മുംബയ്: ബോളിവുഡ് സംവിധായകൻ രാജ്‌കുമാർ ഹിറാനിക്കെതിരെ ഇന്നലെ ലൈംഗികാരോപണവുമായി ഒരു യുവതി രംഗത്തെത്തി. രാജ്കുമാർ ഹിറാനി തന്നെ ലൈംഗികാതിക്രമത്തിന് വിധേയയാക്കി എന്ന് ഇന്നലെയാണ് പരാതിക്കാരി തുറന്നുപറഞ്ഞത്. സഞ്ജയ് ദത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി രാജ്കുമാർ സംവിധാനം ചെയ്ത 'സഞ്ജു" എന്ന ബോളിവുഡ് ചിത്രത്തിന്റെ പിന്നണി പ്രവർത്തകയാണ് കഴിഞ്ഞ വർഷം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞത്. കഴിഞ്ഞ മാർച്ച് മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിൽ ചിത്രത്തിന്റെ പോസ്റ്ര് പ്രൊഡക്‌ഷൻ ജോലികൾ പുരോഗമിക്കവെയാണ് സംവിധായകൻ തന്നോട് അപമര്യാദയായി പെരുമാറിയതെന്ന് ഇവർ പറഞ്ഞു. ഇക്കഴിഞ്ഞ നവംബറിൽ 'സഞ്ജു"വിന്റെ സഹ നിർമ്മാതാവ് വിധു വിനോദ് ചോപ്രയ്ക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് ഇവർ ഇക്കാര്യം വിശദമാക്കിയത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകാനായി ഹിറാനി നേരത്തേ തന്റെ അഭിഭാഷകൻ ആനന്ദ് ദേശായിയെ ചുമതലപ്പെടുത്തിയിരുന്നു. ഒരുമാസം മുമ്പു തന്നെ സംഭവം ബോളിവുഡിൽ പരസ്യമായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'എക് ലഡ്കി കോ ദേഖാ തോ ഏസാ ലഗാ" എന്ന ചിത്രത്തിന്റെ പോസ്റ്ററിൽ നിന്ന് നിർമ്മാതാക്കളിലൊരാളായ ഹിറാനിയുടെ പേര് ഒഴിവാക്കുകയും ചെയ്തിരുന്നു.