trap

ന്യൂഡൽഹി:പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഹണിട്രാപ്പിൽ അൻപതോളം ഇന്ത്യൻ സൈനികർ കുടുങ്ങിയതായി സൂചന. ഇവരിലൂടെ രാജ്യ സുരക്ഷയുടെ നിർണായക വിവരങ്ങൾ ചോർന്നെന്നാണ് സംശയം. സൈനിക വിവരങ്ങൾ ചോർത്തിയ ഒരു ജവാനെ അറസ്റ്റ് ചെയ്തതായി സൈന്യം സ്ഥിരീകരിച്ചു.

രാജസ്ഥാനിലെ ജയ്സൽമറിലെ ടാങ്ക് റെജിമെന്റ് ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി സോംബിർ ആണ് അറസ്റ്റിലായത്.ഒരു ദേശീയ മാദ്ധ്യമമാണ് വിവരം പുറത്തുവിട്ടത്.

ഐ.എസ്.ഐയുടെ ചാരവനിത, അനിക ചോപ്ര എന്ന പ്രൊഫൈൽ വഴി സോംബിറുമായി അടുപ്പം സ്ഥാപിച്ച് വിവരങ്ങൾ ചോർത്തുകയായിരുന്നു. മെസഞ്ചർ വഴി ഈ പ്രൊഫൈലുമായി ചാറ്റിംഗ് പതിവാക്കിയ സോംബിർ സൈനിക നീക്കങ്ങളുടെയും തന്റെ യൂണിറ്റിന്റെയും വിവരങ്ങൾ പങ്കുവച്ചു. ഈ പ്രൊഫൈൽ വഴിയാണ് രാജസ്ഥാനിൽ നിന്നുള്ള മറ്റ് അമ്പതോളം സൈനികരും കെണിയിൽ കുടുങ്ങിയത്. ഇവരെ ഇന്റലിജൻസ്‌ വിഭാഗം ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ സൈനികർ കുടുങ്ങിയിട്ടുണ്ടോ എന്ന് സൈന്യം കർശനമായി നിരീക്ഷിക്കുന്നുണ്ട്യ

സൈന്യത്തിന്റെ നഴ്‌സിംഗ് വിഭാഗത്തിലെ ക്യാപ്ടൻ റാങ്കിലുള്ള ജീവനക്കാരി എന്ന വ്യാജേനയാണ് ചാരവനിത സൈനികരുമായി സൗഹൃദം സ്ഥാപിച്ചത്. പരിചയപ്പെട്ട ഉടൻ ജോലിയെക്കുറിച്ച് അന്വേഷിച്ച ഇവർ സൈനിക ക്യാമ്പിന്റെ ഫോട്ടോ അയയ്ക്കാൻ ആവശ്യപ്പെടുകയും പിന്നീട് രഹസ്യങ്ങൾ ചോർത്തുകയുമായിരുന്നു.

വ്യോമസേനയുടെ പ്രവർത്തനങ്ങളുടെ വിവരങ്ങൾ പാക് ചാരന് ചോർത്തിയതിന് അടുത്തിടെ ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്ടനെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം അറസ്റ്രുചെയ്തിരുന്നു.

നേരത്തെയും നിരവധി സൈനികർ ഇത്തരത്തിൽ കെണിയിൽ വീണിരുന്നു. കരസേന മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ ഹണിട്രാപ്പിനെ കുറിച്ചുള്ള ആശങ്കകൾ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.