pic

ഏത് വാഹനം വാങ്ങിയാലും സുരക്ഷയ്ക്ക് പ്രാധാന്യം വേണമെന്ന പൊതുബോധം ഇപ്പോൾ ഏവർക്കുമുണ്ട്. ഒരു ബൈക്ക് വാങ്ങുമ്പോൾ, പ്രത്യേകിച്ച് ഒരുലക്ഷം രൂപയ്‌ക്കുമേൽ വില വരുന്ന ഒന്നാണ് അതെങ്കിൽ ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനത്തിന്റെ (എ.ബി.എസ്) സാന്നിദ്ധ്യമില്ലെങ്കിൽ ഉപഭോക്താവിനെ തൃപ്‌തിപ്പെടുത്താനാവില്ല. ഈ വർഷം ഏപ്രിൽ മുതൽ വില്‌ക്കുന്ന 125 സി.സി മുതൽ എൻജിൻ ശേഷിയുള്ള ടൂവീലറുകളിൽ എ.ബി.എസ് നിർബന്ധമായും വേണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുമുണ്ട്.

ഈ മാറ്റത്തിലേക്ക് ചുവടുവയ്‌ക്കുന്നതിന്റെ ഭാഗമായി റോയൽ എൻഫീൽഡും വിവിധ മോഡലുകൾക്ക് എ.ബി.എസ് പരിവേഷം പകർന്ന് തുടങ്ങിയിട്ടുണ്ട്. ക്ലാസിക് 350 റെഡിച്ച് എഡിഷന്റെ എ.ബി.എസ് പതിപ്പ് കമ്പനി കഴിഞ്ഞമാസം പുറത്തിറിക്കയിരുന്നു. ബുള്ളറ്ര് 500ന്റെ എ.ബി.എസ് വേർഷനും കഴിഞ്ഞദിവസം റോയൽ എൻഫീൽഡ് വിപണിയിലെത്തിച്ചു. ബുള്ളറ്ര് 350യുടെ എ.ബി.എസ് പതിപ്പും ഏതാനും മാസത്തിനകം വില്‌പനയ്‌ക്കെത്തും. ബുള്ളറ്റ് 350, ബുള്ളറ്റ് 500 എന്നിവയ്ക്ക് പിൻ ടയറിലും ഡിസ്‌ക് ബ്രേക്ക് കമ്പനി കഴിഞ്ഞമാസം നൽകിയിരുന്നു.

ഡ്യുവൽ ചാനൽ എ.ബി.എസ് മാത്രമാണ് അധിക ഫീച്ചറായി ബുള്ളറ്റ് 500ന് റോയൽ എൻഫീൽഡ് നൽകിയിരിക്കുന്നത്. നിലവിൽ മറ്ര് മാറ്റങ്ങളില്ല. ക്ളാസിക് ടച്ചുള്ള വൃത്താകൃതിയുള്ള ഹെഡ്‌ലാമ്പ്, ടൈഗർ-ഐ ലാമ്പുകൾ, എൻഫീൽഡിന്റെ തനത് സിംഗിൾ-പീസ് സീറ്ര്, ഇന്ധനടാങ്കിലെ പിൻസ്‌ട്രൈപ് എന്നിവ ഭംഗിയോടെ, നിലനിറുത്തിയിരിക്കുന്നു. തനക് ക്ളാസിക് സ്‌പോക്ക് വീലുകളും ബൈക്കിനെ ആകർഷകമാക്കുന്നു. മുന്നിൽ 19 ഇഞ്ചും പിന്നിൽ 18 ഇഞ്ചുമാണ് വീലുകൾ. ഇരു ചക്രങ്ങളിലും ഡ്യുവൽ ചാന എ.ബി.എസിന്റെ പിന്തുണയോടെ ഡിസ്‌ക് ബ്രേക്കുകളും പ്രവർത്തിക്കുന്നു.

യാത്ര സുഖകരമാക്കാൻ മുന്നിൽ ടെലസ്‌കോപ്പിക് ഫോർക്ക്, പിന്നിൽ ഇരട്ട ഷോക്ക് അബ്‌സോർബറുകളും ഇടംപിടിച്ചിരിക്കുന്നു. ഫ്യുവൽ ഇൻജക്‌ഷനോടെയുള്ള, എയർകൂളായ 499 സി.സി സിംഗിൾ സിലിണ്ടർ എൻജിനാണുള്ളത്. 27 ബി.എച്ച്.പിയാണ് കരുത്ത്. ടോർക്ക് 41 എൻ.എം. ഗിയറുകൾ ഇഞ്ച്. ബൈക്കിന് ഡൽഹി എക്‌സ്‌ഷോറൂം വില 1.86 ലക്ഷം രൂപ.