിവരുടെ മതസമന്വയ സന്ദേശത്തിന്റെയും സൂഫീ ദർശനത്തിന്റെയും പ്രചാരകൻ, നിത്യചൈതന്യം എന്ന ഗ്രന്ഥത്തിന്റെ എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. സർഗധാരയിലെ സൗന്ദര്യങ്ങൾ, നന്മയുടെ മന്ദസ്മിതങ്ങൾ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. ഭാര്യ: നഫീസ. മക്കൾ ലൈല, ജലീൽ, കബീർ. മരുമക്കൾ: സാസർ, ശബ്‌നാസ്, ജസ്മില. കബറടക്കം ഇന്നു രാവിലെ 10ന് പാനൂർ മസ്ജിദ് കബർസ്ഥാനിൽ.