vellapally-

തിരുവനന്തപുരം: മുന്നാക്ക വിഭാഗക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറ‍ഞ്ഞു. കേന്ദ്രസർക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണ്. ഭരണഘടനയ്‌ക്ക് പുറത്തുള്ള ഒരു സംവരണവും അനുവദിക്കില്ല. നരേന്ദ്ര മോദി ബുദ്ധിപരമായ നീക്കം നടത്തിയപ്പോൾ മുസ്ലീം ലീഗല്ലാതെ ഒരു പാർട്ടിയുടെയും നാവ് പൊങ്ങിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമുദായിക സംവരണമാണ് പരമ്പരാഗതമായി എസ്.എൻ.ഡി.പി യോഗം വിശ്വസിക്കുന്നതും അംഗീകരിക്കുന്നതും. സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിനോട് എസ്.എൻ.ഡി.പി യോഗത്തിന് ഒരു യോജിപ്പുമില്ല. ഏകപക്ഷീയമായി സംവരണം നൽകാൻ തീരുമാനിച്ചത് അങ്ങേയറ്റം വഞ്ചനാകരമാണ്​ ഭരണഘടനവിരുദ്ധമാണ്. അബേദ്കർ എഴുതിവച്ച ഭരണഘടനയുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ടുള്ള ഭേദഗതിയല്ലാതെ മറ്റൊരു ഭേദഗതിയും നടപ്പിലാക്കാൻ പാർലമെന്റിന് അധികാരമില്ല. ഇതിനെതിരെ തീർച്ചയായും സുപ്രീം കോടതിയെ സമീപിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

അതേസമയം,​ സാമ്പത്തിക സംവരണം നടപ്പാക്കിയതിന് കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് എൻ.എസ്.എസ്. സാമ്പത്തിക സംവരണം നടപ്പാക്കിയതിലൂടെ എല്ലാ വിഭാഗങ്ങൾക്കും സാമൂഹിക നീതി നടപ്പാക്കാൻ വേണ്ടിയുള്ള നീതി ബോധവും ഇച്ഛാശക്തിയുമാണ് നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസർക്കാർ തെളിയിച്ചിരിക്കുന്നതെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കത്തിൽ പറയുന്നു.

സമുദായത്തിന്റെ ദീർഘകാലത്തെ ആവശ്യം അംഗീകരിച്ചതിന് നന്ദി അറിയിക്കുന്നുവെന്ന് മോദിക്ക് അയച്ച കത്തിൽ പറയുന്നു. 'നിലവിലുള്ള സംവരണ വ്യവസ്ഥകൾക്ക് യാതൊരു മാറ്റവും വരുത്താതെ തന്നെ പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ട മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളിൽ 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തികൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ചരിത്രപരവും അഭിനന്ദനാർഹവുമാണ്'- സുകുമാരൻ നായർ കത്തിൽ വ്യക്തമാക്കുന്നു.