aarppo-

കൊച്ചി: ആർത്തവ അയിത്തത്തിനെതിരെ സംഘടിപ്പിച്ച 'ആർപ്പോ ആർത്തവം' പരിപാടിക്ക് പിന്തുണയുമായി ബിന്ദുവും കനകദുർഗയും വേദിയിലെത്തി. ശബരിമല ദർശനത്തിന് ശേഷം പൊലീസ് സുരക്ഷയിലായിരുന്ന ഇവർ എറണാകുളം മറൈൻ ഡ്രൈവിലെ ഹെലിപാട് മൈതാനത്ത് നടന്ന പരിപാടിയിലാണ് പങ്കെടുത്തത്.

ആർപ്പോ ആർത്തവം പരിപാടിയിൽ വരണമെന്ന് നേരത്തെ കരുതിയതാണ്. സ്വന്തമായി തീരുമാന പ്രകാരമാണ് പരിപാടിയിൽ പങ്കെടുക്കാൻ വന്നത്. അതുകൊണ്ടുതന്നെ പ്രതിഷേധങ്ങളെ ഭയക്കുന്നില്ല. ഞങ്ങൾ തെറ്റുകൾ ചെയ്തവരെല്ലെന്നും അവർ കൂട്ടിച്ചേർത്തു. ആർത്തവ തൊട്ടുകൂടായ്മക്കെതിരെയുള്ള പ്രതിഷേധമായി ഇന്നലെയാണ് പരിപാടി ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി സാമൂഹ്യ സാംസ്കാരിക പ്രവർത്തകരാണ് പരിപാടിയിൽ പങ്കുചേർന്നത്.

മുഖ്യമന്ത്രിയെയാണ് പൊതുസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് പരിപാടിയിൽ എത്താൻ സാധിക്കില്ലെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. കൊച്ചിയിൽ മുഖ്യമന്ത്രി രണ്ട് പരിപാടികളിൽ പങ്കെടുത്തിരുന്നെങ്കിലും ആർപ്പോ ആർത്തവം വേദിയിൽ എത്തിയിരുന്നില്ല. പരിപാടിയിൽ ശബരിമല വിധി,​ നവേത്ഥാനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ന് ചർച്ചകൾ ന‌ടന്നു. പൊതുസമ്മേളനത്തിൽ സി.പി.ഐ ദേശീയ നേതാവ് ആനി രാജ, കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, ആദിവാസി ഗോത്ര മഹാസഭ നേതാവ് സി.കെ ജാനു തുടങ്ങിയവർ പങ്കെടുത്തു.