sabarimala

ശബരിമല : പന്തളം കൊട്ടാരത്തിൽ നിന്നുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് അഞ്ചരയോടെ ശരംകുത്തിയിലെത്തും. ദേവസ്വം എക്സിക്യൂട്ടീവ് ഒാഫീസർ ഡി. സുധീഷ് കുമാറിന്റെ നേതൃത്വത്തിൽ വരവേൽക്കും. പ്രധാന പേടകത്തെ കൊടിമരചുവട്ടിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ,മെമ്പർമാരായ കെ. പി. ശങ്കരദാസ്, അഡ്വ. എൻ. വിജയകുമാർ, ദേവസ്വം കമ്മിഷണർ എൻ. വാസു, സ്പെഷ്യൽ കമ്മിഷണർ എം. മനോജ്, ദേവസ്വം സെക്രട്ടറി കെ. ആർ. ജ്യോതിലാൽ എന്നിവർ ചേർന്ന് സ്വീകരിച്ച് സോപാനത്തേക്ക് ആനയിക്കും. തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി വി. എൻ. വാസുദേവൻ നമ്പൂതിരി എന്നിവർ ഏറ്റുവാങ്ങി നടയടയ്ക്കും.

6.40 ന് ദീപാരാധനയ്ക്കായി നടതുറക്കും.

കിഴക്ക് പൊന്നമ്പലമേട്ടിൽ മകരജ്യോതി ഇടവിട്ട് മൂന്ന് തവണ പ്രത്യക്ഷപ്പെടും. കിഴക്കേ ചക്രവാളത്തിൽ മകരസംക്രമ നക്ഷത്രവും പ്രത്യക്ഷമാവും. രാത്രി 7.52ന് സംക്രമപൂജ നടക്കും. പൂജയുടെ പരിസമാപ്തിയിൽ തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്നു കന്നിഅയ്യപ്പൻവഴി കൊടുത്തുവിട്ട 7നാളീകേരത്തിലെ നെയ്യ് അഭിഷേകം ചെയ്യുന്നതോടെ പ്രധാന ചടങ്ങുകൾ പൂർത്തിയാകും. ഇന്ന് ഉച്ചപൂജ കഴിഞ്ഞാൽ നടതുറക്കുക വൈകിട്ട് 5നാണ്.ദീപാരാധനയ്ക്ക് ശേഷമേ ഭക്തർക്ക് ദർശനമനുവദിക്കൂ.